ADVERTISEMENT

തൃശൂർ ∙ ഐപിഎലിലെ ‘റോയൽ വാറിയർ’ ആകാൻ തൃശൂരിന്റെ സ്വന്തം സന്ദീപ് വാരിയർ (32). മുംബൈ ഇന്ത്യൻസ് സൂപ്പർതാരം ജസ്പ്രീത് ബുമ്രയ്ക്കു പരുക്ക‍ുമൂലം സീസൺ നഷ്ടമായപ്പോൾ പകരക്കാരനായെത്തുന്നതു സന്ദീപ് വാരിയർ. വലംകയ്യൻ പേസറായ സന്ദീപ്, എരവിമംഗലം സ്മൃതിയിൽ ശങ്കരൻകുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമുകളിൽ മുൻപു കളിച്ചിട്ടുണ്ടെങ്കിലും കാര്യമായി അവസരം ലഭിക്കാതിരുന്നതു തിരിച്ചടിയായി. ബുമ്രയ്ക്കു പകരക്കാരനായി മുംബൈ ടീം കരാറൊപ്പിട്ടതോടെ സന്ദീപിന്റെ കരിയർ നിർണായക വഴിത്തിരിവിലെത്തി.രാജ്യാന്തര ക്രിക്കറ്റിൽ വലിയ അവസരങ്ങൾ സന്ദീപിനെ തേടിയെത്തിയിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്. 

നക്കിൾ ബോൾ, ഓഫ് കട്ടർ എന്നിവയാണു സന്ദീപിന്റെ ആവനാഴിയിലെ പ്രധാന അസ്ത്രങ്ങൾ. പന്തിന്റെ മികച്ചവേഗം കൂടിയാകുമ്പോൾ ബാറ്റർമാർ പതറും. 10 വർഷത്തോളം രഞ്ജി ട്രോഫി കളിച്ചു. ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു. 2021–ൽ ഇന്ത്യയ്ക്കായി അരങ്ങേറി. ശ്രീലങ്കയ്ക്കെതിര‍ായ മത്സരത്തിലാണു സന്ദീപിന് അവസരം ലഭിച്ചത്. 

ആഭ്യന്തര ക്രിക്കറ്റിൽ ട്വന്റി 20 ഫോർമാറ്റിൽ 69 മത്സരങ്ങൾ സന്ദീപ് ഇതുവരെ കളിച്ചിട്ടുണ്ട്. വിവിധ ഫോർമാറ്റുകളിലായി 362 വിക്കറ്റുകൾ നേടി. 2012 മുതൽ രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനമാണു മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമുകളിൽ സന്ദീപിന് ഇടംനേടിക്കൊടുത്തത്.2018–ൽ വിജയ് ഹസാരെ ട്രോഫിയിലും 2019 രഞ്ജി ട്രോഫിയിലും കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറായി. ഇന്ത്യ എ ടീമിൽ ഇടം ലഭിച്ചു. 2021–ൽ തമിഴ്നാട്ടിലേക്കു ചേക്കേറിയതിനു ശേഷം തമിഴ്നാട് ടീമിനൊപ്പമായിരുന്നു സന്ദീപിന്റെ പ്രകടനം.

ഗെയ്‌ലിനെ പുറത്താക്കിയ സന്ദീപ്!

ഐപിഎലിൽ സന്ദീപിന് ചുരുങ്ങിയ അവസരങ്ങളേ ലഭിച്ചിട്ടുള്ളൂവെങ്കിലും അതിൽ അവിസ്മരണീയമായതു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി 2019ൽ കളിച്ച ഒരു മത്സരമാണ്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ പന്തെറിഞ്ഞ സന്ദീപ് വീഴ്ത്തിയതു 2 നിർണായക വിക്കറ്റുകൾ. ക്രിസ് ഗെയ്‍ലും കെ.എൽ. രാഹുലുമായിരുന്നു സന്ദീപിന്റെ ഇരകൾ. ആ മത്സരം 7 വിക്കറ്റിനാണു കൊൽക്കത്ത ജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com