തൃശൂർ ∙ സംസ്ഥാന കുടുംബശ്രീ കലോത്സവം ആദ്യദിനത്തിൽ 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ 48 പോയിന്റ് വീതം നേടി കണ്ണൂരും കോഴിക്കോടുമാണു മുന്നിൽ. കാസർകോട് (44), തൃശൂർ (35) ജില്ലകളാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ആദ്യദിനത്തിൽ രചനാ മത്സരങ്ങൾ, കവിതാ പാരായണം, കണ്ണേറുപാട്ട്, മരംകൊട്ടുപാട്ട്, കൂളിപാട്ട് തുടങ്ങിയവ അരങ്ങേറി. 9 വേദികളിലായി 2570 പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം നാളെ സമാപിക്കും. ആയിരങ്ങൾ അണിനിരന്ന വിളംബര ഘോഷയാത്ര കുടുംബശ്രീയുടെ കരുത്തും വൈവിധ്യവും വെളിവാക്കി.
നടുവിലാൽ പരിസരത്ത് ആരംഭിച്ച ഘോഷയാത്രയിൽ വിവിധ താള, മേള, വാദ്യ സംഘങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്തു. റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.