ബന്ധുവിന്റെ വെട്ടേറ്റ് 5 വയസ്സുകാരൻ മരിച്ചു; അമ്മയ്ക്കു ഗുരുതര പരുക്ക്

മുപ്ലിയത്ത് 5 വയസ്സുകാരൻ കൊല്ലപ്പെട്ട സ്ഥലത്തുനിന്നു പ്രതി ജമാലിനെ പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോകുന്നു.   (ഇൻസെറ്റിൽ നജിറുൾ ഇസ്‍ലാം. )
മുപ്ലിയത്ത് 5 വയസ്സുകാരൻ കൊല്ലപ്പെട്ട സ്ഥലത്തുനിന്നു പ്രതി ജമാലിനെ പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോകുന്നു. (ഇൻസെറ്റിൽ നജിറുൾ ഇസ്‍ലാം. )
SHARE

സംഭവം ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്; വെട്ടിയ അസം സ്വദേശിയെ മറ്റു തൊഴിലാളികൾ പൊലീസിലേൽപ്പിച്ചു

മുപ്ലിയം ∙ അസം സ്വദേശികളായ തൊഴിലാളികളുടെ താമസസ്ഥലത്തു ബന്ധുവിന്റെ വെട്ടേറ്റ് 5 വയസ്സുകാരനു ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും വെട്ടേറ്റു. അസം നാഗോൺ ടാമാളിടുപ് ബഗറുൾ അമീന്റെ മകൻ നജിറുൾ ഇസ്‍ലാം ആണു മരിച്ചത്. അമ്മ നജിമ ഖാത്തൂൺ (23), തൊഴിലാളിയായ ഷിറാജുൾ ഇസ്‌ലാം (27) എന്നിവർക്കു തലയിലും കൈകളിലും വെട്ടേറ്റു.

ജമാൽ ഹൊസൈൻ
ജമാൽ ഹൊസൈൻ

നജിമയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഷ‍ിറാജുളിന്റെ പരുക്കു സാരമുള്ളതല്ല. ആക്രമണം നടത്തിയ അസം ഹൊജായ് നക്കുട്ടി ബസാർ സ്വദേശി ജമാൽ ഹൊസൈനിനെ (19) മറ്റു തൊഴിലാളികൾ പിടിച്ചു പൊലീസിലേൽപ്പിച്ചു. മുപ്ലിയത്തെ കോൺക്രീറ്റ് ടൈൽ നിർമാണ യൂണിറ്റിൽ രാവിലെ 7.30ന് ആയിരുന്നു സംഭവം. നജിമയുടെ പിതൃസഹോദര പുത്രനാണു പ്രതി ജമാൽ.

നജിമയും 2 മക്കളുമായി ഒന്നിച്ചിരിക്കുന്നതിനിടെ ജമാലെത്തി വാക്കുതർക്കത്തിലേ‍ർപ്പെട്ടതായി മറ്റു തൊഴിലാളികൾ പറയുന്നു. പ്രകോപിതനായ ജമാൽ വെട്ടുകത്തി ഉപയോഗിച്ചു നജിറുളിനെ വെട്ടി. ഇളയകുട്ടി അനീഷ ബീഗത്തെയും വെട്ടാൻ ശ്രമിച്ചു. കൂട്ടക്കരച്ചിൽ കേട്ടു നജിമയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ ഓടിയെത്തി. ജമാലിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണു ഷിറാജുളിനു വെട്ടേറ്റത്.

വധഭീഷണി മുഴക്കിക്കൊണ്ടു വെട്ടുകത്തി ഉയർത്തി അക്രമാസക്തനായി തുടർന്ന ജമാലിനെ ബലപ്രയോഗത്തിലൂടെ മറ്റു തൊഴിലാളികൾ കീഴ്പ്പെടുത്തി. പരുക്കേറ്റവരെ ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നജിറുളിനെ രക്ഷിക്കാനായില്ല. നജിമയും കുടുംബവും ഒരുമാസം മുൻപാണു മുപ്ലിയത്തു ജോലിക്ക് എത്തിയതെന്നു പൊലീസ് പറഞ്ഞു.

നജിമയുടെ കുടുംബവും ജമാലും ഞായറാഴ്ച നാട്ടിലേക്ക് ഒന്നിച്ചു മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണു സംഭവം. മടക്കയാത്രയുടെ പേരിൽ ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നതായി മറ്റു തൊഴിലാളികൾ പറഞ്ഞു. നജിമയുടെയും ജമാലിന്റെയും വീട്ടുകാർ തമ്മിലുണ്ടായിരുന്ന സ്വത്തുതർക്കവും പ്രകോപനമായ‍ി. നേര്യമംഗലത്തു കോഴിക്കടയിൽ ജോലിക്കു നിന്നിരുന്ന ജമാൽ നജിമയെയും കൂട്ടി നാട്ടിലേക്കു പോകാൻ ബുധൻ വൈകിട്ടാണ് ഇവിടെയെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA