ചാലക്കുടി ∙ പട്ടണത്തിന്റെ ശ്വാസംമുട്ടലുകൾക്കിടയിൽ നിന്ന് മാറി സ്വസ്ഥമായി അൽപനേരം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്കായി വനം വകുപ്പ് 40 ഏക്കറിൽ ഒരുങ്ങുകയാണു നഗരവനം. കോടശേരി പഞ്ചായത്തിലെ നായരങ്ങാടിയിലാണ് 60 ലക്ഷം രൂപ ചെലവിൽ നഗരവനം സജ്ജമാക്കുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു.

ഒരു മാസത്തിനുള്ളിൽ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. അതിരപ്പിള്ളി മാതൃകയിൽ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായി രൂപപ്പെടുത്തും. 17 ഹെക്ടർ വനഭൂമിയാണ് ഉപയോഗപ്പെടുത്തുന്നത്. നേരത്തെ ആലുവ സെറ്റിൽമെന്റ് കോളനിയുടെ കൈവശമിരുന്ന തിരിച്ചു പിടിച്ചാണു പദ്ധതിക്കായി സൗകര്യമൊരുക്കുന്നത്. പരിസരങ്ങളിലുള്ളവർക്കു തൊഴിൽ ലഭിക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും പദ്ധതി വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.
ഇതിനായി ഇക്കോ പാർക്ക്, കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ജിംനേഷ്യം, ഇക്കോ ഷോപ്പ്, കഫെറ്റീരിയ, നടപ്പാത, നക്ഷത്രവനം എന്നിവ സജ്ജമാക്കും. ചുറ്റുപാടുമുള്ളവർക്കു തൊഴിലും അവരുടെ വിവിധ ഉൽപന്നങ്ങൾക്കു വിപണിയും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നൂറു കണക്കിനാളുകൾക്കു തൊഴിൽ നൽകാൻ ഉപകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനായി വന സംരക്ഷണ സമിതി (വിഎസ്എസ്) രൂപീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി. ജോസ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റായി വിത്സൻ പറോട്ടിയെ തിരഞ്ഞെടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ മാത്യു പ്രസംഗിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു പുറമെ ചിത്രശലഭങ്ങൾക്കായി ശലഭോദ്യാനവും ഒരുക്കും. മനുഷ്യ നിർമിത വനത്തിനകത്തു കുട്ടികൾക്കായി ഊഞ്ഞാൽ, മെറി ഗോ റൗണ്ട്,
സ്ലൈഡർ എന്നിവയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്. ഇവിടെ സജ്ജമാക്കുന്ന നക്ഷത്രവനത്തിൽ സന്ദർശകർക്ക് ഒരോരുത്തർക്കും അവരവരുടെ നക്ഷത്രങ്ങളുടെ മരങ്ങളുടെ ചുവട്ടിൽ ഇരിക്കാനായി സൗകര്യമൊരുക്കും. നക്ഷത്ര മരങ്ങൾക്ക് നടുവിൽ രുദ്രാക്ഷമരവും നട്ടുവളർത്തുന്നുണ്ട്. നഗരവനത്തിന്റെ പരിപാലന ചെലവ് ഇവിടെ നിന്നുള്ള വരുമാനം ഉപയോഗിച്ചു നടത്താനാണു നിർദേശം.