വെള്ളക്കെട്ട് പഠിക്കാനെത്തിയ കലക്ടറോട് ജലക്ഷാമം അറിയിച്ച് നാട്ടുകാർ

HIGHLIGHTS
  • അടിയന്തര പരിഹാരത്തിന് ഇടപെട്ട് കലക്ടര്‍
5
മേലൂർ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങൾ കലക്ടർ വി.ആർ. കൃഷ്ണതേജ സന്ദർശിക്കുന്നു
SHARE

പരിയാരം ∙ പ്രളയത്തിൽ വെള്ളം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പഠിക്കാനെത്തിയ കലക്ടർക്കു ലഭിച്ചത്ശുദ്ധജലം കിട്ടാത്തതിന്റെ ദുരിതത്തെ കുറിച്ചുള്ള പരാതി. പഞ്ചായത്തിലെ ഒരപ്പന, തൂമ്പാക്കോട് പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം ഇല്ലാതായിട്ട് ഒരു മാസമാകുന്നതായി കലകോടറോടു നാട്ടുകാർ പരാതിപ്പെട്ടു. 40 വർഷത്തിലധികം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകൾ കാലഹരണപ്പെട്ടു നശിച്ചതാണു കാരണമെന്നും അവർ അറിയിച്ചു. ഇതു കാരണം 30 കുടുംബങ്ങൾക്കാണു ശുദ്ധജലം കിട്ടാക്കനിയായത്. പണം കൊടുത്തു ടാങ്കുകളിൽ നിറച്ച് വെള്ളം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം നിലച്ചു. ദൂരെ ധാരാളം വെള്ളമുള്ള കിണറുകളിൽ നിന്നും കുടങ്ങളിൽ ചുമന്നു കൊണ്ട് വന്നാണ് ഒരു മാസക്കാലം കഴിഞ്ഞതെന്നും അവർ അറിയിച്ചു.

പ്രളയസാധ്യതാ പ്രദേശങ്ങൾ സന്ദർശിക്കാൻ സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കൊപ്പം എത്തിയതായിരുന്നു കലക്ടർ. ഇതറിഞ്ഞു പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കാത്തു നിന്നു കാണുകയായിരുന്നു.  പരിയാരം മംഗലം കോളനിയിലെത്തിയ കലക്ടർക്കു സിപിഐ  പരിയാരം ലോക്കൽ സെക്രട്ടറി വി.എം. ടെൻസന്റ നേതൃത്വത്തിൽ നിവേദനം നൽകി. പരാതി ശ്രദ്ധാപൂർവം കേട്ട കലക്ടർ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരെ തത്സമയം ഫോണിൽ ബന്ധപ്പെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നു.  കേടായ പൈപ്പുകൾ മാറ്റാൻ കിഫ്ബി പദ്ധതികളിൽ ഉൾപ്പെട്ട റോഡുകൾ കുത്തിപ്പൊളിക്കാൻ അനുവദിക്കാത്തതാണു കുടിവെള്ളം മുട്ടിച്ചത്.

റോഡ് പൊളിച്ച് പൈപ്പ് മാറ്റാൻ നിർദേശിച്ചതോടെ ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കപ്പെടുമെന്നുറപ്പായി. അതുവരെ താൽക്കാലികമായി വെള്ളം എത്തിച്ചു നൽകാൻ പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനോടു നിർദേശിച്ചു. കലക്ടറുടെ ഇടപെടൽ കയ്യടികളോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്.വർഷങ്ങളായി എല്ലാ വർഷവും പലവട്ടം പ്രളയം ബാധിക്കുന്ന മംഗലൻ കോളനി നിവാസികളുടെ പരാതികളും ദുരിതാനുഭവങ്ങളും കലക്ടർ ശ്രദ്ധാപൂർവം കേട്ടു. അവയെല്ലാം പരിഹരിക്കാനാണു ശ്രമമെന്ന് ഉറപ്പു നൽകിയായിരുന്നു മടക്കം. തോട് മൂടിപ്പോയതും മതിൽ കെട്ടിയതും ഉൾപ്പെടെ വെള്ളക്കെട്ടിനു കാരണമായ പ്രശ്നങ്ങൾ പരിശോധിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.പ്രളയകാലത്തു കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിലെ പുനഃരധിവസിപ്പിക്കുന്നതിന് കാര്യക്ഷമമായ സംവിധാനം ഒരുക്കണമെന്നും പുതിയ കമ്യൂണിറ്റി ഹാൾ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.

പ്രളയബാധിത പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു

മേലൂർ∙ പ്രളയബാധിത പ്രദേശങ്ങളിൽ കലക്ടർ വി.ആർ. കൃഷ്ണതേജയും സനീഷ്‌കുമാർ ജോസഫ് എംഎൽഎയും സന്ദർശനം നടത്തി.ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സമയങ്ങളിൽ വെള്ളത്തിലായ എളമ്പ്ര, എരുമപ്പാടം കോളനികളിലും കാടുകുറ്റി പഞ്ചായത്തിലെ വാളൂർ, വെണ്ണൂർ മേഖലകളിലുമാണ് സംഘമെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.  ദുരന്തനിവാരണ കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ വീടുകളിലെത്തി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇരുകോളനികളിലുമായി വർഷങ്ങളായി താമസിച്ചുവരുന്നവർക്ക് ഇതുവരെയും പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് സ്ഥലവാസികൾ കലക്ടറെ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് കലക്ടർ പഞ്ചായത്ത് സെക്രട്ടറിയോടും പ്രസിഡന്റിനോടും ആവശ്യപ്പെട്ടു.

തഹസിൽദാർ ഇ.എൻ. രാജു, പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീലത, വൈസ് പ്രസി പോളി പുളിക്കൻ, സ്ഥിരസമിതി അധ്യക്ഷരായ സതി ബാബു, വിക്‌ടോറിയ ഡേവിസ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, സ്ഥിരസമിതി അധ്യക്ഷരായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, സെക്രട്ടറി സീജോ കരേടൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS