ADVERTISEMENT

എരുമപ്പെട്ടി∙ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം  തയ്യൂർ ആലുക്കൽ ചിറ പാലത്തിന്റെ പുനർ നിർമാണത്തിന് നടപടിയായി. വർഷങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന ആലുക്കൽ പാലത്തിന്റെ പുനർനിർമാണത്തിന് 7 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. എരുമപ്പെട്ടി - വേലൂർ പഞ്ചായത്തുകളെയും സമാന്തരമായി കടന്നു പോകുന്ന 2സംസ്ഥാന പാതകളെയും ബന്ധിപ്പിക്കുന്നതുമാണ് ഇൗ പാലത്തിലൂടെയുള്ള റോഡ്. 

    കാലപ്പഴക്കാത്താലും നിർമാണത്തിലെ തകരാറുകൾ മൂലവും ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുനർനിർമാണം നടത്തുന്നത്. 

1989ൽ വടക്കാഞ്ചേരി ബ്ലോക്കാണ് എൻആർ‍ഇപി പദ്ധതി പ്രകാരം പാലം നിർമിച്ചത്. കാലപ്പഴക്കം കൊണ്ട് പാലത്തിന്റെ കോൺക്രീറ്റ് കാലുകളുടെ അടിഭാഗവും വശങ്ങളും കൈവരികളും തകർന്ന് ശോച്യാവസ്ഥയിലായിരിക്കുകയാണ്. 

  പാലത്തിനോടു ചേർന്നു നിർമിച്ചിരുന്ന ചീർപ്പിന്റെ പലകകൾ നശിച്ചതും ചീർപ്പുകൾ ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് ഭിത്തികൾ തകർന്നതും കൃഷിയാവശ്യത്തിന് വേനൽക്കാലത്ത് പുഴയിൽ വെള്ളം തടഞ്ഞുനിർത്താനും കഴിയാത്ത സ്ഥിതിയാണ്.

 

 സംസ്ഥാന സർക്കാർ 8കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിൽ രണ്ടു വർഷം മുൻപ് നിർമിച്ച എരുമപ്പെട്ടി - വേലൂർ റോഡ് പാലത്തിലൂടെയാണ് കടന്നു പോകുന്നത്. 

   ഗതഗതം സുഗമമയാതോടെ തൃശൂരിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കേച്ചേരിയിലേക്കും മറ്റുമായി ആംബുലൻസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് രാപകലില്ലാതെ പാലത്തിലൂടെ കടന്നു പോകുന്നത്. 

പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഭാരം കയറ്റിയുളള വാഹനങ്ങളുടെ ഗതാഗതം വേലൂർ പഞ്ചായത്ത് ഒരു വര്‍ഷം മുന്‍പ് നിരോധിച്ചിരുന്നു. എന്നാൽ ഇതവഗണിച്ചും ഇപ്പോഴും പാലത്തിലൂടെ നിർബാധം അമിതഭാരവുമായി ടോറസ് ലോറികളടക്കം കടന്നു പോകുന്നു. 

 പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും ചീർപ്പുകൾ പുനഃസ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെയും വേലൂർ പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തര ആവശ്യത്തെതുടർന്ന് സ്ഥലം എംഎൽഎ എ.സി. മൊയ്തീന്റെ ശ്രമഫലമായി പാലം പുനർനിർമാണത്തിന് ബജറ്റിൽ തുക വകയിരുത്തുകയായിരുന്നു. പാലം പുനർനിർമാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധന അടുത്തകാലത്ത് നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com