ADVERTISEMENT

പുന്നയൂർക്കുളം∙ ആംബുലൻസിലെ മൊബൈൽ ഫ്രീസറിനടിയിൽ കയറിപ്പറ്റിയ 2 പൂച്ചക്കുഞ്ഞുങ്ങൾ തമിഴകം ചുറ്റി സുരക്ഷിതരായി തിരിച്ചെത്തി. മക്കളെ കാണാതായതിനെ തുടർന്ന് ഭക്ഷണം പോലും ഉപേക്ഷിച്ച് കരഞ്ഞു കാത്തിരുന്ന അമ്മപ്പൂച്ചയുടെ സങ്കടം കണ്ട നാട്ടുകാരുടെ ഇടപെടലാണ് പൂച്ചക്കുഞ്ഞുങ്ങളെ വീണ്ടും അമ്മത്തണലിലെത്തിച്ചത്.  വടക്കേകാട് താമസിച്ചിരുന്ന തമിഴ്‌നാട് കടലൂർ ജില്ല കാട്ടുമണ്ണാർകോവിൽ സിലംബരശന്റെ(38) മൃതദേഹം നാട്ടിലെത്തിക്കാനാണ് ക്രിയേറ്റീവ് ആംബുലൻസ് ചെറായി ഓഫിസിൽ നിന്നു ഫ്രീസർ കയറ്റിയത്.

ഈ സമയം മുറിയിൽ ഉണ്ടായിരുന്ന പൂച്ചക്കുഞ്ഞുങ്ങൾ ആളുകളെ കണ്ട് പേടിച്ച് ഫ്രീസറിനടിയിൽ പതുങ്ങിയെന്നാണ് കരുതുന്നത്. വണ്ടി പോകാൻ നേരത്ത് അമ്മപ്പൂച്ച ആംബുലൻസിനു ചുറ്റും നടന്നു കരഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഫ്രീസർ കിടന്ന മുറിയിലും പരിസരത്തും രാത്രിയും പകലും പൂച്ച കരഞ്ഞു നടന്നു.  സമീപത്തെ കടയുടമ പതിവു ഭക്ഷണം നൽകിയെങ്കിലും കഴിച്ചില്ല. ആംബുലൻസ് പോയ വഴി നോക്കിയുള്ള കിടപ്പു കണ്ടപ്പോഴാണ് കുഞ്ഞുങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ എന്ന സംശയം ഉയർന്നത്.

വായനശാല ഭാരവാഹികൾ ആംബുലൻസ് ഡ്രൈവറെ വിളിക്കുമ്പോൾ വണ്ടി മടക്കയാത്രയിൽ അവിനാശി എത്തിയിരുന്നു. കോയമ്പത്തൂർ എത്തി പരിശോധിച്ചപ്പോഴാണ് 2 കുഞ്ഞുങ്ങളും വണ്ടിയിലുണ്ടെന്ന് മനസ്സിലായത്. കുട്ടികൾ വണ്ടിയിൽ നിന്നു ചാടാതിരിക്കാൻ ചില്ലുകൾ അടച്ചായിരുന്നു പിന്നീടുള്ള യാത്ര.   രാത്രി വൈകി ആംബുലൻസ് ഡ്രൈവർമാരായ രാജേഷ്, അമൽ, സാലി എന്നിവർ കുഞ്ഞുങ്ങളെ അമ്മപ്പൂച്ചയെ ഏൽപിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com