വടക്കാഞ്ചേരി ∙ തെക്കുംകര പഞ്ചായത്തിലെ പഴയന്നൂപ്പാടം മുള മേഖലയിൽ കാട്ടാനകൾ ഒട്ടേറെ തെങ്ങുകളും നൂറിലേറെ വാഴകളും നശിപ്പിച്ചു. ആനയുടെ ചിന്നംവിളി കേട്ടു നാട്ടുകാർ ഉണർന്നപ്പോൾ വീടുകൾക്കു മുൻപിൽ കാട്ടാനകളെയാണു കണ്ടത്. അടുത്തടുത്ത 4 വീടുകളുടെ പറമ്പിൽ ആനകൾ എത്തി. തെങ്ങുകളും കവുങ്ങുകളും കുത്തി മറിച്ചിടുകയും വാഴകൾ നശിപ്പിക്കുകയും ചെയ്തു. കുഴൽ കിണറിന്റെ പൈപ്പും ആനകൾ തകർത്തു.
അർധരാത്രിയോടെ ജനവാസ മേഖലയിൽ എത്തിയ ആനകൾ പുലർച്ചെയാണു വനത്തിലേക്കു മടങ്ങിയത്. കുതിരാൻ തുരങ്കപാത വന്നതോടെ പീച്ചി വനമേഖലയിൽ നിന്നു വാഴാനി വനമേഖലയിൽ എത്തിയ ആനകൾ കുറെ മാസങ്ങളായി തെക്കുംകര പഞ്ചായത്തിന്റെ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതു പതിവായിരിക്കുകയാണ്. സൗരോർജ വേലി സ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ സബ്മിഷനു മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു.