ADVERTISEMENT

തിരുവില്വാമല∙ ആക്കപ്പറമ്പിൽ ആര്യമാല പുരാണ നൃത്ത നാടകം അരങ്ങേറി. 4 പതിറ്റാണ്ടിനു ശേഷമാണു 24 മനൈ തെലുങ്കു ചെട്ടി സമുദായാംഗങ്ങൾ നാടകം പുനരാവിഷ്കരിച്ചത്. അൻപതോളം ആളുകളുടെ 6 മാസം നീണ്ട പ്രയത്ന ഫലമായാണ് 6 മണിക്കൂറോളം ദൈർഘ്യമുള്ള പുരാണ നൃത്ത നാടകം യാഥാർഥ്യമാക്കിയത്. തമിഴ്നാട്ടിലും പാലക്കാടിന്റെ തെക്കു–കിഴക്കൻ മേഖലകളിലുമായി ചുരുക്കം ചില വേദികളിൽ മാത്രമാണ് ഇപ്പോൾ ആര്യമാല നാടകം അവതരിപ്പിക്കാറുള്ളത്. സന്താന ലബ്ധിക്കായി യാഗം നടത്തിയ ആര്യപ്പൂ രാജാവിനു യാഗാഗ്നിയിൽ നിന്നു വരമായി കിട്ടിയ മകളാണ് ആര്യമാല. വിവാഹം ചെയ്യാതെ മാതാപിതാക്കൾക്കൊപ്പം ആണായും പെണ്ണായും ആര്യമാല ജീവിക്കണമെന്നു യാഗം നടത്തിയ ബ്രാഹ്മണർ കൽപിച്ചിരുന്നു. യുവതിയായ ആര്യമാലയെ കണ്ടു മോഹിച്ച കാത്തവരായൻ അവളെ വിവാഹം കഴിക്കാൻ നേരിടുന്ന കടുത്ത പരീക്ഷണങ്ങളാണു നാടകത്തിന്റെ ഇതിവൃത്തം. 

തമിഴും മലയാളവും കലർന്ന ഇരുനൂറോളം പാട്ടുകൾക്കൊത്തുള്ള നൃത്തവും സംഭാഷണങ്ങളും ചേർന്നാണു കഥ അവതരിപ്പിച്ചത്.നാടകത്തിന്റെ സംവിധായകനും  ആശാൻമാരിൽ ഒരാളുമായ എസ്. സുന്ദരൻ ചെട്ടിയാരുടെ വാമൊഴിയിൽ നിന്നു നാട്ടുകാരനായ എം. ശിവകുമാർ പകർത്തിയെടുത്ത പാട്ടും സംഭാഷണങ്ങളും മനഃപാഠമാക്കിയാണു 20 പേർ ചേർന്ന് ആര്യമാല രംഗത്ത് അവതരിപ്പിച്ചത്. 10 പേർ പിന്നണിയിൽ പാട്ടുകാരായും ഉണ്ടായിരുന്നു. ചമയങ്ങൾ പാലക്കാട് തത്തമംഗലത്തി നിന്നു വാടകയ്ക്കെടുത്താണു നാടകം നടത്തിയത്. ആര്യപ്പൂ രാജാവായി ഭുവനേശ്വരി അമ്മയും (70) മലർമാല റാണിയായി അമൃതവല്ലിയും (58) പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച വച്ചു.

കാത്തവരായനായി കെ. കൃഷ്ണൻകുട്ടി വേഷമിട്ടു. ആര്യമാലയുടെ വിവിധ കാലഘട്ടങ്ങൾ ദിയ, വിജയം, വസന്തകുമാരി എന്നിവർ അവതരിപ്പിച്ചു. 40 വർഷം മുൻപ്  അരങ്ങേറിയ ആര്യമാലയിൽ അഭിനയിച്ച എ.സുന്ദരൻ ചെട്ടിയാർ (82) എ.പി. ആറുമുഖൻ (70), കെ. കൃഷ്ണൻകുട്ടി (62), എം. ശിവചന്ദ്രൻ (62), വിജയം (67) തുടങ്ങിയവർ ഇത്തവണയും വേഷമിട്ടു. അമ്മൻ കല്യാണ മണ്ഡപത്തിൽ അരങ്ങേറിയ നാടകം കാണാൻ നൂറു കണക്കിനു പേർ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com