ചാലക്കുടി ∙ ആൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകിയിരുന്ന ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ പെൺകുട്ടികളെയും പെൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകിയിരുന്ന ഗവ. ഈസ്റ്റ് ഗേൾസ് ഹൈസ്കൂളിൽ ആൺകുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങിയതു കഴിഞ്ഞ ജൂണിൽ. എന്നാൽ 8 മാസം പിന്നിടുമ്പോഴും സ്കൂളുകളുടെ പേരിൽ ബോയ്സും ഗേൾസും ഒഴിഞ്ഞു പോയിട്ടില്ല.
Also read: മകൻ മുന്നറിയിപ്പ് നൽകും മുൻപേ കേബിൾ കുരുങ്ങി അമ്മയുടെ മരണം; അനാസ്ഥയുടെ കുരുക്ക്
നഗരസഭ പ്രമേയം പാസാക്കി സർക്കാർ അനുമതി വാങ്ങിയാണ് രണ്ടു സ്കൂളുകളെയും ‘മിക്സഡ്’ ആക്കിയത്. ഗവ. ബോയ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ മേയ് മാസം തന്നെ സർക്കാർ അനുമതി നൽകിയിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമാന യൂണിഫോം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. ജൂൺ ഒന്നിനു തന്നെ ബോയ്സ് സ്കൂളിൽ പെൺകുട്ടിക്കു പ്രവേശനം നൽകുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കകം ഗേൾസ് സ്കൂളിൽ ആൺകുട്ടിയെയും പ്രവേശിപ്പിച്ചു.
തുടർന്ന് സ്കൂളുകളുടെ പേരിൽ നിന്നു ഗേൾസ്, ബോയ്സ് എന്നിവ നീക്കാനുള്ള അനുമതിക്കായി സ്കൂൾ അധികൃതർ ഡിഇഒ വഴി അപേക്ഷ സമർപ്പിച്ചു. എന്നാൽ നടപടികൾ ഇപ്പോഴും ചുവപ്പുനാടയിലാണ്. നിലവിൽ പെൺകുട്ടികൾക്കു ‘ബോയ്സ്’ സ്കൂളിലും ആൺകുട്ടികൾക്ക് ‘ഗേൾസ്’ സ്കൂളിലും പഠിക്കേണ്ട സ്ഥിതിയാണുള്ളത്.