പാലപ്പിള്ളി ∙ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളി കോട്ടയം സ്വദേശി കാരിവേലിൽ പ്രസാദിന് (47) കാട്ടാനകൾക്കു മുന്നിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റു. ഇദ്ദേഹം വേലൂപാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരുക്കു സാരമുള്ളതല്ല. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടത്തിലെ 89 ഫീൽഡിൽ 15 ആനകളാണ് ഉണ്ടായിരുന്നത്.
ഇതോടെ തൊഴിലാളികൾക്ക് ഏറെനേരം ജോലിക്കിറങ്ങാനായില്ല. പിന്നീടു വനപാലകരെത്തി ആനകളെ തോട്ടത്തിൽ നിന്ന് വിരട്ടിയോടിച്ചു. 2 ആഴ്ചയ്ക്കിടെ പാലപ്പിള്ളി മേഖലയിൽ മാത്രം കാട്ടാനയ്ക്കു മുന്നിൽപ്പെടുന്ന ഏഴാമത്തെ ആളാണു പ്രസാദ്. ഇന്നലെ രാവിലെ പിള്ളത്തോടു പാലത്തിനു സമീപം ഒരു കൊമ്പൻ റോഡിലും തോട്ടത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒറ്റയ്ക്കു വരുന്ന ആനകളാണ് ഏറെ അപകടകാരികൾ. തൊഴിലാളികളും വാച്ചർമാരും ചേർന്നു മുന്നറിയിപ്പ് നൽകിയാണു യാത്രക്കാരെ കടത്തിവിട്ടത്. ആനകൾ സ്ഥിരമായി കാടിറങ്ങുന്നതു തടയാൻ വനപാലകർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്.