ADVERTISEMENT

ഇരിങ്ങാലക്കുട ∙ ഇന്നസന്റ് അവസാനമായി വിശ്രമിക്കുന്നതു നാടക പ്രവർത്തകൻ കൂടിയായ പ്രിയ ചങ്ങാതിക്കടുത്ത്. സെന്റ് തോമസ് കത്തീഡ്രലിലെ സെമിത്തേരിയിൽ ഇന്നസന്റിനായി കല്ലറ ഒരുക്കിയത് പഴയകാല നാടക പ്രവർത്തകൻ‌ ലാസർ മാമ്പിള്ളിയുടെ കല്ലറയ്ക്കു തൊട്ടടുത്തായാണ്.

ടി.ജി. രവിയുടെയും രാജൻ പി.ദേവിന്റെയും ട്രൂപ്പുകളിൽ സജീവമായിരുന്നു ലാസർ മാമ്പിള്ളി. ഇദ്ദേഹം അഭിനയിക്കുന്ന നാടകങ്ങളുടെ റിഹേഴ്സൽ കാണാൻ ഇന്നസന്റ് എത്തുമായിരുന്നു. മണിക്കൂറുകളോളം കണ്ടു നിർദേശങ്ങളും പങ്കിട്ടാണ് ഇന്നസന്റ് മടങ്ങിയിരുന്നത്. പിന്നീടു നാട്ടിൽ പള്ളികൾക്കു വേണ്ടി ലാസർ മാമ്പിള്ളി സംവിധാനം ചെയ്തു തുടങ്ങിയപ്പോഴും നാടകങ്ങൾ കാണാൻ ഇന്നസന്റ് കാണാൻ എത്തിയിരുന്നതായി ലാസറിന്റെ മകൻ സ്റ്റാൻലി ഓർക്കുന്നു.

കഴിഞ്ഞ വർഷം മാർച്ച് 17നാണു ലാസർ മരിച്ചത്. അസുഖ ബാധിതനായി കിടന്നപ്പോൾ ലാസറിനെ കാണാൻ എത്തിയ ഇന്നസന്റ് പതിവുപോലെ കുറെ തമാശ പറഞ്ഞ് ചിരിപ്പിച്ചാണു മടങ്ങിയത്. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാനെത്തി. കഴിഞ്ഞയാഴ്ച ആയിരുന്നു ലാസറിന്റെ ചരമ വാർഷികം. അതിനു പിന്നാലെ ഇതാ വീണ്ടും ഇന്നസന്റ് ലാസറിനടുത്തേക്ക് എത്തുകയാണ്.

actor-innocent-passes-away-thrissur2
ഇന്നസന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലേക്കു പൊതുദർശനത്തിനായി കൊണ്ടുവരുന്നു.

ഇരിങ്ങാലക്കുട ∙ എന്നും ഇന്നസന്റിനൊപ്പം യാത്രകൾ പോയിരുന്ന ആലീസ് ഇന്നലെ ഇന്നസന്റ് ഇല്ലാതെ വീട്ടിൽ വന്നു കയറിയപ്പോൾ പൊട്ടിക്കരഞ്ഞു പോയി. മൃതദേഹം കൊച്ചിയിൽ നിന്ന് ഇരിങ്ങാലക്കുടയ്ക്ക് എത്തുന്നതിനു മുൻപു ആലീസ് വീട്ടിൽ വന്നിരുന്നു. പന്തൽ കെട്ടിയ വീട്ടിൽ ബന്ധുമിത്രാദികളെ കണ്ടപ്പോൾ എന്നും അവരോടു തമാശ പറഞ്ഞു ചിരിപ്പിച്ചിരുന്ന ഇന്നസന്റ് മാത്രം ഇല്ലല്ലോ എന്ന വേദന ആലീസിനു സഹിക്കാനായില്ല. ടൗൺ‌ ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ടു വീട്ടിലേക്കു മൃതദേഹം എത്തുമെങ്കിലും ഇന്നസന്റിനൊപ്പം ഇരിക്കാനായി ആലീസ് അവശതകൾ മറന്നു വീണ്ടും വീട്ടിൽ നിന്നിറങ്ങി. ഇന്നസന്റില്ലാതെ വീട്ടിൽ നിന്നിറങ്ങുന്നതിന്റ വേദനയിൽ‌ വീണ്ടും ആലീസിനു നിയന്ത്രണം വിട്ടു. 

