ADVERTISEMENT

തൃശൂർ ∙ പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിക്കാനുള്ള 35 അടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത ഹനുമാൻ പ്രതിമയ്ക്കു വൻ വരവേൽപ്. പീഠം അടക്കം 55 അടിയാണ് ഉയരം. ഇന്നലെ രാത്രി തന്നെ പ്രതിമ സ്ഥാപിക്കാൻ ജോലി തുടങ്ങി. ഇന്നു പൂർത്തിയാകും. മാസാവസാനത്തോടെ അനാഛാദനം ചെയ്യും. ആന്ധ്രയിലെ അല്ലഗഡയിൽ കല്ലിൽ കൊത്തിയെടുത്തു കൊണ്ടുവന്നതാണു പ്രതിമ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമകളിലൊന്നാണിത്.

ഇന്നലെ രാവിലെ വൻ ജനാവലിയുടെ അകമ്പടിയോടെയാണു പ്രതിമയെ നഗരത്തിലേക്കു സ്വീകരിച്ചത്. നഗരാതിർത്തിയായ മണ്ണുത്തി ചെറുകുളങ്ങര ക്ഷേത്രത്തിൽ കലക്ടർ വി.ആർ. കൃഷ്ണതേജ പ്രതിമയെ മാല ചാർത്തി സ്വീകരിച്ചു. തുടർന്നു വിവിധ ദേവസ്വം ഭാരവാഹികളുടെ അകമ്പടിയോടെയാണു സ്വീകരിച്ചത്. സ്വരാജ് റൗണ്ട്, എംജി റോഡ്, പടിഞ്ഞാറെക്കോട്ട വഴിയാണു പ്രതിമ പൂങ്കുന്നത്തെത്തിച്ചത്. പുഷ്പഗിരി അഗ്രഹാരത്തിൽ പുഷ്പാർച്ചനയോടെ ഉത്സവാന്തരീക്ഷത്തിൽ  സ്വീകരിച്ചു.

തിരുവമ്പാടി,പാറമേക്കാവ്, ശങ്കരൻകുളങ്ങര, പൂങ്കുന്നം ശിവക്ഷേത്രം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ എത്തിയിരുന്നു. എ.കെ. സുരേഷ്, ഡോ. വി. ആതിര, പൂർണിമ സുരേഷ്, കെ.ജി. നിജി എന്നിവർ മാല ചാർത്തി. സീതാരാമസ്വാമി ക്ഷേത്ര കുംഭാഭിഷേക കമ്മിറ്റി ഭാരവാഹികളായ ടി.എസ്. രാമകൃഷ്ണൻ, ടി.എസ്. കല്യാണ രാമൻ, ടി.എ. ബലരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. അനന്തരാമൻ, ഡി. മൂർത്തി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com