ADVERTISEMENT

തൃശൂർ ∙ 200 കോടിയിലേറെ രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് നിക്ഷേപത്തട്ടിപ്പു കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ രാജ്യംവിട്ടെന്നു നിക്ഷേപകരുടെ ആരോപണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇഴയുകയാണെന്നും മുഖ്യപ്രതി ജോയ് ഡി. പാണഞ്ചേരിയുടെ മക്കളായ ഡേവിഡ്, ചാക്കോ എന്നിവർ വിദേശത്തേക്കു കടന്നെന്നും നിക്ഷേപകരുടെ കൂട്ടായ്മ ആരോപിച്ചു. റെഡ് കോർണർ നോട്ടിസ് ഇറക്കി ഇവരെ തിരികെ എത്തിച്ചു വിചാരണയ്ക്കു വിധേയമാക്കണം. ധനവ്യവസായ ബാങ്കേഴ്സിന്റെ ഡയറക്ടർമാരായിരുന്ന ഇവർക്കു തട്ടിപ്പിൽ നേരിട്ടു പങ്കാളിത്തമുണ്ട്. നിക്ഷപകരിൽനിന്നു കോടികൾ തട്ടിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുമെന്നും നിക്ഷേപകർ പറഞ്ഞു.

ഇവരുടെ ആരോപണങ്ങളിങ്ങനെ: ധനവ്യവസായ സ്ഥാപനത്തിൽ ജോയ് ഡി.പാണഞ്ചേരിയുടെ അനുയായികളായി പ്രവർത്തിച്ച 2 ജീവനക്കാരെ ചോദ്യംചെയ്താൽ തട്ടിച്ച പണം എവിടെ ഒളിപ്പിച്ചെന്നു കണ്ടെത്താനാകും. ജോയിയുടെ ഭാര്യ കൊച്ചുറാണിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം. പോസ്റ്റ് ഓഫിസ് റോ‍ഡിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള പാണഞ്ചേരി ബിൽഡിങ്ങിന്റെ വാടക, ബെനാമികളെ ഉപയോഗിച്ച് ഇപ്പോഴും പിരിച്ചെടുക്കുന്നുണ്ട്. ഈ വാടക തുക നിക്ഷപകർക്കു നൽകാൻ നടപടിയെടുക്കണം. ജോയിയുടെ മകൻ ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്കും ഫണ്ട് തിരിമറി നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവർ ആത്മഹത്യയുടെ വക്കിലാണ്. നിക്ഷേപകർക്കു നീതി ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

റെഡ് കോർണർ നോട്ടിസിന് നടപടിയെന്ന് പൊലീസ്

നിക്ഷേപത്തട്ടിപ്പു കേസിൽ രാജ്യംവിട്ടതായി സംശയിക്കുന്ന പ്രതികൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങിയെന്നു പൊലീസ്. മുഖ്യപ്രതി ജോയിയുടെ മക്കളായ ചാക്കോ, ഡേവിഡ് എന്നിവർക്കെതിരെയാണു നോട്ടിസ് ഇറക്കുക. രണ്ടാം പ്രതിയും ജോയിയുടെ ഭാര്യയുമായ കൊച്ചുറാണിക്കു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വേഗക്കുറവില്ലെന്നും നിക്ഷേപകർക്കു നീതി ലഭിക്കുംവരെ നടപടി തുടരുമെന്നും എസിപി കെ.സി. സേതു പറഞ്ഞു.

200 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം ഇഴയുകയാണെന്ന‍ാരോപിച്ചു നിക്ഷേപകർ രംഗത്തെത്തിയതോടെയാണു പൊലീസിന്റെ വിശദീകരണം. റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ സങ്കീർണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നതാണു കാലതാമസത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ബഡ്സ് നിയമം ചുമത്തി സ്വത്തു കണ്ടുകെട്ടാനുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ജോയ്, കൊച്ചുറാണി, ചാക്കോ, ഡേവിഡ് എന്നിവരുടെ മുഴുവൻ സ്വത്തുക്കളും ഇത്തരത്തിൽ കണ്ടുകെട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com