ADVERTISEMENT

തൃശൂർ ∙ കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിലൊളിപ്പിച്ചു കടത്തിയ 50 കിലോ കഞ്ചാവുമായി 4 പേർ അറസ്റ്റിൽ. ഒഡീഷ കോരാപ്പ‍ുട് മാച്ചാകുന്ദ് സ്വദേശി ഹരിയമുണ്ട ഗാഡിയ (23), കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ മണിമലകുന്നേൽ തോമസ് (42), ഏറ്റുമാനൂർ തെള്ളകം അതിരമ്പുഴ മാങ്കിലേത്ത് ലിന്റോ (35), കൊടുവള്ളി മാനിപുരം പുത്തൂർ അങ്കമണ്ണിൽ അസറുദീൻ (22) എന്നിവരാണു പിടിയിലായത്. വാണിയമ്പാറയിൽ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ കാർ കുതിരാനിൽ പീച്ചി പൊലീസും നിഴൽ പൊലീസും ചേർന്നു പിടികൂടുകയായിരുന്നു. 

പാലക്കാടു നിന്നെത്തുന്ന കാറിൽ വൻതോതിൽ കഞ്ചാവു കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 4 മണിയോടെയാണു പരിശോധന നടത്തിയത്. വാണിയമ്പാറയിൽ നിന്നു പൊലീസിനെ വെട്ടിച്ചു കടന്ന കാറിനെ കുതിരാൻവരെ പിന്തുടർന്ന പൊലീസ് സംഘം വളഞ്ഞിട്ടു പിടികൂടി. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവിന് ചെറുകിട വിപണിയിൽ 50 ലക്ഷം രൂപയോളം വിലയുണ്ട്. ഒരു മാസത്തിനിടെ സിറ്റി പൊലീസ് നടത്തുന്ന രണ്ടാമത്തെ വൻ കഞ്ചാവുവേട്ടയാണിത്. ഒഡീഷയിൽനിന്ന് ആഡംബരക്കാറിൽ കടത്തിയ 221 കിലോ കഞ്ചാവു ചിയ്യാരത്തു നിന്ന് കഴിഞ്ഞ 5നു സിറ്റി പൊലീസ് സംഘം പിടികൂടിയിരുന്നു. 

വേനലവധിക്കിടെ 300 കിലോയോളം കഞ്ചാവാണു നിഴൽ പൊലീസ് വിവിധ കേസുകളിലായി പിടികൂടിയത്. പീച്ചി എസ്എച്ച്ഒ പി.എം. രതീഷ്, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, രാകേഷ്, ഗോപാലകൃഷ്ണൻ, മനോജ്, എഎസ്ഐ പ്രിയ, സീനിയർ സിപിഒമാരായ പഴനിസ്വാമി, വിശാഖ്, സിപിഒമാരായ വിപിൻദാസ്, ശരത്, റഷീദ്, സനിൽ കുമാർ, ബിനോജ്, മനോജ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

കാറിൽ മണം പുറത്തറിയാത്ത അറ

തൃശൂർ ∙ 50 കിലോ കഞ്ചാവു കടത്താൻ കാറിന്റെ ഡിക്കിക്കുള്ളിൽ രഹസ്യ അറ ഒരുക്കിയത് അതിവിദഗ്ധമായി. ഡിക്കി തുറന്നു പരിശോധിച്ച പൊലീസിന് ആദ്യം സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കഞ്ചാവിന്റെ ഗന്ധവും കാറിൽ അനുഭവപ്പെട്ടില്ല. കഞ്ചാവു വാങ്ങാനാണ് ഒഡീഷയിൽ പോയതെന്നു പ്രതികൾ സമ്മതിച്ചെങ്കിലും ‘സാധനം’ കിട്ടാതെ മടങ്ങിപ്പോരേണ്ടിവന്നെന്നായിരുന്നു മറുപടി. ഇതോടെ പരിശോധന അവസാനിപ്പിക്കാൻ പൊലീസ് നിർബന്ധിതരായി. എന്നാൽ, ഡിക്കിയിൽ മാത്രം പെർഫ്യൂമിന്റെ ഗന്ധം അനുഭവപ്പെട്ടപ്പോൾ സംശയമുണർന്നു. 

ഒരുവട്ടം കൂടി ഡിക്കി തുറന്ന് സ്റ്റെപ്പിനി അടക്കമുള്ള സാധനങ്ങൾ പുറത്തെടുത്തശേഷം ഇരുമ്പുപട്ട ഉപയോഗിച്ചു വെറുതെ കുത്തി നോക്കിയപ്പോഴാണ് അതിവിദഗ്ധമായി അറ നിർമിച്ചിട്ടുണ്ടെന്നു വ്യക്തമായത്. കുത്തിപ്പൊളിച്ചു നോക്കിയപ്പോൾ കഞ്ചാവു പായ്ക്കറ്റുകൾ അടുക്കിയതു കണ്ടെത്തി. കഞ്ചാവിന്റെ മണം പുറത്തുവരാത്ത വിധം ‘സീൽ’ ചെയ്ത നിലയിലാണ് അറ നിർമിച്ചതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. കഞ്ചാവു കടത്താൻ വേണ്ടി മാത്രമായി 1.65 ലക്ഷം രൂപ മുടക്കി വാങ്ങിയ കാറിലായിരുന്നു ഇവരുടെ യാത്ര.  അറസ്റ്റിലായ സംഘത്തിലെ ഒഡീഷ സ്വദേശിയായിരുന്നു ഇടപാടുകളുടെ ഇടനിലക്കാരൻ. കഞ്ചാവ് വാങ്ങാൻ സംഘത്തിനു പണം നൽകിയതാരെന്ന കാര്യത്തിൽ പൊലീസിനു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com