ADVERTISEMENT

ചേർപ്പ് ∙ പഴുവിൽ കോട്ടം സ്വദേശി സഹാറിനെ മർദിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിൽ ഉത്തരാഖണ്ഡിലേക്ക് പോയ പ്രതികളായ അമീർ, അരുൺ, സുഹൈൽ, നിരഞ്ജൻ എന്നിവർ അവിടെ താമസിച്ചിരുന്നത് നാടോടികളെ പോലെ സ്വയം നിർമിച്ച ടെന്റകളിൽ. അതിശൈത്യത്തിൽ ജീവൻ പണയം വച്ച് ദുർഘട പാതകളിലൂടെ നൂറുകണക്കിന് കിലോമീറ്ററുകളോളം സാഹസിക യാത്ര നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഉത്താരാഖണ്ഡിൽ നിന്നു പ്രതികളെ പിടികൂടിയത്.

ചെങ്കുത്തായ മലനിരകളും താഴ്‌വാരങ്ങളും തണുത്തുറഞ്ഞ കാലാവസ്ഥയുമുള്ള ഉത്താരാഖണ്ഡിൽ അവിടത്തെ ടാസ്ക് ഫോഴ്സിന്റെ  സഹായത്തോടുകൂടിയാണ് പ്രതികളെ പിടിച്ചത്. ബൈക്ക് യാത്രയിൽ മലഞ്ചരുവിലെ പാറക്കല്ലുകൾ ഇടിഞ്ഞു റോഡിലേക്കു വീണപ്പോൾ തല നാരിഴക്കാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരായ കെ.ആർ.ഷൈനും, സോണി സേവ്യറും രക്ഷപ്പെട്ടത്.

കഴിഞ്ഞ 14 നാണ് വാടാനപ്പിള്ളി എസ്ഐ കെ.അജിത്തിന്റെ നേതൃത്വത്തിൽ കെ.ആർ. ഷൈൻ, സോണി സേവ്യർ, ഉമേഷ് എന്നിവരടങ്ങിയ സംഘം, പ്രതികൾ ഡെറാഡൂണിലുണ്ടന്ന സൂചന ലഭിച്ചതു പ്രകാരം അവിടെ എത്തിയത്. അവിടെ നിന്ന് ബൈക്കുകൾ വാടകയ്ക്കെടുത്ത് അപകടകരമായ റോഡിലൂടെ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പ്രതികളെ പിടികൂടിയത്. ഒടുവിൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിൽ നിന്നാണ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്.

ട്രെയിനിൽ ടിക്കറ്റെടുക്കാതെ ശുചിമുറിയിൽ ഒളിച്ചിരുന്നും റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് കൈകാണിച്ച് അതിൽ കയറിയുമാണ് പ്രതികൾ യാത്ര ചെയ്തിരുന്നത്. മുൻപ് ഉത്തരാഖണ്ഡിൽ ജോലി ചെയ്തിരുന്ന അമീർ ഭക്ഷണം പാചകം ചെയ്യുന്നതിൽ വിദഗ്ധനാണ്. ഇവർ ഒരിക്കലും ഫോൺ ഉപയോഗിക്കാതിരുന്നതു പൊലീസിന് പ്രതികളെ കണ്ടെത്താൻ താമസം വരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com