ആസാദിസാറ്റ് ഭ്രമണപഥത്തിലേക്ക്; സ്വപ്നതുല്യം ഇവരുടെ നേട്ടം
Mail This Article
കൊടുങ്ങല്ലൂർ ∙ ഐഎസ്ആർഒയുടെ ‘ആസാദിസാറ്റ്’ 2023 നാളെ ഭ്രമണപഥത്തിൽ എത്തുമ്പോൾ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ എച്ച്എസ്എസിലെ വിദ്യാർഥിനികൾക്ക് അസുലഭ മുഹൂർത്തം. ഉപഗ്രഹ ഭാഗങ്ങൾ വികസിപ്പിക്കുന്നതിലും
കോഡിങ്ങിലും സ്കൂളിലെ 10 വിദ്യാർഥിനികൾ പങ്കാളികളായിരുന്നു. സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്ന ഐഎസ്ആർഒ പദ്ധതിയിൽ ഇവർക്ക് അവസരം ലഭിക്കുകയായിരുന്നു.
ശാസ്ത്രജ്ഞർക്ക് ഒപ്പം സ്കൂളിലെ വിദ്യാർഥിനികൾ കൂടി വികസിപ്പിച്ച 75 മിനിയേച്ചർ 8 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹ ഭാഗമാണ് ആസാദി സാറ്റ് വഹിക്കുക.ഉപഗ്രഹത്തിൽ നിന്നുള്ള ഡേറ്റ സ്വീകരിക്കുന്നതിനു 'സ്‌പേസ് കിഡ്‌സ് ഇന്ത്യ' വികസിപ്പിച്ച സംവിധാനം ഭൂമിയിൽ ഉപയോഗിക്കും.
ആസാദി സാറ്റിന് 75 ഫെംറ്റോ പരീക്ഷണങ്ങളും സ്വന്തം സോളർ പാനലുകളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യാനുള്ള സെൽഫി ക്യാമറകളും ദീർഘദൂര ആശയവിനിമയ ട്രാൻസ്‌പോണ്ടറുകളുമുണ്ട്.രാജ്യത്തെ 75 സ്കൂളുകളിൽ കേരളത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്നാണ് അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ.
ഉപഗ്രഹ വിക്ഷേപണം തത്സമയം വീക്ഷിക്കാൻ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് വിദ്യാർഥികൾ യാത്ര തിരിച്ചു. സ്കൂൾ മാനേജർ ഡോ. പി.എ. ഫസലുൽ ഹഖിന്റെ നേതൃത്വത്തിലാണ് അവസരം ഒരുക്കിയത്.