ADVERTISEMENT

ഇരിങ്ങാലക്കുട ∙ ‘കൂടെ പഠിച്ചിരുന്ന രാധാകൃഷ്ണനെ നശിപ്പിക്കാതെ വിട്ടതിന് ഐഎസ്ആർഒയും ഇരിങ്ങാലക്കുടക്കാരും തനിക്കു നന്ദി പറയണം’– ഐഎസ്ആർഒ ചെയർമാനായി കെ.രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ‌ ഇന്നസന്റ് ഉന്നയിച്ചത് തീരെ ചെറിയ ആവശ്യമായിരുന്നു. ഇരിങ്ങാലക്കുടയിലെ ഒട്ടുമിക്കയാളുകളും തന്നോടൊപ്പം പഠിച്ചവരാണെന്നും പലരെയും താൻ ഒന്നിനും കൊള്ളരുതാത്തവരാക്കിയിട്ടുണ്ടെന്നും പല സ്കൂളുകളിൽ നിന്നും ടിസി തന്നു പറഞ്ഞു വിട്ടതുകൊണ്ട് പ്രദേശത്തെ എല്ലാ സ്കൂളുകളിലും പഠിക്കാൻ തനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടെന്നുമാണ് ഇന്നസന്റ് തന്റെ പഠന കാലത്തെ വരച്ചിട്ടിരുന്നത്. 

തെക്കേത്തല വറീത്-മാർഗലീത്ത ദമ്പതികളുടെ മകനായി 1948ലാണ് ഇന്നസന്റ് ജനിച്ചത്. 8 കുട്ടികളുള്ള മാതാപിതാക്കളുടെ അഞ്ചാമത്തെ കുട്ടിയായിരുന്നു. സർക്കാർ കുടുംബാസൂത്രണ പദ്ധതിക്ക് മാതൃകാ പുരുഷനായി കണ്ടത് തന്റെ പിതാവിനെയായിരുന്നു എന്ന് ഇന്നസന്റ് അവിടെയും തമാശ കലർത്തി. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂൾ, ഡോൺബോസ്കോ എച്ച്എസ്എസ്, സംഗമേശ്വര എൻഎസ്എസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഭിനയമോഹം തലയ്ക്ക് പിടിച്ചതോടെ 8ാം ക്ലാസിൽ പഠനം നിർത്തി ചെന്നൈയിലേക്ക് വണ്ടി കയറി. അവിടെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നതിനിടെ ‘നെല്ല്’ സിനിമയിൽ മുഖം കാണിച്ചു. 1970ൽ ടൈഫോയ്ഡ് ബാധിതനായി ദാവനഗരെയിൽ ചികിത്സയ്ക്കു ചെന്നു. പിന്നീട് ബന്ധുവും സഹോദരനും ദാവനഗരെയിൽ നടത്തിയിരുന്ന തീപ്പെട്ടി കമ്പനിയുടെ നടത്തിപ്പിൽ സജീവമായി. അപ്പോഴും കലാപ്രവർത്തനങ്ങളിൽ തൽപരനായ അദ്ദേഹം ദാവനഗരെ കേരള സമാജം നാടകങ്ങളിൽ സ്ഥിരം സാന്നിധ്യമായി. ‌1972ൽ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ആദ്യ ചിത്രം. പിന്നീടു നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. 

1974ൽ ദാവനഗരെയിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. 1979ൽ നഗരസഭ കൗൺസിലറായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ‘കൈക്കൂലി കിട്ടുമെന്നു കരുതിയാണ് എംപി ആയത്’ എന്ന് പൊതുവേദിയിൽ പറയാൻ ‘ധൈര്യം’ ഇന്നസന്റിനു മാത്രം. തമാശയാണെന്ന മുഖവുര ഇല്ലാതെ ഏതു തമാശയും പറയാനുള്ള സ്വാതന്ത്ര്യം കേരളം ഇന്നസന്റിനു നൽകി. 

ഏതൊക്കെ രാജ്യങ്ങളിൽ ചെന്നിട്ടുണ്ടെങ്കിലും ഇരിങ്ങാലക്കുട തന്നെയാണ് തന്റെ മനസ്സിൽ വിരിഞ്ഞു നിൽക്കുന്ന കുട എന്ന് ഇന്നസന്റ് പല കുറി പല വേദികളിൽ പറഞ്ഞു. ‘സന്മനസ്സുള്ളവർക്കു സമാധാനം’ എന്ന സിനിമയുടെ  എഴുത്തുജോലികൾക്കായി താനും ശ്രീനിവാസനും എറണാകുളത്ത് താമസിക്കുമ്പോൾ ദിവസവും തങ്ങളെ കാണാൻ എത്തിയിരുന്ന ഇന്നസന്റിന് യഥാർഥത്തിൽ ആ യാത്രയ്ക്കു പിന്നിൽ മറ്റൊരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു എന്ന് സത്യൻ അന്തിക്കാട് കണ്ടെത്തിയിട്ടുണ്ട്.

കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത് അവിടെ നിന്നു ട്രെയിൻ കയറിയാണ് വരവ്. എത്ര നിർ‌ബന്ധിച്ചാലും ഇന്നസന്റ് എറണാകുളത്ത് തങ്ങില്ല. ഇരിങ്ങാലക്കുടയിൽ നിന്ന് എറണാകുളത്തേക്കു വരുന്ന സ്ഥിരം നാട്ടുകാരുണ്ട്. അവരിൽ മൂന്നാലു പേരെങ്കിലും റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും പോകുന്നത് ഇന്നസന്റിന്റെ കാറിലാണ്. അവരെ നിരാശപ്പെടുത്താൻ പറ്റില്ല. അതായിരുന്നു ഇന്നസന്റിന്റെ ഇരിങ്ങാലക്കുട സ്നേഹം. 

‘ഞാൻ ഇന്നസെന്റ്’, ‘കാൻസർ വാർഡിലെ ചിരി’, ‘ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും’ എന്നീ ഓർമക്കുറിപ്പുകളും ‘മഴക്കണ്ണാടി’ എന്ന സമാഹാരവും ‘ചിരിക്കു പിന്നിൽ’ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും’ എന്ന നർമ കുറിപ്പുകളുടെ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com