ADVERTISEMENT

തൃശൂർ ∙ അശാസ്ത്രീയവും ആസൂത്രിതരാഹിത്യവും നിറഞ്ഞ കേന്ദ്രീകൃത മാലിന്യ സംസ്കരണം അഴിമതിയിലെ കലാശിക്കൂവെന്ന പാഠമാണ് ബ്രഹ്മപുരം നൽകുന്നതെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശിയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. വികേന്ദ്രീകൃത സംസ്കരണമാണ് ആവശ്യമെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.

കേന്ദ്രീകൃതമായ ശേഖരിക്കലും നീക്കം ചെയ്യലും അഴിമതിക്കുള്ള മാർഗം കൂടിയാണ്.അത്തരം സംസ്കരണം മനുഷ്യരാശിയെ എങ്ങനെ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ബ്രഹ്മപുരം. സമകാലിക സാഹചര്യത്തിൽ യഥാർഥ സ്വാതന്ത്ര്യപ്പോരാളിയായിരുന്നു കെ.പി. ശശിയെന്നും അദ്ദേഹം ഭരണകൂട അധികാരത്തെ ചോദ്യം ചെയ്യുകയും ജനങ്ങളുടെ അധികാരത്തെ ആഘോഷിക്കുകയും ചെയ്തുവെന്നും മേധ പട്കർ പറഞ്ഞു.

ജനകീയ സമരങ്ങൾ ഉണരേണ്ട കാലമാണിത്. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും ഒത്തുചേരലുകളാണ് അതിന് വേണ്ടത്– അവർ പറഞ്ഞു.കെ.പി.ശശി സ്മാരക ഗാലറിയുടെയും കാർട്ടൂൺ– പോസ്റ്റർ പ്രദർശനത്തിന്റെയും ഉദ്ഘാടനം റാഞ്ചിയിൽ നിന്നുള്ള ആക്ടിവിസ്റ്റ് മേഘനാദ് നിർവഹിച്ചു. അൻവർ അലി അധ്യക്ഷത വഹിച്ചു. ശരത് ചേലൂർ, സത്യ സാഗർ, പ്രഫുല്ല സാമന്തര, വിൽഫ്രഡ് ഡി. കോസ്റ്റ, സിന്ത്യ സ്റ്റീഫൻ, സുധീർ പട്നായിക്, ധീരേന്ദ്ര പാണ്ഡെ, റോയ് ഡേവിഡ്, എസ്.പി.ഉദയ്കുമാർ, സേവ്യർ കുജൂർ എന്നിവർ അനുസ്മരിച്ചു.

നർമദ നെയ്ത്തിന് കൈത്താങ്ങാകാൻ

തൃശൂർ ∙ നർമദയിൽ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആദിവാസി സ്ത്രീകൾക്ക് സഹായമേകാൻ മേധ പട്കർ കൊണ്ടുവന്ന കോട്ടൺ‌ സാരികൾ കേരളം നെഞ്ചേറ്റി. അവിടെ നെയ്തെടുക്കുന്ന സാരികളാണ് ഇന്നലെ കെ.പി. ശശി അനുസ്മരണ വേദിക്കു സമീപം ചുരുങ്ങിയ സമയം കൊണ്ട് മേധ പട്കറിന്റെ അഭ്യുദയകാംക്ഷികൾ വിറ്റു തീർത്തത്. കാലങ്ങളായി മേധ ഉടുക്കുന്നതും നർമദയിൽ നെയ്യുന്ന സാരികളാണ്. അവിടെ യന്ത്രവൽകൃത തറികൾ വന്നതിനാൽ കൈത്തറികളിൽ നെയ്യുന്നവർക്കു തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മേധ ഇവയുടെ വിൽപന ഏറ്റെടുത്തത്.

ഇപ്പോൾ തറി നിൽക്കുന്നയിടങ്ങളിൽ വെള്ളം കയറിയതിന്റെ പ്രതിസന്ധിയും ഉണ്ട്. കേരളത്തിലേക്കുള്ള എല്ലാ യാത്രയിലും മേധ ഈ സാരികൾ ആകാവുന്നത്ര കൊണ്ടുവരാറുണ്ട്. കേരളത്തിൽ നിന്ന് തന്നെ കാണാൻ നർമദയിൽ എത്തുന്നവരോടും കഴിയുമെങ്കിൽ സാരി കേരളത്തിലേക്ക് കൊണ്ടുപോയി താൽപര്യമുള്ളവർ‌ക്കു വിൽപന നടത്താനാണത്രെ മേധ അഭ്യർഥിക്കാറുള്ളത്. ഇന്നലത്തെ പരിപാടിക്കു വന്നപ്പോൾ 33 സാരി കൊണ്ടുവന്നു. ശാരീരിക അവശതകൾ മറന്നാണ് അവർ സാരി അടങ്ങിയ ബാഗ് കൂടി കയ്യിൽ കരുതാൻ തയാറായത്. വാങ്ങിച്ചവർക്കു മേധ തന്നെ സാരി കൈമാറും എന്നു കേട്ടപ്പോൾ പലരും സാരി കൈപ്പറ്റാൻ എത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com