ADVERTISEMENT

തൃശൂർ∙ ഭക്തിനിർഭരമായ ഒട്ടേറെ ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി(84) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലോടെ തൃശൂർ ഷൊർണൂർ റോഡിലെ വെള്ളാട്ട് ലെയ്ൻ കൃഷ്ണ ഗാർഡൻസിലെ ‘പുഷ്പാ‍ഞ്ജലി’യിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് പാറശ്ശേരി പെരുന്തലക്കാട്ട് മന കുടുംബാംഗമാണ്. സംസ്കാരം തറവാട്ടുവീട്ടിൽ നടത്തി. മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഗീത സംവിധായകനാണ് പി.കെ.കേശവൻ നമ്പൂതിരി. പുഷ്പാഞ്ജലി (1981), ശരണമഞ്ജരി, രുദ്രാക്ഷമാല (1984), വനമാല (1987) തുടങ്ങി ഇരുപതോളം സംഗീത ആൽബങ്ങൾക്ക് ഈണം നൽകി. വിഘ്നേശ്വരാ ജന്മനാളികേരം, അമ്പാടിതന്നിലൊരുണ്ണി, വടക്കുന്നാഥനു സുപ്രഭാതം പാടും (പി.ജയചന്ദ്രൻ– പുഷ്പാഞ്ജലി), ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ, ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും (യേശുദാസ്– വനമാല) തുടങ്ങി എസ്. രമേശൻ നായർ രചിച്ച സുപ്രസിദ്ധ ഭക്തിഗാനങ്ങൾ ഇതിൽപ്പെടും. ഒട്ടേറെ ലളിതഗാനങ്ങൾക്കും സംഗീതം നൽകി.

thrissur-m-pk
പി.കെ.കേശവൻ നമ്പൂതിരിയുടെ 84-ാം പിറന്നാൾ ആഘോഷച്ചടങ്ങിൽ അദ്ദേഹത്തിനൊപ്പം ഗായകൻ പി.ജയചന്ദ്രൻ (ഫയൽ ചിത്രം).

പാലക്കാട് മ്യൂസിക് കോളജിൽനിന്ന് 1960കളിൽ ഗാനഭൂഷണം പാസായി. സംഗീതജ്ഞരായ സി.എസ്.കൃഷ്ണയ്യർ, പുതുക്കോട് കൃഷ്ണമൂർത്തി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പഠനം. പിന്നീടു മദ്രാസ് മ്യൂസിക് കോളജിലേക്ക് ഉപരിപഠനത്തിനായി പോയെങ്കിലും ഡോ.എം.ബാലമുരളീകൃഷ്ണയുടെ കീഴിൽ സംഗീതപഠനം പൂർത്തിയാക്കാനായിരുന്നു നിയോഗം. യേശുദാസ്, പി. ജയചന്ദ്രൻ, സംഗീത സംവിധായകൻ രവീന്ദ്രൻ എന്നിവരുമായി സൗഹൃദം സ്ഥാപിച്ചതും മദ്രാസിലാണ്. 1972–73 കാലത്ത് കോഴിക്കോട് ആകാശവാണിയിൽ മ്യൂസിക് കംപോസർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ആകാശവാണി തൃശൂർ നിലയം ആരംഭിച്ചപ്പോൾ ഇതേ തസ്തികയിൽ തുടർന്നു. 

വർഷങ്ങളോളം ലളിതസംഗീതപാഠത്തിനു നേതൃത്വം നൽകി. 1998ൽ പ്രോഗ്രാം എക്സിക്യൂട്ടീവായാണു വിരമിച്ചത്. വിക്ടോറിയ കോളജിലെ പ്രീ യൂണിവേഴ്സിറ്റി പഠനകാലത്തുതന്നെ ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു.ഭാര്യ: ഡോ.നിർമലാദേവി (‌തൈക്കാട്ടുശ്ശേരി തൈക്കാട്ട് മൂസ് കുടുംബാംഗം). മക്കൾ: സച്ചിൻ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബെംഗളൂരു), സീന (യുഎസ്). മരുമക്കൾ: ശ്രീപ്രിയ (കോർപറേഷൻ ബാങ്ക്, ബെംഗളൂരു), ബിമൽ (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്).

