ADVERTISEMENT

തൃശൂർ ∙ ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാൻ തായ്‌വൻ ഒപ്പറ ‘ഹീറോ ബ്യൂട്ടി’ ഇന്നും അരങ്ങിലെത്തും. ഇന്നലെ പവിലിയൻ തിയറ്ററിൽ നടന്ന അവതരണം ഇന്ന് ആവർത്തിക്കുകയാണ്. ഇന്നലെ തായ്‌വാൻ വിരുന്ന്  നഷ്ടപ്പെട്ടവർക്ക് ഇന്ന് രാത്രി 8.45ന് പവിലിയൻ തിയറ്ററിലെത്താം.

വേഷപ്രച്ഛന്നനായ ചക്രവർത്തി ചായക്കടക്കാരിയുടെ ആയോധന കലാമത്സരത്തിൽ പങ്കെടുക്കുന്നതും അവരുടെ പ്രണയം നേടുന്നതുമൊക്കെയാണ് ‘ഹീറോ ബ്യൂട്ടി’യുടെ പ്രമേയം. 2 ഭാഗങ്ങളായാണ് ഇത് അവതരിപ്പിക്കുക. ഇതിനിടെ ഒരു സോദോഹരണ വിവരണവും ഉണ്ടാകും. എല്ലാം ചേർത്ത് 1.15 മണിക്കൂർ ആണ് ദൈർഘ്യം.

Also read: പതിനാറുകാരന് പീഡനം; ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിനതടവ്

നർമരസം നിറഞ്ഞ സംഭാഷണങ്ങളും ഹൃദയസ്പർശിയായ രംഗങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഇന്നലത്തെ  തായ്‌വാൻ താരങ്ങൾ മലയാളത്തിൽ ചില സംഭാഷണങ്ങൾ അവതരിപ്പിച്ചത് കൗതുകമായി. 150 പേരുമായി തായ്‌വാനിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച ‘ഹീറോ ബ്യൂട്ടി’ ഇവിടെ 40 പേരടങ്ങുന്ന സംഘമാണ് അവതരിപ്പിക്കുന്നത്.

മിംഗ് ഹ്വാ യൂൻ ആർട്സ് ആൻഡ് കൾചറൽ ഗ്രൂപ്പ് ആണ് ‘ഹീറോ ബ്യൂട്ടി’ അവതരിപ്പിക്കുന്നത്. ദേശീയത വേട്ടയ്ക്കിറങ്ങുന്നതിന്റെ അപകടം പറഞ്ഞ പട്ന രാഗയുടെ ‘ഫൗൾ പ്ലേ’ ഇന്നലെ അരങ്ങേറി. ആദ്യദിവസം അരങ്ങേറിയ ദക്ഷിണാഫ്രിക്കൻ നാടകം ‘സാംസൺ’, മലയാള നാടകം ‘നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ’ എന്നിവയുടെ തുടർ പ്രദർശനങ്ങളും ഇന്നലെ ഉണ്ടായി. 

നാടകത്തിന്റെ മൂല്യം ഉൾക്കൊള്ളാൻ പ്രവർത്തകർക്ക് കഴിയണം

നാടകത്തിന്റെ മൂല്യം ഉൾക്കൊണ്ട് അതിനു വിലയിടാൻ‌ ഇന്ത്യയിലെ നാടക പ്രവർത്തകർക്കു കഴിയണമെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാടക പ്രവർത്തകർ  പറഞ്ഞു. സദസ്സുമായുള്ള മുഖാമുഖത്തിലാണ് ‘സാംസൺ’ നാടകത്തിന്റെ അണിയറ പ്രവർത്തകർ കലാപ്രവർത്തനത്തിന്റെ മൂല്യം ആദ്യം കലാപ്രവർത്തകർ തന്നെ തിരിച്ചറിയണമെന്ന് നിർദേശിച്ചത്.

ഇന്ത്യയിൽ നാടക പ്രവർത്തകരെല്ലാം മറ്റു ജോലികൾ‌ ചെയ്താണ് ഉപജീവനം നടത്തുന്നതെന്നും നാടകം മാത്രമായി കൊണ്ടുനടക്കുക പ്രായോഗികമല്ലെന്നും മോഡറേറ്റർ ദീപൻ ശിവരാമൻ പറഞ്ഞതിനു പിന്നാലെയാണ് വിദേശ നാടക പ്രവർത്തകർ പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നാടകത്തിനുള്ള ആകെ ചെലവിന്റെ പത്തിലൊന്നു തുക മാത്രമേ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് അംഗീകരിക്കപ്പെടുന്നുള്ളൂ വെന്നും പരിമിതികളിൽ നിന്നുകൊണ്ടാണ് അവിടെയും പ്രവർത്തനമെന്നും സംവിധായകൻ ബ്രെറ്റ് ബെയ്‌ലി പറഞ്ഞു. 

