മുളങ്കുന്നത്തുകാവ് ∙ ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നിർദേശ പ്രകാരം മിന്നൽ നീക്കത്തിലൂടെ പൊളിച്ചു. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണു സൂപ്രണ്ടും ആർഎംഒയും എത്തി കെട്ടിടം പൊളിച്ചത്. സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പൊലീസ് കെട്ടിടം പൊളിക്കുന്നതു തടഞ്ഞെങ്കിലും ഏതാനും ഭാഗം മാത്രമേ പൊളിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ.
അകത്തുള്ള മേശ, കസേര, മറ്റു ഫർണിച്ചർ എന്നിവയ്ക്കു മുകളിലേക്കാണു കെട്ടിടം പൊളിച്ചിട്ടത്. ഗ്യാസ് സിലിണ്ടറുകളും അകത്തുണ്ടായിരുന്നു. ഇവ നീക്കം ചെയ്യാതെ പൊളിച്ചതു ഗുരുതര സുരക്ഷാ വീഴ്ചയാണ്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഇന്ത്യൻ ബോർഡ് വർക്കേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എസ്.എസ്.അനിൽകുമാർ പറഞ്ഞു.

ഭരണ സമിതി തിരഞ്ഞെടുപ്പിൽ തോറ്റതിനാൽ കോഫി ഹൗസ് പൊളിക്കണമെന്ന സിപിഎം നിർബന്ധത്തിന്റെ ഭാഗമാണിത്. അഞ്ചര മണിയോടെ അധികൃതരെത്തി കോഫി ഹൗസ് അവരുടെ താഴിട്ടു പൂട്ടി. ജീവനക്കാരെ നിർബന്ധമായി പുറത്തിറക്കി. തുടർന്നു പിന്നിലെ ഗേറ്റ് അടച്ച ശേഷം പരിസരത്തെ ലൈറ്റുകൾ എല്ലാം ഓഫാക്കിയാണു മണ്ണുമാന്തി കൊണ്ടുവന്നു കെട്ടിടം പൊളിച്ചതെന്നു കോഫി ഹൗസ് ജീവനക്കാർ പറഞ്ഞു.
ഏറെക്കാലമായി കെട്ടിടം ഒഴിപ്പിക്കാനായി സിപിഎം ശ്രമിക്കുകയാണ്. കോഫി ഹൗസ് ഭരണ സമിതി തിരഞ്ഞെടുപ്പിൽ സിപിഎം വൻ വ്യത്യാസത്തിനു തോറ്റതോടെയാണു പൊളിക്കാൻ നീക്കം തുടങ്ങിയത്. മെഡിക്കൽ കോളജ് അധികൃതരും ഇതിനു കൂട്ടുനിന്നു. ഇതോടെ 90 തൊഴിലാളികൾക്കു തൊഴിൽ ഇല്ലാതായി.
ഇവിടെ കെട്ടിടം നിർമിക്കാനായി കോഫി ഹൗസ് പൊളിക്കണമെന്നാണ് ആദ്യം മെഡിക്കൽ കോളജ് സൂപ്രണ്ട് ആവശ്യപ്പെട്ടത്. കോഫി ഹൗസ് ഹൈക്കോടതിയെ സമീപിച്ചതോടെ നടപടി സ്റ്റേ ചെയ്തു. മാത്രമല്ല ഇവിടെ കെട്ടിടം നിർമിക്കുന്നില്ലെന്ന വിവരവും മെഡിക്കൽ കോളജിനു കോടതിയെ അറിയിക്കേണ്ടി വന്നു. കെട്ടിടം എന്നു നിർമിച്ചാലും അതിൽ കോഫി ഹൗസിനു സ്ഥലം കൊടുക്കണമെന്നായിരുന്നു കോടതി ഉത്തരവ്. വീണ്ടും ഒഴിപ്പിക്കാൻ നീക്കം നടത്തിയപ്പോൾ കോഫി ഹൗസ് ഹൈക്കോടതിയിലെത്തി. ആ കേസ് പരിഗണനയിലാണ്.
സൂപ്രണ്ടിനെതിരെ കൊടുത്ത കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തള്ളി എന്ന കാരണം കാണിച്ചാണു കെട്ടിടം പൊളിച്ചത്. ഓഫിസ് രേഖകളും കെട്ടിടത്തിനകത്തായിരുന്നു. സിപിഎം ഭരിക്കുന്ന അവണൂർ ഗ്രാമപഞ്ചായത്തും കോഫി ഹൗസ് പൂട്ടിക്കാനായി നീക്കം നടത്തിയിരുന്നു.