കൊടുങ്ങല്ലൂർ ∙ ഡേറ്റിങ് ആപ് വഴി പരിചയപ്പെടുന്ന യുവാക്കളെ കബളിപ്പിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം പുതുവൽപുരയിടം അജ്മൽ (28), ചാപ്പാറ വാലത്തറ അഖിൽ (29) എന്നിവരെ ആണ് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പരിചയപ്പെടുന്ന യുവാക്കളെ വിവിധ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി മൊബൈൽ ഫോൺ താൽക്കാലികമായി ഉപയോഗിക്കാൻ വാങ്ങി കടന്നു കളയുകയാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം കിഴക്കേ നടയിൽ ബാർ ഹോട്ടലിൽ വിളിച്ചു വരുത്തി മൊബൈൽ ഫോൺ ഉപയോഗിക്കാൻ വാങ്ങിയ ശേഷം സംഘം മുങ്ങുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്ഐ ഹരോൾഡ് ജോർജ്, സിപിഒമാരായ ഫൈസൽ, വിപിൻ കൊല്ലാറ, രാജൻ, ഗോപകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.