ADVERTISEMENT

തൃശൂർ ∙ ഹലോ.. തൃശൂർ കോർപറേഷൻ.. കോർപറേഷനിലേക്കു വിളിക്കുന്നവർ വർഷങ്ങളായി കേൾക്കുന്ന ഗീതയുടെ ശബ്ദം ഇനി കേൾക്കില്ല. ടെലിഫോൺ ഓപ്പറേറ്റർ ഗീത ഇന്നലെയാണു വിരമിച്ചത്. ഒപ്പം ടെലിഫോൺ ഓപ്പറേറ്റർ എന്ന തസ്തികയും ഇല്ലാതാവുകയാണ്. കോർപറേഷൻ കെട്ടിടത്തിലേക്കു കയറിച്ചെല്ലുമ്പോൾ തന്നെ ഗ്രിൽ ഇട്ട ചെറിയ മുറിയിൽ റിസീവർ ചെവിയോടു ചേർത്ത് ഗീത ഉണ്ടാവും. 

എത്തുന്നവർ ആദ്യം സമീപിക്കുക ഗീതയെ ആയിരിക്കും. വിവിധ വകുപ്പുകളിലേക്കു വഴി പറഞ്ഞു കൊടുക്കുക ഗീതയാണ്‌. ഓരോ വകുപ്പിലുള്ളവരുടെ പേരും വിവരങ്ങളും കാണാപ്പാഠമാണു ഗീതയ്ക്ക്. എല്ലാ കൗൺസിലർമാരും സുഹൃത്തുക്കൾ.ഗീതയ്ക്കു യാത്രയയപ്പും ഒരുക്കിയിരുന്നു ജീവനക്കാർ. ഇതുവരെ മൊബൈൽ ഉപയോഗിക്കാത്ത ഗീതയ്ക്ക്‌ ജീവനക്കാരുടെയും പരിചയക്കാരുടെയും മൊബൈൽ നമ്പറുകളും എല്ലാ വകുപ്പുകളിലെയും ലാൻഡ്ഫോൺ നമ്പറുകളും എക്സ്റ്റൻഷൻ നമ്പറുകളും അറിയാം. ഒരു തവണ പറഞ്ഞാൽ മതി, പിന്നെ മറക്കില്ല. കണിമംഗലമാണു സ്വദേശം. 

കോർപറേഷനിലെ കണ്ടിൻജൻസി തൊഴിലാളി ആയിരുന്ന ഗീതയ്ക്കു വേണ്ടിയായിരുന്നു ടെലിഫോൺ ഓപ്പറേറ്റർ എന്ന തസ്തിക സൃഷ്ടിച്ചത്. വിവിധ ആവശ്യങ്ങൾക്ക് അനുദിനം പൊതുജനങ്ങൾ കയറിവരുന്ന ഇവിടെ ടെലിഫോൺ ഓപ്പറേറ്റർ അവശ്യഘടകമാണ്. തസ്തിക ഇല്ലാതാവുന്നതോടെ താത്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നു അധികൃതർ പറഞ്ഞു. കോർപറേഷനിൽ എത്തുന്നവർക്ക് വഴികാണിക്കാനും സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും ഹെൽപ് ഡെസ്ക് തുടങ്ങുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com