സമാധാനത്തിന്റെ സംഗീതമായി സുസ്മിത് ബോസ്

മഹാദുരന്തങ്ങൾക്കു ശേഷവും പുതിയ വസന്തമെത്തും.... മനുഷ്യാവകാശവും സമാധാനവുമുള്ള ലോകമാണ് നമുക്കു വേണ്ടത് ... ഇറ്റ്ഫോക്കിന്റെ രണ്ടാം ദിനത്തിൽ റീജനൽ തിയറ്ററിന്റെ മുറ്റത്ത്‌ അലയടിച്ച സുസ്മിത് ബോസിന്റെ ശബ്ദം ഇന്ത്യൻ സംഗീതത്തിന്റെ മനുഷ്യാവകാശ മുഖമായി. കോർപ്പറേറ്റുകളെയും ഫാഷിസ്റ്റ് ശക്തികളെയും നമ്മുടെ മാനസികാവസ്ഥയിൽ നിന്ന് എന്ന് മാറ്റാനാവുമോ അന്ന് മാത്രമേ നാം ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യമുണ്ടാകൂ...

അദ്ദേഹം ഗാനങ്ങളിലൂടെ പറയുന്നു. സുജാതൻ ആർട്ട്‌ ഗാലറിയിലെ ഓപ്പൺ തിയറ്ററിൽ നിറഞ്ഞ സംഗീതപ്രേമികൾക്ക് മുന്നിൽ സംഗീതത്തിന്റെ പുതിയ വഴികളിലൂടെ സുസ്മിത് ബോസ് സൗമ്യനായി യാത്ര ചെയ്തു. 1970കൾ മുതൽ ഇന്ത്യയിലും വിദേശത്തും  മ്യൂസിക് ഷോ അവതരിപ്പിക്കുന്ന സുസ്മിത് സാമൂഹിക-സാംസ്‌കാരിക വശങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികളുടെയും സിനിമകളുടെയും ഭാഗമായിട്ടുണ്ട്. 

നാടകങ്ങളെ പരിചയപ്പെടാം

ആർക്ടിക്ക്

പ്രകൃതിയെ ചൂഷണം ചെയ്ത് ഉന്നതിയിലേക്ക് കുതിക്കുന്ന ഓരോ മനുഷ്യന്റെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പാപചിന്തകളെ അനാവരണം ചെയ്യുന്ന ആർക്ടിക് ആണ് ഇന്നത്തെ മലയാള നാടകം. പാപം ചെയ്യുന്ന ആളുടെ പാപത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവർ തന്നെ പാപിയുടെ കുമ്പസാരത്തിനു തടസ്സം നിൽക്കുന്നതെങ്ങനെയെന്നും ഈ നാടകം വിവരിക്കുന്നു. ഇടം ശാസ്താംകോട്ട അവതരിപ്പിക്കുന്ന നാടകത്തിന്റെ സംവിധായകൻ കെ.ആർ.രമേഷ് ആണ്. 

മായാ ബസാർ

മഹാഭാരതത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര ഭാവനയിൽ രചിച്ച നാടകമാണ് മായാ ബസാർ. 1952ൽ ഒട്ടേറെ പാട്ടുകളോടെ രചിച്ച ദൈർഘ്യമേറിയ നാടകം 2 മണിക്കൂറിലേക്ക് ചുരുക്കിയാണ് ഇവിടെ അവതരിപ്പിക്കുക. തെലങ്കാനയിലെ വെങ്കിടേശ്വര സുരഭി തിയറ്റർ അവതരിപ്പിക്കുന്ന നാടകം ജയചന്ദ്ര വർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ബ്ലാക്ക് ഹോൾ 

പ്രപഞ്ചത്തോടുള്ള അതീന്ദ്രിയമായി ബന്ധപ്പെടാനുള്ള ഒരു സ്ത്രീയുടെ ശ്രമങ്ങളും പ്രപഞ്ചത്തിന്റെ നിഗൂഢതകളും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന നാടകം. അനിതര സാധാരണമായ ഗുരുത്വാകർഷണം കൊണ്ട് വെളിച്ചത്തെ പോലും പുറത്തേക്കു വിടാത്ത തമോഗർത്തങ്ങളുടെ കഥയും ഊർജതന്ത്രത്തിന്റെ സിദ്ധാന്തങ്ങളും എല്ലാം ഉൾച്ചേർത്തതാണ് നാടകം. മഹാരാഷ്ട്രയിൽ നിന്നുള്ള നാടകത്തിന്റെ സംവിധായിക ജ്യോതി ദ്രോംഗെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com