എരുമപ്പെട്ടി∙ കടങ്ങോട്, എരുമപ്പെട്ടി, വരവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും പാതയോരങ്ങളിലും ടാങ്കർ ലോറികളിൽ ശുചിമുറി മാലിന്യം കൊണ്ടുവന്ന് തള്ളുന്ന സംഘത്തിലെ 3യുവാക്കളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് സ്വദേശികളായ തട്ടാരംകുന്നത്ത് വീട്ടിൽ ഷാഹിദ്, പ്ലാക്കൽ വീട്ടിൽ റിഷാദ്, ആന്ത് പറമ്പിൽ അൻഷാദ് എന്നിവരെയാണ് എസ്ഐമാരായ ടി.സി. അനുരാജ്, ജയകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി രാത്രി നാട്ടിൽ പലയിടത്തായി മാലിന്യം തള്ളുന്നവരെ പിടികൂടിയതറിഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. കരിയന്നൂരിലെ കലുങ്ക് പാലത്തിനു സമീപം വെള്ളച്ചാലില്‍ മാലിന്യം തള്ളൽ പതിവായതോടെ പരിസരവാസികൾ രാത്രി ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇന്നലെ പുലർച്ചെ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ലോറി തടയാൻ ശ്രമിച്ചെങ്കിലും സംഘം വാഹനവുമായി കടന്നു. അമിതവേഗത്തിൽ പാഞ്ഞ ലോറിയെ നാട്ടുകാർ കാറിൽ പിന്തുടർന്നെങ്കിലും മാലിന്യവാഹനത്തിന്റെ അകമ്പടി സംഘം ബൈക്കിലെത്തി കാർ തടഞ്ഞു. വാഹനനമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 3പേർ പിടിയിലായത്.