ടൗൺ ഹാളിൽ ഇന്നസന്റിനെ കാണാനെത്തിയവരെ കണ്ടും ആലീസ് പൊട്ടിക്കരഞ്ഞു. തളർന്നു പോയ അവരെ പലപ്പോഴും മകൻ സോണറ്റ് ചേർത്തുപിടിച്ചു. എപ്പോഴും തമാശകളിലൂടെ തന്നെയും കളിയാക്കിയിരുന്ന ഇന്നസന്റ് തമാശകൾ അവസാനപ്പിച്ചതിന്റെ പരിഭവം പോലെ ആലീസ് നിന്നു. ചിരിയില്ലാതെ ഇന്നസന്റിനൊപ്പം ഇന്നലെ ആദ്യമായി ഇരിങ്ങാലക്കുടക്കാർ ആലീസിനെ കണ്ടു. ആലീസിനെ കഥാപാത്രമാക്കി ഇന്നസന്റ് പറഞ്ഞ് കയ്യടി നേടിയ കഥകൾ ആദ്യമായി ചിരിക്കാനല്ലാതെ ഇരിങ്ങാലക്കുടക്കാർ ഓർത്തെടുത്തു.

actors2-tcr
ഇന്നസന്റിന് അന്ത്യോപചാരം അർപ്പിക്കുന്നവർ : 1)ഉമ തോമസ് എംഎൽഎ, സംവിധായകൻ ലാൽ 2)സുരാജ് വെഞ്ഞാറമൂട് 3)സായികുമാർ

ഇന്നസന്റിന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക യാത്രകളും ആലീസിന് ഒപ്പമായിരുന്നു. എംപി ആയപ്പോഴും പല യാത്രകളിൽ നിന്നും ആലീസിനെ മാറ്റി നിർത്തേണ്ടി വന്ന കാര്യം ഇന്നസന്റ് വിഷമത്തോടെ പങ്കുവച്ചിട്ടുണ്ട്. യുഎസ്, ജർമനി, സിംഗപ്പൂർ എന്നിവിടങ്ങളിൽ യാത്ര പോയ കഥകൾ പിന്നീട് സരസമായി ഇന്നസന്റ് പല വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. തനിക്കൊപ്പം ആലീസിനും കാൻസർ ബാധിച്ചപ്പോൾ ധൈര്യം പകർന്നു കൂടെ നിർത്തിയിരുന്നു ഇന്നസന്റ്. 

actors1-tcr
ഇന്നസന്റിന് അന്ത്യോപചാരം അർപ്പിക്കുന്നവർ :1) ബിജു മേനോൻ 2) ദിലീപ്.3)സംവിധായകൻ ജോഷി. 4) ദുൽഖർ സൽമാൻ

ഇന്നസന്റ് ആലീസിനെപ്പറ്റി പറഞ്ഞ ഒട്ടേറെ കഥകൾ പരിചയക്കാർക്കെല്ലാം ഓർത്തെടുക്കാനുമുണ്ടായിരുന്നു. റോമിൽ ഇന്നസന്റിനും ആലീസിനുമൊപ്പം യാത്ര പോയ അന്നത്തെ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ ഓർമയിലുമുണ്ട് ഇന്നസന്റ് കഥ. കാൽമുട്ട് വേദന കലശലായി ആലീസ് അവിടെ കിടപ്പിലായപ്പോൾ, ‘നിന്നെ വത്തിക്കാനിൽ അടക്കാം, ഇരിങ്ങാലക്കുടയെക്കാൾ ഭേദം അതായിരിക്കും’ എന്നാണത്രെ ഇന്നസന്റ് പറഞ്ഞത്. തീരെ വയ്യാതെ കിടന്നിരുന്ന ആലീസ് മുട്ടുവേദന മറന്നു യാത്രയിൽ സജീവമായി എന്നു സുനിൽകുമാർ ഓർക്കുന്നു. 

ബഹദൂർ മുതൽ ഇന്നസന്റ് വരെ തൃശൂരിന്റെ  ചിരി

house-tcr
ഇരിങ്ങാലക്കുട കനാൽപാലം പരിസരത്ത് അമ്മ സംഘടന മുഖേന ഇന്നസന്റ് നിർമിച്ചു നൽകിയ വീടുകളിലൊന്ന്.

