കൊടകര∙ പ്രതിഷേധത്തിനൊടുവിൽ 5 ദിവസം മുൻപ് മറ്റത്തൂർ ബ്രാഞ്ച് കനാലിൽ നിന്നു വെള്ളം തുറന്നുവിട്ടെങ്കിലും വാലറ്റമായ മറ്റത്തൂർ പടിഞ്ഞാട്ടുമുറിയിലെ ചോംകുളത്തിലേക്ക് വെള്ളം എത്തിയില്ല. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ചാലക്കുടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് വെള്ളം തുറന്നുവിട്ടത്.
എന്നാൽ ആദ്യ ദിവസം ഒരടി വെള്ളം മാത്രമാണ് എത്തിയത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീണ്ടും എൻജിനീയറുടെ ഓഫിസ് ഉപരോധിച്ച ശേഷമാണ് കൂടുതൽ വെള്ളം തുറന്നു വിട്ടത്. എന്നാൽ മറ്റത്തൂർ പഞ്ചായത്തിലെ കനാലിനെ ആശ്രയിച്ചു കഴിയുന്ന ചുങ്കാൽ, വാസുപുരം, മൂലംകുടം, മറ്റത്തൂർ, പടിഞ്ഞാട്ടുമുറി പ്രദേശങ്ങളിലേക്ക് ഇനിയും വെള്ളം എത്തിയിട്ടില്ല.
ചുങ്കാൽ വരെ വെള്ളം എത്തിയെങ്കിലും ഇനിയും 4 കിലോമീറ്റർ ദൂരം ഒഴുകിയാലേ മറ്റത്തൂർ ചോംകുളത്തിൽ എത്തുകയുള്ളൂ. തുമ്പൂർമുഴി വലതുകര കനാലിൽ മാത്രം ഇരുപത്തഞ്ചോളം ബ്രാഞ്ച് കനാലുകളും പത്തോളം സ്വാഭാവിക തോടുകളും ഒട്ടേറെ ചിറകളുമുണ്ട്. നിലവിലെ സംവിധാനം അനുസരിച്ച് 21 ദിവസം കൂടുമ്പോഴാണ് ബ്രാഞ്ച് കനാലുകളിലേക്കും തോടുകളിലേക്കും വെള്ളം തുറന്നുവിടേണ്ടത്.