ADVERTISEMENT

ഒല്ലൂർ∙ ജംക്ഷനിലെ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരം കാണാൻ സെന്ററിൽ റൗണ്ട് എബൗട്ട് സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. പ്രാഥമിക പരിശോധന പൂർത്തിയായി. ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും. 2022 ലെ ബജറ്റിൽ സംസ്ഥാനത്തെ 20 ടൗണുകളുടെ വികസനത്തിനായി കിഫ്ബിയിൽ 200 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് ഒല്ലൂരാണ്.

ഇതിന്റെ ഭാഗമായി കെആർഎഫ് ബി അധികൃതർ ഒല്ലൂരിലെത്തുകയും പ്രാഥമിക പരിശോധന നടത്തുകയുമായിരുന്നു. ഈ ആഴ്ച അവസാനത്തോടെ സമർപ്പിക്കുന്ന റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് നടപടികൾ ആരംഭിക്കുക. റൗണ്ട് എബൗട്ടിനോടൊപ്പം, സിഗ്നൽ സംവിധാനം, മേൽപാത എന്നിവയെ കുറിച്ചും വിശകലനം നടത്തി.

മൂന്ന് പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിനാണ് ഇതോടെ പരിഹാരമാകുക. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും അര കിലോമീറ്ററോളം നീളുന്ന കുരുക്കാണ് ഇവിടെ ഇപ്പോൾ നേരിടേണ്ടി വരുന്നത്. വീതി കുറഞ്ഞ റോഡിൽ ഗ്യാസ് പൈപ്പ് ലൈൻ ജോലികളും തുടരുന്നതിനാൽ കുരുക്കിൽ പ്പെടാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണിപ്പോൾ.

ഇതിനിടെ കുരുക്കിൽപ്പെട് സർവീസ് വൈകാതിരിക്കാനുള്ള നടപടികൾ കെഎസ്ആർടിസിയും എടുത്തിരുന്നു. എറണാകുളത്തു നിന്നും തൃശൂരിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള ബസുകൾ ഒല്ലൂരിൽ കൂടി പോകുന്നതിനു പകരം കുട്ടനെല്ലൂർ കൂടി തൃശൂരിലെത്തുകയാണിപ്പോൾ.

സ്വാഗതം ചെയ്ത് സംഘടനകൾ 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 

ഒല്ലൂരിന്റെ വികസനത്തിനു വ്യാപാരികളും, ഭൂവുടമകളും എതിരല്ല. എന്നാൽ വികസനത്തിനു മുന്നേ ഞങ്ങൾക്കു പറയാനുള്ളതു സർക്കാർ കേൾക്കണം. ഞങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ഇല്ലാതെയുള്ള വികസനത്തെ പൂർണമായും എതിർക്കുമെന്ന് സമിതി ഒല്ലൂർ യൂണിറ്റ് പ്രസിഡന്റ് സുനീഷ് ജോൺസൺ അറിയിച്ചു.

കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി

വികസനം നടത്തുമ്പോൾ കാൽ നൂറ്റാണ്ടെങ്കിലും മുന്നിൽ കണ്ട് വേണം നടപടിയെടുക്കാൻ. റൗണ്ട് എബൗട്ട് എന്ന ആശയം വികസനത്തിനു ഏറെ നല്ലതാണ്. എന്നാൽ അത് നടപ്പിൽ വരുത്തുമെന്ന് പറയുന്നത് പ്രഹസനമാകരുത്. ഒല്ലൂരിൽ കഴിഞ്ഞ 6 വർഷം കുറെ പൊറാട്ടു നാടകങ്ങൾ കണ്ട് കഴിഞ്ഞതാണ്. മാത്രമല്ല വികസനം നടപ്പിലാക്കുമ്പോൾ വ്യാപാരികളുടെയും, ഭൂവുടമകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വേണമെന്ന് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അറിയിച്ചു. 

ബിജെപി

റൗണ്ട് എബൗട്ടും വികസനവും ഒല്ലൂരിനു അനിവാര്യമാണ്. അതിനോടൊപ്പം കുരിയച്ചിറ മുതൽ തലോർ വരെയുളള റോഡും വികസിപ്പിക്കണം. ഇല്ലെങ്കിൽ ഈ റോഡിലെ ജംക്‌ഷനുകളിൽ കുരുക്ക് വർധിക്കും. വികസനത്തിനു മുന്നേ വ്യാപാരികളുടെയും, ഭൂവുടമകളുടെയും ആശങ്കകൾ പരിഹരിക്കണമെന്നും ബിജെപി ജില്ലാ കമ്മിറ്റിയംഗം സന്തോഷ് കാക്കനാട്ട് ആവശ്യപ്പെട്ടു.

സിപിഎം

ഒല്ലൂരിലെ കുരുക്ക് ഒഴിവാക്കാൻ ശാശ്വതമായ പരിഹാരം കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണം. സ്ഥലം അധികം നഷ്ടപ്പെടുത്താതെ വികസനം നടപ്പിലാക്കണം. വികസനത്തിനു വ്യാപാരികളും, ഭൂവുടമകളും രംഗത്തു വരണം. നടപടികൾക്ക് മുൻപ് അവരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.പി.പോൾ ആവശ്യപ്പെട്ടു.

പുതുക്കാട് വികസന സമിതി

വാഹനങ്ങളുടെ ബാഹുല്യം മൂലവും, മരത്താക്കര ഭാഗത്തു നിന്നുള്ള നിരവധി വാഹനങ്ങൾ റോഡ് കുറുകെ കടക്കുന്നതിനാലും റൗണ്ട് എബൗട്ട് സ്ഥാപിക്കേണ്ടത് അത്യാവശ്യമായ ഒന്നാണെന്ന്കൺവീനർ തോമസ് ഐനിക്കൽ അറിയിച്ചു.

ആക്ട്സ് ഒല്ലൂർ ബ്രാഞ്ച്

ദീർഘനാളത്തെ പരിഹാരമെന്ന നിലയിൽ റൗണ്ട് എബൗട്ട് വരുന്നത് സ്വാഗതാർഹമാണ്. അതിനോടൊപ്പം 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 250 മീറ്ററെങ്കിലും മാറ്റി സ്ഥാപിക്കണം.എന്നാൽ മാത്രമേ കുരുക്ക് ഇല്ലാതാകുകയുള്ളുവെന്ന് പ്രസിഡന്റ്‌ ടോമി ഒല്ലൂക്കാരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com