ഇരിങ്ങാലക്കുട ∙ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ 70 കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെ ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരിച്ചിലിലാണു ചുങ്കം കപ്പേളയ്ക്കു സമീപത്തെ പറമ്പിൽ നിന്നു വലിയ ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.
40 പൊതികളാക്കി പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. പഴക്കം മൂലം പല പായ്ക്കറ്റുകളും ദ്രവിച്ചു കഞ്ചാവ് പുറത്തു ചിതറിയ നിലയിലായിരുന്നു. കഞ്ചാവ് ഉപയോഗ ശൂന്യമാണെന്നാണു പൊലീസ് വിലയിരുത്തൽ. പറമ്പിൽ കഞ്ചാവ് ഉപേക്ഷിച്ചതായി കാട്ടൂർ സ്പെഷൽ ബ്രാഞ്ച് ഓഫിസർ ഫെബിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
പിടിയിലാകുമെന്ന സംശയത്തിൽ ആരെങ്കിലും കഞ്ചാവ് ഉപേക്ഷിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. കാട്ടൂർ എസ്ഐ ഹബീബ്, എസ്ഐ എൻ.കെ.അനിൽ, സീനിയർ സിപിഒ സന്തോഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് സിവിൽ ഓഫിസർ സജിബാൽ എന്നിവരും തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.