ADVERTISEMENT

തൃശൂർ ∙ ഡേവിസിന്റെ വീടിന്റെ സ്വീകരണമുറിയിൽ അംബാസഡർ, റോയൽ എൻഫീൽഡ്, ട്രയംഫ്, ഇമ്പാല തുടങ്ങിയ കമ്പനികളുടെ ‘വണ്ടി’കൾ യഥേഷ്ടം പാർക്ക് ചെയ്തിരിക്കുന്നതു കാണാം. വണ്ടികളെന്നു പറയുമ്പോൾ മോട്ടർസൈക്കിളുകളോ കാറുകളോ അല്ല, ഈ കമ്പനികൾ ഒരു നൂറ്റാണ്ടോളം മുൻപു പുറത്തിറക്കിയ സൈക്കിളുകൾ ആണു വീടുനിറയെ. റാലി ഇംഗ്ലണ്ട്, ഹെർക്കുലീസ്, ഫിലിപ്സ്, റോബിൻഹുഡ് തുടങ്ങിയവയടക്കം 120 വിന്റേജ് സൈക്കിളുകൾ ഡേവിസിന്റെ ശേഖരത്തിലുണ്ട്. 15 വർഷമായി തുടരുന്ന സൈക്കിൾ സമാഹരണം മൂലം കിടപ്പുമുറികളടക്കം പാർക്കിങ് ഏരിയയാക്കി മാറ്റേണ്ടിവന്നു! 

റോബിൻഹുഡ് കമ്പം

നെല്ലിക്കുന്ന് ഹരിതനഗർ വല്ലച്ചിറക്കാരൻ ഡേവിസ് ആന്റണി (67) ആദ്യമായി സൈക്കിൾ ഉപയോഗിച്ചത് 1969ൽ ആണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ആന്റണി സിങ്കപ്പൂർ നിർമിതമായ റോബിൻഹുഡ് സൈക്കിൾ വാങ്ങിനൽകി. 10 വർഷം ഡേവിസിന്റെ ‘ചങ്ക്’ ആയിരുന്നു ആ സൈക്കിൾ. പിന്നീടു മോട്ടർസൈക്കിൾ വാങ്ങിയതോടെ 25 കൊല്ലം സൈക്കിൾ ഉപയോഗിച്ചില്ല. ‘ആന്റിക്’ സാധനങ്ങൾ ശേഖരിക്കുന്ന കമ്പം പണ്ടേ ഉണ്ടായിരുന്നു.

15 കൊല്ലം മുൻപു ബെംഗളൂരുവിൽ റാലി ഇംഗ്ലണ്ടിന്റെ 78 വർഷം പഴക്കമുള്ള സൈക്കിൾ ലേലത്തിനു വയ്ക്കുന്ന വിവരമറിഞ്ഞു ഡേവിസ് വച്ചുപിടിച്ചു. 1945ൽ 200 രൂപ വിലയുണ്ടായിരുന്ന സൈക്കിൾ 7000 രൂപയ്ക്കു ലേലത്തിൽ വാങ്ങി. 3 സ്പീഡ് ഗീയർ, വീലിനുള്ളിലെ ഡൈനാമോ തുടങ്ങിയ പ്രത്യേകതകളുള്ള സൈക്കിൾ ഡേവിസിന്റെ ഹൃദയം കവർന്നു. റോയൽ എൻഫീൽഡ് കമ്പനി മോട്ടർസൈക്കിളുകൾ നിർമിക്കാൻ തുടങ്ങുന്നതിനു മുൻപു പുറത്തിറക്കിയ 85 കൊല്ലം പഴക്കമുള്ള സൈക്കിൾ 25,000 രൂപയ്ക്കാണു ഡേവിസ് വാങ്ങിയത്.  50ലേറെ വ്യത്യസ്ത ബ്രാൻഡുകൾ ഈ ശേഖരത്തിൽ കാണാം. 

ഹിറ്റാണീ മോഡലുകൾ

1950കളിൽ ചവിട്ടുവണ്ടി എന്നു കേരളത്തിൽ അറിയപ്പെട്ടിരുന്ന സൈക്കിളുകളിൽ ത്രീ സ്പീഡ്, ഫോർ സ്പീഡ് മോഡലുകളായിരുന്നു സൂപ്പർസ്റ്റാറുകൾ. ഇതിൽ സ്പോർട്സ് മോഡൽ സൈക്കിളുകൾ അത്യപൂർവം. രാജ്യത്തിന്റെ പലഭാഗത്തായി അലഞ്ഞാണു ഡേവിസ് 25 സ്പോർട്സ് വിന്റേജ് സൈക്കിളുകൾ ശേഖരിച്ചത്. ചവിട്ടുന്നതിനിടെ പെഡൽ പിന്നിലേക്കു കറക്കിയാൽ നിൽക്കുന്ന പെഡൽ ബ്രേക്ക് മോഡൽ, കോംബിനേഷൻ ബ്രേക്ക് മോഡൽ, വീലിനുള്ളിൽ ഡ്രം ബ്രേക്കുള്ള മോഡൽ തുടങ്ങിയവയെല്ലാം ഡേവിസിന്റെ കൈവശമുണ്ട്. ഇവയുടെ ഡൈനാമോയാണു കൂടുതൽ രസകരം. മണ്ണെണ്ണയൊഴിച്ചു തെളിക്കുന്നവ, കാർബൈഡ് ഉപയോഗിച്ചു കത്തിക്കുന്നവ, വീൽ കറങ്ങുമ്പോൾ തെളിയുന്നവ തുടങ്ങിയ ഡൈനാമോകൾ ഇക്കൂട്ടത്തിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com