തൃശൂർ ∙ മലയാള സിനിമയിലേക്കു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ല സംഭാവന ചെയ്ത കലാകാരൻമാരുടെ അരങ്ങൊഴിഞ്ഞ ലോകത്തേക്കു തൃശൂരിന്റെ പ്രിയപ്പെട്ട ഇന്നസന്റും യാത്രയാകുന്നു. ആദ്യകാല മലയാള സിനിമയിലെ ഹാസ്യത്തിന്റെ അവിഭാജ്യ മുഖമായിരുന്ന ബഹദൂർ, മാള അരവിന്ദൻ, സി.ഐ. പോൾ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, കലാഭവൻ മണി, ജോസ് പെല്ലിശേരി, ഫിലോമിന, കെപിഎസി ലളിത. ഈ താരങ്ങൾക്കെല്ലാവർക്കുമൊപ്പം ഇന്നസന്റ് അഭിനയിച്ചു എന്നതാണ് പ്രത്യേകത. ഇവരിൽ പലരുമായി അഭിനയത്തിൽ മത്സരിക്കുന്ന അഭിനയമാണ് ഇന്നസന്റ് കാഴ്ചവച്ചത്. സി.ഐ. പോളും ഇന്നസന്റും ഒന്നിച്ചഭിനയിച്ച മലയാളികൾ മറക്കാത്ത രംഗങ്ങൾ ഇതിനൊരു ഉദാഹരണം മാത്രം. 

ഡാർലിങ് ഡാർലിങ് സിനിമയിലും മിഥുനം സിനിമയിലും സി.ഐ. പോളും ഇന്നസന്റും തങ്ങളുടെ അഭിനയ പ്രതിഭ പുറത്തെടുത്തു. ബഹദൂറിന്റെ നാടൻ ഹാസ്യ ശൈലിയുമായി ഇന്നസന്റ് വേഗം പൊരുത്തപ്പെട്ടതു പുതിയ രംഗങ്ങൾക്കു വഴി തുറന്നു. മാള അരവിന്ദൻ ഇല്ലാത്ത മലയാള ഹാസ്യമില്ലാതിരുന്ന കാലത്ത് മാള–ജഗതി–ഇന്നസന്റ് ഹാസ്യത്രയം തന്നെ മലയാള സിനിമയിൽ രൂപപ്പെട്ടു. കെപിഎസി ലളിത – ഇന്നസന്റ് കൂട്ടുകെട്ട് എല്ലാവരും സ്വീകരിച്ചതാണ്. ഫിലോമിനയുടെ ഒപ്പമുള്ള രംഗങ്ങളിലും ഇരുവരും മത്സരിച്ചഭിനയിച്ചു. ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ ഹാസ്യ ശൈലിയും ഇന്നസന്റിന്റെ നർമവും സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു. ഇന്നസന്റിന്റെ അപരനായി പലരും കരുതിയ ജോസ് പെല്ലിശേരിയുമൊത്തുള്ള രംഗങ്ങളും മലയാളിയുടെ മനസ്സിൽ മായാതെ കിടക്കുന്നു. കലാഭവൻ മണിയും ഇന്നസന്റുമൊത്തുള്ള കിടിലൻ ഹാസ്യ രംഗങ്ങളും വർണനാതീതം. ജില്ലയിൽ നിന്നു മലയാള സിനിമയ്ക്കു ചാർത്തി നൽകിയ ഹാസ്യ താരങ്ങളിൽ തിളങ്ങിയ നക്ഷത്രമാണ് ഇന്നു ചരിത്രത്തിൽ നിത്യപ്രകാശമാകുന്നത്.

ഇന്നസന്റിന്റെ ഭൗതികശരീരം ഇരിങ്ങാലക്കുട ടൗണ്‍ഹാളിലേക്ക് എത്തിക്കുമ്പോള്‍ വിങ്ങിപ്പെ‍ാട്ടുന്ന കുടുംബാംഗങ്ങള്‍.
ഇന്നസന്റിന്റെ ഭൗതികശരീരം ഇരിങ്ങാലക്കുട ടൗണ്‍ഹാളിലേക്ക് എത്തിക്കുമ്പോള്‍ വിങ്ങിപ്പെ‍ാട്ടുന്ന കുടുംബാംഗങ്ങള്‍.

അമ്മവീട്, ഇന്നസന്റിന്റെ നന്മ‍വീട്

ഇരിങ്ങാലക്കുട ∙ സ്വന്തം കുറവുകളെയും പ്രതിസന്ധികളെയും ലാഘവത്തോടെ മാത്രം കാണുന്ന ഇന്നസന്റിനു പക്ഷേ, മറ്റുള്ളവരുടെ വേദന മനസ്സു തൊടുമായിരുന്നു. കനാൽപാലം റോഡ് പാറമ്മേൽ പോളിയുടെ ദുരിതം അറിഞ്ഞ ഇന്നസന്റ് പോളിക്കും കുടുംബത്തിനും നൽകിയതു ‘അമ്മവീടുകളിൽ’ ഒന്ന്. സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ സംസ്ഥാനത്തു വിവിധ ഇടങ്ങളിൽ നിർമിച്ചു നൽകിയ വീടുകളിലൊന്നാണു കനാൽപാലം പാറമ്മേൽ പോളിയുടേത്. 

