എത്രത്തോളം ചിരിപ്പിച്ചതാണ് ഈ മനുഷ്യൻ, കണ്ണീർ തൊട്ട് തിരിച്ചറിഞ്ഞു ഓരോരുത്തരും

HIGHLIGHTS
  • ഇന്നസെന്റിന്റെ ഓർമകളിൽ കണ്ണീരണിഞ്ഞ് ജന്മദേശം
വേദനാഭരിതം: ഇന്നസന്റിന്റെ സംസ്കാരച്ചടങ്ങു നടക്കുമ്പോൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു പുറത്തു തടിച്ചു കൂടിയവർ.    ചിത്രം: മനോരമ
വേദനാഭരിതം: ഇന്നസന്റിന്റെ സംസ്കാരച്ചടങ്ങു നടക്കുമ്പോൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു പുറത്തു തടിച്ചു കൂടിയവർ. ചിത്രം: മനോരമ
SHARE

ഇരിങ്ങാലക്കുട ∙ ഏത് സ്വർഗം വിളിച്ചാലും എനിക്ക് എന്റെ ഇരിങ്ങാലക്കുടയിൽ വന്ന് ഉറങ്ങുന്നതാണ് ഇഷ്ടം എന്ന് ഇന്നസന്റ് പണ്ട് പറഞ്ഞത് അറിയാത്ത ഇരിങ്ങാലക്കുടക്കാരില്ല. പക്ഷേ, ഇന്നലെ ഇരിങ്ങാലക്കുടയിൽ ഇന്നസന്റിനെ അന്ത്യ വിശ്രമത്തിനു യാത്രയാക്കാൻ നാട്ടുകാർ മടിച്ചു നിന്നു. വിഷമത്തോടെ ഒത്തുകൂടിയവരുടെ തിരക്കിൽ ഇരിങ്ങാലക്കുട ഇന്നലെ വീർപ്പുമുട്ടി. ‌എത്രത്തോളം ചിരിപ്പിച്ചതാണ് ഈ മനുഷ്യൻ എന്ന് സ്വന്തം കണ്ണീർ തൊട്ട് ഓരോരുത്തരും തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ടൗൺ ഹാളിൽ മൃതദേഹം എത്തിയപ്പോൾ മുതൽ ഈ നഗരത്തിന്റെ എല്ലാ വഴികളും അങ്ങോട്ടായിരുന്നു. വൈകിട്ട്, നിശ്ചയിച്ച സമയത്തിലും വൈകിയാണ് മൃതദേഹം വീട്ടിലെത്തിക്കാനായത്. പക്ഷേ, പരിചയക്കാരും ദൂരദേശത്തുള്ള സുഹൃത്തുക്കളും വീട്ടിലും വന്നുകൊണ്ടേയിരുന്നു. രാത്രി വൈകിയും ‘പാർപ്പിട’ത്തിൽ ആൾത്തിരക്കായി. ഇന്നലെ അതിരാവിലെത്തന്നെ അന്ത്യോപചാരമർപ്പിക്കാൻ ഉള്ളവരുടെ തിരക്കു കനത്തിരുന്നു.

സിനിമാ രംഗത്തുള്ളവർക്കൊപ്പം തന്നെ നാട്ടുകാരും അദ്ദേഹത്തെ അവസാനമായി കാണാനെത്തി. തലേന്ന് അന്ത്യോപചാരമർപ്പിച്ചവർ ഇന്നലെ വീണ്ടുമെത്തി. വീട്ടിൽ നിന്ന് വിലാപയാത്ര സെന്റ് തോമസ് കത്തീഡ്രലിലേക്ക് പുറപ്പെടും മുൻപു തന്നെ നഗരത്തിലെ വഴികളിലേക്ക് ആളുകൾ എത്തിച്ചേർന്നു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് പുഷ്പങ്ങളാൽ‌ അലങ്കരിച്ച വാഹനത്തിൽ  ഭൗതികശരീരവുമായി വാഹനം വരുമ്പോൾ വശങ്ങളിലെ കെട്ടിടങ്ങൾക്കു മുകളിലെല്ലാം ആളുകളെ കാണാമായിരുന്നു.

