തൃശൂർ ∙ എം. തോമസ് മാത്യു ‘ആശാന്റെ സീതായനം’ എന്ന പുസ്തകമെഴുതുമ്പോൾ അതു സമർപ്പിക്കാൻ കണ്ടെത്തിയത് നിലൂഫറിനെയാണ്. ഒരു കുഞ്ഞു ജീവിതം കൊണ്ട് നൂറുകണക്കിനു കാൻസർ രോഗികളായ കുട്ടികൾക്കു കരുതൽ ലഭിക്കാൻ ഇടയാക്കിയ അവളുടെ ജീവിതത്തിന്. തോമസ് മാത്യുവിനെയും ‘ആശാന്റെ സീതായന’ത്തെയും കാത്തിരുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡാണ്.
അവാർഡ് തുകയായ ഒരു ലക്ഷം രൂപയുമായി തോമസ് മാത്യു നേരെയെത്തിയത് നിലൂഫറിന്റെ ഓർമകളിൽ സ്ഥാപിതമായ സോലസ് എന്ന സ്ഥാപനത്തിലേക്ക്. അവളുടെ അമ്മ ഷീബ അമീറിനു തുക കൈമാറി. സോലസ് സ്ഥാപനത്തിലെ കുട്ടികൾക്കായി അഥവാ ‘നിലൂഫർ കുട്ടികൾ’ക്കായി ചെലവഴിക്കാൻ ആ തുക കൈമാറി.
മകൾ നിലൂഫറിനു 13–ാം വയസ്സിൽ കാൻസർ സ്ഥിരീകരിച്ച തോടെയാണ് ഷീബ അമീറിന്റെ ജീവിതം ആകെ മാറിയതും അത്തരം കുട്ടികൾക്കായി സോലസ് എന്ന സ്ഥാപനം തുടങ്ങുന്നതും. 15 വർഷം കഴിഞ്ഞും അതു തുടരുന്നു. വോളന്റിയർമാരുടെ വലിയ നിര ഒപ്പമുണ്ട്.
രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സ കൊണ്ടും മാനസികവും സാമ്പത്തികവുമായ സഹായം കൊണ്ട് അവരുടെ കുടുംബാംഗങ്ങളെയും ചേർത്തു പിടിക്കുകയാണു സ്ഥാപനത്തിന്റെ ലക്ഷ്യം. തോമസ് മാത്യു തുക കൈമാറുമ്പോൾ ഡോ: പി വി കൃഷ്ണൻ നായർ, കഥാകൃത്ത് അഷ്ടമൂർത്തി എന്നിവരും ഒപ്പമുണ്ടായിരുന്നു.