പെയിന്റിങ്, കേറ്ററിങ് ജോലിക്കെല്ലാം പോയി; എസ്എസ്എൽസി ഫലം വന്നപ്പോൾ ശ്രീശാന്തിന് ഫുൾ എ പ്ലസ്

Mail This Article
പെരിങ്ങോട്ടുകര ∙ സാധാരണ വിദ്യാർഥികളെപ്പോലെ അവധിദിവസങ്ങളിൽ കളിച്ചു നടക്കുകയായിരുന്നില്ല വടക്കുമുറി കോന്നോടത്ത് ശ്രീശാന്ത്. പെയിന്റിങ്, കേറ്ററിങ്.. അങ്ങനെ കഴിയാവുന്ന ജോലിക്കെല്ലാം പോയി. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ അങ്ങനെയായിരുന്നു. പക്ഷേ ഇതിനിടയിലും അവൻ പഠിക്കാൻ സമയം കൃത്യമായി മാറ്റിവച്ചു. എസ്എസ്എൽസി ഫലം വന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ച ഏക വിദ്യാർഥിയാണ് ശ്രീശാന്ത്.
പഠിത്ത കാര്യത്തിൽ വലിയ സ്വപ്നങ്ങൾ കണ്ടിരുന്നത് അച്ഛൻ ശശികുമാറായിരുന്നു. അസുഖ ബാധിതനായിരുന്ന അദ്ദേഹം നാലുമാസം മുൻപാണു മരിച്ചത്. അച്ഛനെ നഷ്ടപ്പെട്ട വേദനകൾക്കിടയിലും അദ്ദേഹം ആഗ്രഹിച്ച പോലെ ഉയർന്ന മാർക്ക് നേടിയതിന്റെ സന്തോഷമുണ്ട് ഇന്നു ശ്രീശാന്തിന്.
വലപ്പാട് സ്വദേശി ശശികുമാറിന്റെയും ഷീനയുടെയും ഏക മകനാണ് ശ്രീശാന്ത്. ചുമട്ടുതൊഴിലാളിയായിരുന്നു ശശികുമാർ. വർഷങ്ങളായി പെരിങ്ങോട്ടുകരയിൽ വാടകയ്ക്കാണു താമസം. ഒരു വീടെന്ന സ്വപ്നം എങ്ങുമെത്താത്ത നിലയിലാണ്. പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ജോലി ചെയ്യുന്ന ഷീനയുടെ വരുമാനം ഒന്നിനും തികയാത്ത അവസ്ഥയാണ്. ജോലിക്കിടയിൽ രാത്രി ഉറക്കമൊഴിഞ്ഞിരുന്നു പഠിച്ചു വാങ്ങിയ മാർക്കുമായി നിൽക്കുമ്പോഴും ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ ശ്രീശാന്തിനു പേടിയാണ്. കാരണം സാമ്പത്തികം തന്നെ.