ADVERTISEMENT

തൃശൂർ ∙ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തു നൽകാമെന്നു വിശ്വസിപ്പിച്ചു കുന്നംകുളം സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.69 ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ.മാഡഗോമുണ്ട മുർളി പഹാരി സ്വദേശി അജിമുദ്ദീൻ അൻസാരി (26) ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. തട്ടിയെടുത്ത പണം കൈമാറ്റം ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കണ്ടെത്തി പ്രതിയെ ജാർഖണ്ഡിലെത്തി കയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തട്ടിപ്പ്. ദേശസാത്കൃത ബാങ്കിൽ നിന്നാണെന്നു പരിചയപ്പെടുത്തി കുന്നംകുളം സ്വദേശിനിയെ തേടി ഫോൺവിളിയെത്തി.

ക്രെഡിറ്റ് കാർഡിനു വേണ്ടി ബാങ്കിന് അപേക്ഷ നൽകിയിരുന്നതിനാൽ പരാതിക്കാരിക്കു സംശയം തോന്നിയില്ല. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ഒരു മൊബൈൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്നു തട്ടിപ്പുകാരൻ വിശ്വസിപ്പിച്ചു. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന മട്ടിൽ സൂത്രത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം 7 തവണയായി 3.21 ലക്ഷം രൂപ തട്ടിയെടുത്തു. ക്രെഡിറ്റ് കാർഡിൽ നിന്ന് 48,000 രൂപയും തട്ടി. പരാതിക്കാരി സിറ്റി സൈബർ സ്റ്റേഷനിൽ പരാതി നൽകി. 

നഷ്ടപ്പെട്ട പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ. അഷറഫ്, എസ്ഐ ആർ.എൻ. ഫൈസൽ, സീനിയർ സിപിഒ വിനോദ് എൻ. ശങ്കർ, സിപിഒമാരായ വി.ബി. അനൂപ്, കെ. അനീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

പണം തട്ടാൻ റിമോട്ട് ആക്സസ് ആപ്പുകൾ

ഫോണിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്താൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നതു റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകൾ. ഇത്തരം ആപ്പുകളുടെ ലിങ്കുകൾ അജ്ഞാത ഉറവിടങ്ങളിൽ നിന്നു ലഭിച്ചാൽ ക്ലിക്ക് ചെയ്യരുത്. ഇവ ഫോണിലോ കംപ്യൂട്ടറുകളിലോ ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും നിയന്ത്രണം വിദൂരത്തിരുന്നു കുറ്റവാളികൾക്ക് ഏറ്റെടുക്കാനാകും.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വകാര്യ – ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ഫോണിലൂടെ വിളിയെത്തിയാൽ പൊലീസിനെ അറിയിക്കണം. അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് – ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, പിൻ നമ്പർ, സിവിവി എന്നിവ ആവശ്യപ്പെട്ടു കൊണ്ടു ബാങ്കുകളിൽ നിന്നു ഫോൺവിളി വരില്ല എന്ന കാര്യം ആദ്യം തിരിച്ചറിയണം.ഇത്തരം സാഹചര്യങ്ങളിൽ ബാങ്ക് ശാഖയുമായി നേരിട്ടു ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com