വെങ്കിടങ്ങ് ∙ ഏനാമാവ് പള്ളിക്കടവിനു സമീപം വ്യക്തികൾ പുഴ കയ്യേറി നിർമിച്ച റോഡ് പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി തുടങ്ങി. ചാവക്കാട് ഡപ്യൂട്ടി തഹസിൽദാർ പി. രാജന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസർ ഇ. ശോഭ, സ്പെഷൽ വില്ലേജ് ഓഫിസർ രശ്മി മേനോൻ, താലൂക്ക് സർവേയർ കെ.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ അളന്ന് മാർക്ക് ചെയ്ത് പഞ്ചായത്തിനു കൈമാറിയ ഏകദേശം 300 മീറ്റർ നീളത്തിലുള്ള സ്ഥലത്തെ നിർമാണമാണ് യന്ത്ര സഹായത്തോടെ പൊളിച്ചുനീക്കുന്നത്.
അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്ത് പഞ്ചായത്ത് കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു, വൈസ് പ്രസിഡന്റ് മുംതാസ് റസാഖ്, സെക്രട്ടറി സി.എസ്. മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു നേതൃത്വം നൽകുന്നത്. പൊളിച്ചു നീക്കുന്ന കല്ലും മണ്ണും പഞ്ചായത്തിന്റെ സ്ഥലത്ത് സൂക്ഷിക്കും.
ടൂറിസത്തിന്റെ മറവിൽ പുഴ കയ്യേറ്റം നടത്തുന്നതിനെതിരെ കുറച്ചുനാളുകളായി രാഷ്ട്രീയ പാർട്ടികളുടെയും കെഎസ്കെടിയു, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. മുരളി പെരുനെല്ലി എംഎൽഎ പുഴയിലെ കയ്യേറ്റം സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനെ തുടർന്ന് മന്തി കെ. രാജൻ നടപടി സ്വീകരിക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.