ADVERTISEMENT

തൃശൂർ∙  ബജറ്റ് കടലാസിൽ പോലും വലിയ പദ്ധതികളോ , ഭാവനാ സമ്പന്നമായ പുതിയ പദ്ധതികളോയില്ല. ജില്ലയുടെ അടിസ്ഥാന വികസനത്തിനായോ നഗര വികസനത്തിനായോ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമില്ല. ടൂറിസം,പൊതുമരാമത്ത്, കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലൊന്നും വലിയ പദ്ധതികളില്ല.

സാംസ്കാരിക തലസ്ഥാനമെന്ന നിലയിലും പ്രത്യേക പദ്ധതികളില്ല. പല എംഎൽഎമാരും വലിയ പദ്ധതിയായി പറയുന്ന പദ്ധതികൾക്കു ടോക്കണായി വളരെ തുച്ഛമായ തുകയാണു വകയിരുത്തിയിരിക്കുന്നത്. വകയിരുത്തിയതും പദ്ധതിക്കു ഈ വർഷം യഥാർഥത്തിൽ കിട്ടുന്നതുമായ തുക തുറന്നുപറയാൻ എംഎ‍ൽഎമാർ തയാറായാൽ ജില്ലയുടെ വികസന ചിത്രം വ്യക്തമാകും.

ഗതാഗതത്തിൽ വൻ തിരിച്ചടി

രണ്ടു ദേശീയ പാതകൾ ജില്ലയുടെ രണ്ട് അതിർത്തികളിലൂടെ കടന്നുപോകുകയാണ്.പാലക്കാട് – കൊച്ചി നാലുവരി പാത വന്നു കഴിഞ്ഞു.അതിന്റെ കുറച്ചുഭാഗം ആറു വരിയാകാ‍ൻ പോകുന്നു. കോഴിക്കോട്– കൊച്ചി ആറുവരി തീരദേശ പാതയുടെ നിർമാണം നടന്നുവരികയാണ്. ഇതു രണ്ടും കേന്ദ്ര സർക്കാർ പദ്ധതികളാണ്. ഇവയെ ബന്ധിപ്പിക്കാനായി പരമാവധി 30 കിലോമീറ്റർ ദൂരത്തിലൊരു പാതയുണ്ടെങ്കിലെ തൃശൂർ നഗരത്തിനും പരിസരത്തെ ചെറു നഗരങ്ങൾക്കും എന്തെങ്കിലും പ്രയോജനം കിട്ടൂ.അതിനുള്ള പദ്ധതിയേ ഇല്ല.

ചുരുക്കത്തിൽ ഈ രണ്ടു പാതകളും ജില്ലയിലെ വാണിജ്യരംഗത്തു വലിയ ഒഴിച്ചു പോക്കിനാണു വഴിയൊരുക്കുക. ഷോപ്പിങ് വൻ തോതി‍ൽ കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും പോയേക്കാം.ജില്ലയിലെ ചെറു നഗരങ്ങളെല്ലാം ഈ വഴിക്കു ചിന്തിച്ചേക്കും. എന്നാൽ ഈ പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നാലുവരി പാതയെങ്കിലും വന്നാൽ അതു വലിയ വികസനത്തിനു വഴിയൊരുക്കും. കുറ്റിപ്പുറം –തൃശൂർ റോഡ് പുതുക്കുന്നു എന്നല്ലാതെ കൂടുതൽ സ്ഥലമെടുക്കുകയോ വികസിപ്പിക്കുകയോ വീതി കൂട്ടുകയോ ചെയ്യുന്നില്ല. പൂങ്കുന്നം, പുഴയ്ക്കൽ ഭാഗത്ത് ഈ റോഡിനു 12 മീറ്ററാണു വീതി.

ബൈപാസുകൾ കാണാനില്ല.

നഗരത്തിലെ തിരക്കു കുറയ്ക്കാനായി ബൈപാസിന് ഇത്തവണയും പരിഗണന നൽകിയില്ല.അമല– മണ്ണുത്തി ബൈപാസ് പ്രഖ്യാപിച്ചിട്ടു 15 വർഷത്തിലേറെയായി. നാലു സർവേകളും കഴിഞ്ഞു.ഇത്തവണ ഇതു പരിഗണിച്ചിട്ടേയില്ല. തൃശൂർ, വടക്കാഞ്ചേരി,കുന്നംകുളം മണ്ഡലങ്ങൾക്കാണ് ഈ റോഡിന്റെ ഉത്തരവാദിത്തം. മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകൾക്കും ഈ ബൈപാസ് ഉപയോഗപ്പെടുമായിരുന്നു.

മേൽപാലങ്ങളും ഇല്ല

പ്രധാന റോഡുകളിലൊന്നും വലിയ മേൽപാലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. തൃശൂർ നഗരത്തിൽ കിഴക്കക്കോട്ടയിലും പടിഞ്ഞാറെ കോട്ടയിലും മേൽപാലം വരുമെന്ന പ്രഖ്യാപനവും ഇത്തവണ തഴയപ്പെട്ടു. തറക്കല്ലിട്ട പദ്ധതിയാണിത്. കൂർക്കഞ്ചേരി റോഡിൽനിന്നു കിഴക്കു ഭാഗത്തേക്കു റെയിൽവേ സ്റ്റേഷനു മുകളിലൂടെ വരുമെന്നു പറഞ്ഞിരുന്ന മേൽപാലത്തിന്റെ കാര്യവും മുൻനിര പരിഗണനയിലില്ല.തെക്കൻ മേഖലയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണിത്. കുന്നംകുളം പോലുള്ള തിരക്കേറിയ നഗരത്തിനും ബൈപാസ് പ്രഖ്യാപിച്ചിട്ടില്ല.

കുന്നംകുളം നഗരം കടന്നു പോകുന്ന കാര്യം ആലോചിക്കാൻപോലും പറ്റാത്ത അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. കുന്നംകുളം ബൈപാസ് വന്നിരുന്നുവെങ്കിൽ നഗരത്തിന്റെ വികസനത്തിന് അത് വഴിയൊരുക്കുമായിരുന്നു. അമല– മണ്ണുത്തി ബൈപാസും കടലാസിൽ ഒതുങ്ങുന്നു. പടിഞ്ഞാറും കിഴക്കുമുള്ള ദേശീയ പാതകളെ ബന്ധിപ്പിക്കാനായുള്ള പുതിയ റോഡും ഇത്തവണ പരിഗണിച്ചിട്ടില്ല. രണ്ടു ദേശീയ പാതകൾ നഗരത്തിനു കാര്യമായ ഗുണം ചെയ്യാത്ത അവസ്ഥ തുടരും.വാടാനപ്പള്ളി– തൃശൂർ റോഡിനും പ്രത്യേക സഹായം പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com