കുന്നംകുളം ∙ വിശന്നുവലയുന്ന ജീവജാലങ്ങൾക്ക് 40 വർഷമായി വെള്ളവും തീറ്റയും നൽകുകയാണ് നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ. കാക്കകളും കിളികളും എന്നല്ല എല്ലാ ജീവജാലങ്ങളും വിശന്നും ദാഹിച്ചും വലയുന്ന മാസമാണിത്.
കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന്, കുടിക്കുന്ന ജലത്തിൽ നിന്ന് ചെറിയ പങ്ക് അവക്കായ് പകുത്തു നൽകുമ്പോൾ സ്വർഗത്തിന്റെ വാതിൽ ആരോ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു എന്ന് ശ്രീരാമൻ പറയുന്നു. വീട്ടുമുറ്റത്തെ കല്ലിലാണ് തീറ്റ ഇട്ടു നൽകാറുള്ളത്.
സമീപത്തെ പാത്രത്തിൽ വെള്ളവും വയ്ക്കുന്നു. ചെറുവത്താനിയിൽ ശ്രീരാമന്റെ വീട്ടുവളപ്പിലും വെള്ളം കൊടുക്കാൻ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കനത്ത വേനലിൽ ശ്രീരാമന്റെ ദാഹജലം തീറ്റയും തേടി ധാരാളം കിളികളും മറ്റും എത്തുന്നു.