ADVERTISEMENT

പുന്നയൂർ ∙ വീടിനു മുന്നിൽ നിർത്തിയിട്ട 2 കാറും 3 ബൈക്കും തീവച്ചു നശിപ്പിച്ചു. കാട്ടിലെ പള്ളി ബീച്ച് ലിങ്ക് റോഡിൽ കുളങ്ങര വീട്ടിൽ ജമാലിന്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. സമീപത്തെ മറ്റൊരു കാറിലേക്ക് തീപടരും മുൻപേ അണച്ചു. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം. കാറിലെ അലാം ശബ്ദംകേട്ടാണ് ജമാലും വീട്ടുകാരും ഉണർന്നത്. ഈ സമയം വാഹനങ്ങളിലെ തീ വീടിനു മുന്നിലേക്കും ആളിപ്പടർന്നിരുന്നു. അയൽവീടുകളിൽനിന്ന് ഉൾപ്പെടെ വെള്ളം പമ്പ് ചെയ്ത് ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ യണച്ചത്. മുറ്റത്ത് പലയിടത്തായി നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇരു കാറുകൾക്കും ഇടയിലേക്കെത്തിച്ചാണ് തീവച്ചിട്ടുള്ളത്. 

വീടിനുള്ളിലേക്ക് തീപടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. എടക്കഴിയൂർ സ്വദേശിയായ ജമാലിന്റെ ഭാര്യവീടാണ് ഇത്. ജമാലും ഭാര്യയും 3 മക്കളും മകനോടൊപ്പമുള്ള പെൺകുട്ടിയും ഭാര്യയുടെ മാതാപിതാക്കളുമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.  പുലർച്ചെ ഒന്നിനുശേഷമാണ് വീട്ടുകാർ ഉറങ്ങാൻ കിടന്നത്. ഒന്നര മണിക്കൂറിനുള്ളിൽ തീപിടിത്തവുമുണ്ടായി. പ്രദേശത്തെ പമ്പിൽ കുപ്പിയുമായി രണ്ടു പേർ പെട്രോൾ വാങ്ങാൻ വന്നെന്നും കുപ്പിയിൽ തരില്ലെന്നു പറഞ്ഞ് മടക്കിയതായും പറയുന്നു. 2 പേർ എടക്കഴിയൂർ പമ്പിൽനിന്നു ക്യാനിൽ പെട്രോൾ വാങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. എസ്എച്ച്ഒ അമൃത് രംഗൻ, എസ്‌ഐ സിസിൽ ക്രിസ്റ്റിയൻരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

പ്രണയം, തർക്കം, ഭീഷണി

ജമാലിന്റെ മകനും ഒരുമനയൂർ സ്വദേശിയായ പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് അക്രമത്തിനു കാരണമായി വീട്ടുകാർ സംശയിക്കുന്നത്. പെൺകുട്ടിയെ മർദിക്കുന്നെന്ന ജമാലിന്റെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജമാലിന്റെ മകനൊപ്പം പോകാനാണ് പെൺകുട്ടി താൽപര്യം അറിയിച്ചത്. ഒന്നര മാസമായി ജമാലിന്റെ വീട്ടിലാണ് പെൺകുട്ടിയുടെ താമസം. പെൺകുട്ടിയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീട്ടുകാരും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായി ജമാൽ പറയുന്നു. വ്യാഴാഴ്ചയും ഇതു സംബന്ധിച്ച് ചർച്ചയും പിന്നാലെ ഭീഷണിയും ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com