സംസ്കാരം കഴിയും വരെ നഗരത്തിലെ കടകളെല്ലാം അടച്ചിട്ടു. പത്തു മണിയായപ്പോൾത്തന്നെ സെന്റ് തോമസ് കത്തീഡ്രലിന് അകത്തും പള്ളിമുറ്റത്തും ജനം നിറഞ്ഞു. ഇടം കിട്ടാത്തവർ‌ സെമിത്തേരിക്ക് അടുത്ത് ചെന്ന് അവിടെ ഇടം പിടിച്ചു. എല്ലാവർക്കും ഒരേ ഒരാഗ്രഹം; തങ്ങളെ ചിരിപ്പിച്ചു കൊണ്ടിരുന്ന മനുഷ്യനെ ഒന്നു കൂടി കാണണം. അതിനായി കരഞ്ഞ കണ്ണുകൾ കാത്തു നിന്നു. കിഴക്കേ സെമിത്തേരിക്ക് അകത്തേക്ക് ആളുകൾ കയറാതിരിക്കാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വിശിഷ്ട വ്യക്തികൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു അകത്തേക്ക് പ്രവേശനം. ഗേറ്റിനു പുറത്തെ ജനത്തിരക്കിനിടയിലൂടെ ഭൗതികശരീരം സെമിത്തേരിക്ക് അകത്തേക്ക് എത്തിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു. ഇവിടെ ചടങ്ങുകൾ നടക്കുമ്പോഴും പൊലീസ് ബ്യൂഗിൾ വായിച്ച് ബഹുമതി അർപ്പിക്കുമ്പോഴും ജനം സെമിത്തേരിക്കു പുറത്തു വന്നു ചേർന്നു കൊണ്ടിരുന്നു. പലപ്പോഴും അവർ തള്ളിക്കയറാനും ശ്രമിച്ചു. അന്ത്യചുംബനമേകാൻ ആലീസിനെ കൊണ്ടുവന്ന കാർ അകത്തേക്കു കയറ്റാനും ബുദ്ധിമുട്ടി.

കാറിൽ നിന്നിറങ്ങി ചക്രക്കസേരയിൽ ഇരുന്നാണ് ആലീസ് കല്ലറയ്ക്കരികിൽ എത്തിയത്. ഭൗതികശരീരം കല്ലറയിലേക്ക് എടുത്തപ്പോൾ എല്ലാ കണ്ണുകളും നനഞ്ഞു; ഇന്നസന്റിന്റെ ഓർമകളുടെ കുടക്കീഴിൽ ഇരിങ്ങാലക്കുട കണ്ണീരണിഞ്ഞു നിന്നു. നടൻ ദിലീപ്, ഭാര്യ കാവ്യ മാധവൻ, സംവിധായകൻ സത്യൻ അന്തിക്കാട്, നടനും സംവിധായകനുമായ ലാൽ, മധുപാൽ, ടൊവിനോ തോമസ്, നാദിർഷാ, കോട്ടയം നസീർ, ജോജു ജോർജ്, ദേവൻ, വിനീത്, ഇടവേള ബാബു,

സായ്കുമാർ, ബിന്ദു പണിക്കർ, സിദ്ധാർഥ് ഭരതൻ, ബൈജു, നിർമാതാക്കളായ സുരേഷ്, രഞ്ജിത്ത്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, വി.എൻ. വാസവൻ, കെ.രാധാകൃഷ്ണൻ എന്നിവരും എംഎൽഎമാരായ വി.ആർ. സുനിൽകുമാർ, പി.ബാലചന്ദ്രൻ, നഗരസഭാധ്യക്ഷ സോണിയ ഗിരി, കെ.വി. അബ്ദുൽ ഖാദർ തുടങ്ങിയവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

തൃശൂർ അതിരൂപതയ്ക്കു വേണ്ടി മാർ ടോണി നീലങ്കാവിൽ പുഷ്പചക്രം സമർപ്പിച്ചു. ‌ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. ടൗൺ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS