ഗുരുവായൂർ ∙ ദേവസ്വത്തിൽ ഒഴിവുള്ള 10 ആനപ്പാപ്പാന്മാരുടെ തസ്തികയിലേക്ക് അപേക്ഷകരായി എത്തിയത് 109 പേർ. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം അടങ്ങിയ പാനലാണ് ഇന്റർവ്യൂ നടത്തുന്നത്. കേരളത്തിലെ ഒന്നാംനിര ആനകളുടെ പാപ്പാന്മാരും പി.ടി.സെവൻ ടീമിലെ അംഗങ്ങളും അടക്കം അപേക്ഷകരായി എത്തിയവരിൽ ഭൂരിഭാഗവും എണ്ണം പറഞ്ഞ പാപ്പാന്മാരാണ്.
ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലാണ് പ്രാക്ടിക്കൽ. ദേവദാസ്, ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ കൊമ്പന്മാരെ നിർത്തിയാണ് പരീക്ഷ. ആനപ്പുറം കയറുക, ആനയെ നടത്തിക്കുക, നെറ്റിപ്പട്ടം കെട്ടുക, ആനയെ തേയ്ക്കുന്ന ചകിരി ചെത്തി തയാറാക്കുക, മരം കയറുക തുടങ്ങിയ കാര്യങ്ങളിലെ മിടുക്കാണ് പരിശോധിക്കുന്നത്. 3 ദിവസത്തെ ഇന്റർവ്യൂ ഇന്ന് പൂർത്തിയാകും.