ചാലക്കുടി ∙ കുടുംബശ്രീ അംഗങ്ങളായ 17 പേർ മണി മണിയായി ഇംഗ്ലിഷ് പറയും. 30 മുതൽ 55 വരെ വയസ്സുള്ള ഇവർ ഇംഗ്ലിഷ് സംസാരിക്കാൻ പഠിച്ചത് 3 മാസം കൊണ്ട്. സേക്രഡ് ഹാർട്ട് കോളജിലെ ഇംഗ്ലിഷ് വിഭാഗമാണ് ഇവർക്ക് കോഴ്സ് ആരംഭിച്ചത്. പഠിച്ചതിന്റെയും ജീവിച്ചതിന്റെയും അനുഭവങ്ങൾ ‘പഠിതാക്കൾ’ സമാപന സമ്മേളനത്തിൽ ഇംഗ്ലിഷിൽ അവതരിപ്പിച്ചപ്പോൾ സദസ്സ് നിറഞ്ഞ സന്തോഷത്തോടെ കയ്യടിച്ചു. വിജയരാഘവപുരം ഗവ. സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഫ്രീ ട്യൂഷൻ പ്രോഗ്രാമും നടത്തിയിരുന്നു.
സമാപന സമ്മേളനം നഗരസഭ കുടുംബശ്രീ സിഡിഎസ് അംഗം സുബി ഷാജി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലിഷ് വിഭാഗം മേധാവി ബിന്ദു ജോസ്, കോളജ് യൂണിയൻ ചെയർപഴ്സനും അസോസിയേഷൻ സെക്രട്ടറിയുമായ അന്ന ജൂലിയ ബി. വെളിയൻ എന്നിവർ പ്രസംഗിച്ചു.