ADVERTISEMENT

പ്രധാനമന്ത്രി ഗരീബ് കല്യാണ അന്നയോജന പദ്ധതിപ്രകാരം അനുവദിച്ച അരി വിതരണം ചെയ്യാൻ നടപട‍ിയില്ല; അരിച്ചാക്കുകളുടെ അടിഭാഗം ദ്രവിച്ചു തുടങ്ങി

തൃശൂർ ∙ ജില്ലയിലെ ആയിരത്തിഒരുന്നൂറിലേറെ റേഷൻകടകളിലായി 10,000 ക്വിന്റലിലേറെ റേഷനരി കെട്ടിക്കിടന്നു ദ്രവിക്കുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ അന്നയോജന പദ്ധതിവഴി അനുവദിച്ച അരിയാണു പദ്ധതി നിലച്ചതുമൂലം വിതരണം ചെയ്യാനാകാത്ത അവസ്ഥയിലായത്. ഓരോ കടയിലും 15 മുതൽ 25 ക്വിന്റൽ വരെ അരി ഇത്തരത്തിൽ കെട്ടിക്കിടപ്പുണ്ട്. ചാക്കുകളുടെ അടിഭാഗം ദ്രവിക്കാൻ തുടങ്ങിയെന്നും അരി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ അധികൃതരെ അറിയിച്ചെങ്കിലും നടപടിയായിട്ടില്ല.

കോവിഡ് കാലത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്ക് പിഎംജികെവൈ പദ്ധതി വഴി 5 കിലോ വീതം അരി സൗജന്യമായി നൽകിയിരുന്നു. ഡിസംബർ 31നു പദ്ധതി നിർത്തി. ഓരോ റേഷൻ കടയിലും ക്വിന്റൽ കണക്കിനു റേഷനരി മിച്ചംവന്നതോടെ അരി വാങ്ങാൻ 10 ദിവസം കൂടി നീട്ടിനൽകി. എന്നാൽ, സ്റ്റോക്കിലേറെയും പച്ചരിയാണെന്ന തിനാൽ വാങ്ങാൻ കാർഡുടമകളെത്തിയില്ല.

Also read: വീട്ടുവരാന്തയിൽ നിൽക്കുമ്പോൾ മുറ്റത്ത് കടുവയെത്തി; ഭയന്നു വിറച്ചു ഒൻപതാം ക്ലാസുകാരി

പുഴുക്കലരിയോടുള്ള പ്രിയം പച്ചരിയോടില്ല എന്നതായിരുന്നു കാരണം. ഇതോടെ അരി റേഷൻകടകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയായി. മറ്റേതെങ്കിലും സ്കീമിലേക്കു മാറ്റി അരി വിതരണം ചെയ്യണമെന്നു വ്യാപാരികൾ ഭക്ഷ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 2 മാസത്തിലേറെയായി അരി കെട്ടിക്കിടക്കുന്നതുമൂലം റേഷൻകടകളിൽ ധാന്യങ്ങൾ കുമിഞ്ഞുകൂടുന്ന അവസ്ഥയുമുണ്ട്.

അരിച്ചാക്കുകളുടെ അടിഭാഗം ദ്രവിച്ചു തുടങ്ങിയതിനാൽ അരി കേടായാൽ നഷ്ടം വ്യാപാരികൾ സഹിക്കേണ്ടിവരും. കേടാകുന്ന ധാന്യത്തിന് പൊതുവിപണിയിലുള്ള വില വ്യാപാരികൾ സർക്കാരിനു നൽകേണ്ടിവരും. മഞ്ഞ, പിങ്ക് കാർഡുകാർക്കു സാധാരണ റേഷൻ വിഹിതം സൗജന്യമായി നൽകാൻ പുതിയ പദ്ധതി വന്നെങ്കിലും കെട്ടിക്കിടക്കുന്ന അരി ഈ ഇനത്തിലേക്കു വകമാറ്റാൻ അനുമതി ലഭിക്കാതിരുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

കെട്ടിക്കിടന്നു നശിച്ച് ആട്ടയും

ഒട്ടേറെ റേഷൻ കടകളിൽ ആട്ട പുഴുവരിച്ചു നശിക്കുന്ന സാഹചര്യമുണ്ടെങ്കിലും നടപടി സ്വീകരിക്കാതെ ഭക്ഷ്യവകുപ്പ്. ആവശ്യക്കാർ കുറവാണെന്നതു കണക്കിലെടുത്ത് സ്റ്റോക്ക് എത്തിക്കുന്നതു കുറയ്ക്കണമെന്നു വ്യാപക ആവശ്യമുയർന്നെങ്കിലും അധികൃതർ കണക്കിലെടുത്തില്ല. ആട്ടയ്ക്കു പകരം ഗോതമ്പ് എത്തിച്ചാൽ വിൽപന കൂടുമെങ്കിലും ഇതിനും നടപടിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com