മണ്ണുത്തി∙ അന്തരീക്ഷ താപനില ഏതാനും ദിവസങ്ങളായി 36 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞയാഴ്ച 37.6 ഡിഗ്രി വരെ ഉയർന്ന ചൂടിനാണ് നേരിയ കുറവ്. അന്തരീക്ഷ താപനിലയും കാറ്റിന്റെ വേഗവും മഴയുടെ അളവും ബാഷ്പീകരണത്തിന്റെ തോതും വർഷങ്ങളായി കൃത്യമായി നിർണയിക്കുന്ന ഒട്ടേറെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഇന്നും സ്റ്റീവൻസസ് സ്ക്രീൻ ഉപയോഗിച്ചാണ് ചൂട് അളക്കുന്നത്. സ്റ്റീവൻസസ് സ്ക്രീനിൽ 4 തെർമോമീറ്ററുകൾ വിന്യസിച്ചാണ് ഓരോ ദിവസത്തെയും താപനില കണക്കുകൂട്ടുന്നത്.

വെയിലിന്റെ തീവ്രത അളക്കുന്നതു സൺഷൈൻ റെക്കോർഡർ ഉപയോഗിച്ചാണ്. സൂര്യപ്രകാശം ഭൂമിയിൽ പതിച്ചു തിരിച്ച് അന്തരീക്ഷത്തിലേക്കു പ്രതിഫലിക്കുന്ന ചൂടാണ് യഥാർഥ താപനിലയായി രേഖപ്പെടുത്തുന്നത്. ഇതിനായി മരം കൊണ്ടു നിർമിച്ചതും കാറ്റുകടക്കുന്നതുമായ സ്റ്റീവൻസസ് സ്ക്രീൻ സ്ഥാപിച്ച് അതിൽ 4 തെർമോമീറ്ററുകൾ വിന്യസിച്ചാണു താപനില കണക്കാക്കുന്നത്.
ഡ്രൈ ബൾബ് തെർമോ മീറ്റർ, വെറ്റ് ബൾബ് തെർമോമീറ്റർ, മാക്സിമം തെർമോമീറ്റർ, മിനിമം തെർമോമീറ്റർ എന്നീ നാലു തെർ മോമീറ്ററുകളാണു സ്ഥാപിക്കുന്നത്. സ്റ്റീവൻസസ് സ്ക്രീനിൽ തിരശ്ചീനമായാണ് മാക്സിമം തെർമോമീറ്റർ സ്ഥാപിക്കുന്നത്. മൈനസ് 35 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ അടയാളപ്പെടുത്തിയ തെർമോമീറ്ററിൽ താപനില ഏറ്റവും കൂടിയ സമയത്തു മെർക്കുറി ഉയർന്ന താപനില കാണിക്കും.
സ്റ്റീവൻസസ് സ്ക്രീനിൽ തിരശ്ചീനമായി തന്നെ മിനിമം തെർമോമീറ്റർ സ്ഥാപിക്കുന്നു. ആൽക്കഹോളാണ് ഇതിൽ അളവിനായി നിറച്ചിട്ടുള്ളത്. മൈനസ് 40 മുതൽ 50 ഡിഗ്രി സെന്റിഗ്രേഡുവരെ രേഖപ്പെടുത്തിയിട്ടുള്ള ഗ്ലാസ് ട്യൂബിനുള്ളിൽ ചൂടു കൂടുകയും കുറയുകയും ചെയ്യുമ്പോൾ ആൽക്കഹോൾ ഒഴുകി താപനില രേഖപ്പെടുത്തും. വെറ്റ് ബൾബ് തെർമോമീറ്ററും ഡ്രൈ ബൾബ് തെർമോ മീറ്ററും അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്നതിനാണ് ഉപയോഗിക്കുക.