ഒരു പകൽ, പത്തു പാട്ടുകൾ; സംഗീതമായിരുന്നു ജീവിതം

എനിക്കു കേശവൻ നമ്പൂതിരിയെ അറുപതുകൾ മുതൽ അറിയാം. വല്ലാത്തൊരു ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുമായിരുന്നു, നിങ്ങൾ കഴിഞ്ഞ ജന്മം ഒരുമിച്ചായിരുന്നോയെന്ന്. ഒരിക്കൽ രമേശൻ നായരെയും കുട്ടി അദ്ദേഹം വീട്ടിൽ വന്നു. കുറച്ചു നല്ല പാട്ടുകളുണ്ടെന്നു പറഞ്ഞാണു വന്നത്. എന്റെ പാട്ടുകൾക്കായി നേരത്തേ ചോദിച്ചിരുന്നു. ചെയ്യാമെന്നു പറഞ്ഞെങ്കിലും നടന്നില്ല. ഞാൻ കേശവൻ നമ്പൂതിരിയോടും രമേശൻ നായരോടും പറഞ്ഞു, ഗണപതിയെക്കുറിച്ചുള്ള പാട്ട് ഇല്ലാത്തതു കൊണ്ടാകും നടക്കാതെപോകുന്നതെന്ന്. പോയി എഴുതിവരൂ എന്നുപറഞ്ഞ് അവരെ മടക്കി. അടുത്തദിവസം ഗണപതിയുടെ പാട്ടുമായി അവർ തിരിച്ചെത്തി. രാവിലെ വിളിച്ചയുടനെ, സംഗീത എന്ന കസെറ്റ് കമ്പനി പറഞ്ഞു ഉടൻ റെക്കോർഡ് ചെയ്യാമെന്ന്. 10 പാട്ടുകൾ രാവിലെ 10 മുതൽ സന്ധ്യവരെ റെക്കോർഡ് ചെയ്തുതീർത്തു. അതാണ് മലയാള ഭക്തിഗാനരംഗത്തു ചരിത്രം സൃഷ്ടിച്ച ‘പുഷ്പാഞ്ജലി’. 

പിന്നീട് എത്രയോ ഗാനങ്ങൾ ഒരുമിച്ചു ചെയ്തു. യേശുദാസുമായി അദ്ദേഹം ചെയ്ത ‘വനമാല’ പോലുള്ള പാട്ടുകളും ഹിറ്റായി. അദ്ദേഹം കറകളഞ്ഞ ഭക്തനായിരുന്നു. എല്ലാം ഈശ്വരചൈതന്യം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. പലപ്പോഴും വഴക്കു കൂടി. സംഗീതത്തെക്കുറിച്ചു മതിയാവോളം സംസാരിച്ചു. കേശവൻ നമ്പൂതിരി സുഹൃത്തുമാത്രമായിരുന്നില്ല. അതിലുമപ്പുറത്തു ചേർന്നു നിന്ന ഹൃദയമായിരുന്നു. വേർപിരിയാൻ പറ്റാത്ത ഒരാൾ യാത്രയായി. കുറച്ചുനാൾ മുൻപും കണ്ടിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. എനിക്കു വല്ലാത്ത വേദന തോന്നി. വർഷങ്ങൾക്കു ശേഷവും കേശവൻ നമ്പൂതിരിയുടെ പാട്ടുകൾ ബാക്കിയാകും. നമ്പൂതിരിയുടെ പാട്ടുകൾ ഇല്ലാതെ ഭക്തിഗാനങ്ങളുടെ കഥ പറയാനാകില്ല. ആ ജീവിതം തന്നെ സംഗീതമായിരുന്നു.

യേശുദാസിന്റെ വിളിയിൽ കൊരുത്ത ‘വനമാല’

തൃശൂർ ∙ 1980കളുടെ തുടക്കം. കേശവൻ നമ്പൂതിരിയെ അന്വേഷിച്ച് ആകാശവാണി നിലയത്തിലേക്ക് ഒരു ഫോൺ വിളിയെത്തി. ഫോണെടുത്ത ജീവനക്കാരൻ ഓടിക്കിതച്ചെത്തി, ‘സർ, യേശുദാസാണ് ഫോണിൽ’ എന്നറിയിച്ചു. മദ്രാസിൽ ഡോ.ബാലമുരളീകൃഷ്ണയുടെ ശിഷ്യനായിരുന്ന കാലം മുതൽക്കേ യേശുദാസിനെ അറിയാമെങ്കിലും ആ വിളിയിൽ അത്ഭുതവും ആകാംക്ഷയും ശ്രുതിചേർന്നിരുന്നു. ‘ജയചന്ദ്രനു വേണ്ടി തിരുമേനി ചെയ്ത ‘പുഷ്പാഞ്ജലി’യിലെ ഗാനങ്ങൾ കേട്ടു. നന്നായിരിക്കുന്നു. എനിക്കും അതുപോലെ കുറച്ചു പാട്ടുകൾ ചെയ്തുതരണം’– യേശുദാസിന്റെ അഭ്യർഥന.

ആകാശവാണിയിൽ ജോലിക്കാരനായതിനാൽ ഒഴികഴിവുകൾ പലതു പറഞ്ഞെങ്കിലും യേശുദാസ് പിടിവിട്ടില്ല. നേരിൽ കാണാമെന്നു പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. പിന്നീട് ഇരുവരും കാണുന്നതു കൊച്ചിയിലാണ്. അങ്ങനെ യേശുദാസിന്റെ തരംഗിണി കസെറ്റ്സ് ‘വനമാല’ എന്ന പേരിൽ പുറത്തിറക്കിയ ആ ആൽബം ഗന്ധർവസ്വരമാധുരിയിൽ നിറഭക്തിയുടെ ഗാനമാലിക തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com