‘അമ്മ’ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണു പോളി. സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കിലും പോളിക്കു വീടു നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയും തുടർന്ന് അവരുടെ മരണവും ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയും എല്ലാം പോളിയുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരുന്നു. തന്റെ നാട്ടുകാരൻ കൂടിയായ പോളിയുടെ ദുരിത ജീവിതം അറിഞ്ഞതോടെ പോളിക്കു വീടു നിർമിച്ചു നൽകാൻ ഇന്നസന്റ് തീരുമാനിക്കുകയായിരുന്നു. 

നിർമാണ ഘട്ടത്തിൽ സ്ഥലത്തെത്തി പുരോഗതി അന്വേഷിച്ചു കൊണ്ടിരുന്ന ഇന്നസന്റിനു വീട് സമർപ്പണ ചടങ്ങിൽ എത്താനായില്ല. നടൻ ടൊവിനൊ തോമസാണു വീട് സമർപ്പിച്ചത്. നന്മയിൽ ചാലിച്ചെടുത്ത സ്വപ്ന ഭവനത്തിനു മുൻപിൽ നിൽക്കുമ്പോൾ പോളിക്കും കുടുംബത്തിനും നന്മയെന്നാൽ ഇന്നസന്റ് ആണ്.

സഹായിയായ കൗൺസിലർ വികസനകാര്യത്തിൽ സജീവം

ഇരിങ്ങാലക്കുട ∙ സിനിമകളിലൂടെ ചിരിപ്പിച്ച ഇന്നസന്റിനു മുൻപേ ഇരിങ്ങാലക്കുടക്കാർക്ക് അറിയാവുന്നത് തങ്ങളുടെ ഉള്ളിൽ ചിരി വിടർത്താൻ പോന്ന കാര്യങ്ങൾ ചെയ്ത ഇന്നസന്റിനെയാണ്. എംപി ആയിരിക്കുമ്പോഴും വർഷങ്ങൾക്കു മു‍ൻ‌പ് നഗരസഭാ കൗൺസിലർ ആയിരിക്കുമ്പോഴും ഒട്ടേറെ പേർക്കു നേരിട്ട് സഹായങ്ങൾ എത്തിച്ചിട്ടുണ്ട് ഇന്നസന്റ്. 

1979–ലാണ് ഇന്നസന്റ് നഗരസഭാ കൗൺസിലർ ആകുന്നത്. 12–ാം വാർഡിൽ നിന്നു സ്വതന്ത്രനായാണ് ജയിച്ചത്. ചെയർമാൻ സ്ഥാനത്തേക്കു മത്സരം വന്നപ്പോൾ വിജയം ഉറപ്പില്ലാതിരുന്നിട്ടും നിലപാടിന്റെ പേരിൽ ഇന്നസന്റ് എം.സി. പോളിനു വോട്ട് ചെയ്തു. നാട്ടിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നതായി അദ്ദേഹത്തിന്റെ വിദ്യാർഥി കാലത്തെ സുഹൃത്തും അന്നത്തെ നഗരസഭാ വൈസ് ചെയർപഴ്സനുമായ അഥീന ബാലകൃഷ്ണൻ ഓർക്കുന്നു. 

1981–ൽ എല്ലാ സിറ്റിങ്ങുകളിലും മുടങ്ങാതെ പങ്കെടുത്തു. തുടർന്നു സിനിമാ നിർമാണത്തിന്റെ തിരക്കുകളിലേക്കു കടന്നെങ്കിലും അടിയന്തര സ്വഭാവമുള്ള ചർച്ചകൾ വിട്ടുകളഞ്ഞില്ല. അന്ന്, കൗൺസിൽ അംഗങ്ങളുമായി സിനിമാ അനുഭവങ്ങളും പങ്കു വയ്ക്കുമായിരുന്നു ഇന്നസന്റ്. 1988 വരെ ആ കൗൺസിൽ നീണ്ടുനിന്നു. 

തന്റെ ബാല്യകാല സുഹൃത്തുക്കളെയെല്ലാം നാടിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഇന്നസന്റ് മടിച്ചില്ല. എംപി ആയപ്പോൾ ഇംഗ്ലിഷിൽ തയാറേക്കണ്ട കുറിപ്പുകൾക്കും മറ്റും കെകെടിഎം കോളജിൽ അധ്യാപകനായിരുന്ന പഴയകാല സുഹൃത്ത് രവിനാഥനെയാണ് ആശ്രയിച്ചത്. അതിരപ്പിള്ളി സമരത്തിന്റെ രണ്ടു ഘട്ടത്തിലും സമര കേന്ദ്രത്തിൽ ഇന്നസന്റ് നേരിട്ട് എത്തിയിരുന്നതായി പരിസ്ഥിതി സ്നേഹികളും ഓർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com