‘സീറ്റുകളിൽ ഇരുന്നവരെല്ലാം ബോഗിയുടെ ഭിത്തിയിലും മേൽക്കൂരയിലും തെറിച്ചുവീണു, അഭയം തേടി ഞങ്ങൾ ഓടി’
Mail This Article
തൃശൂർ ∙ ‘അതിഭയങ്കരമായൊരു ശബ്ദവും കുലുക്കവുമായിരുന്നു ആദ്യം. ഞങ്ങൾ ഇരുന്ന ബോഗി ആരോ എടുത്തെറിഞ്ഞതുപോലെ പാളത്തിൽ നിന്നു തെറിച്ചു. വീഴ്ചയുടെ ശക്തിയിൽ ബോഗി വീണ്ടും നിലത്തുകിടന്നു തിരിഞ്ഞു. സീറ്റുകളിൽ ഇരുന്നവരെല്ലാം ബോഗിയുടെ ഭിത്തിയിലും മേൽക്കൂരയിലുമൊക്കെ തെറിച്ചുവീണു. ഒരുവിധം എഴുന്നേറ്റു പുറത്തുകടന്നപ്പോഴാണ് ഞങ്ങളുടെ തൊട്ടുപിന്നിലെ ബോഗി 2 കഷണമായി തകർന്നുകിടക്കുന്നതു കണ്ടത്. ഏതുനിമിഷവും ട്രെയിനിനു തീപിടിക്കാം എന്നാരോ വിളിച്ചു പറഞ്ഞതോടെ ഞങ്ങളെല്ലാവരും പരിഭ്രാന്തരായി ഓടി. നിലത്തു ചിതറിക്കിടന്ന ശരീരങ്ങൾക്കിടയിലൂടെയായിരുന്നു ഞങ്ങൾ ഓടിയത്..’
ഒഡീഷ ബാലസോറിലെ മെഡിക്കൽ കോളജ് ആശുപത്രി വാർഡിന്റെ തിണ്ണയിലിരുന്നു ഫോണിലൂടെ ദുരനുഭവം വിവരിക്കുമ്പോഴും കിരണിന്റെ നടുക്കം മാറിയിരുന്നില്ല. കൊൽക്കത്തയിലെ ജോലിസ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ട്രെയിൻ അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട കാറളം പുല്ലത്തറ കൊല്ലയിൽ കിരൺ (36), വെള്ളാനി കുറ്റിക്കാട്ടുപറമ്പിൽ ബിജീഷ് (33) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തലയ്ക്കും നടുവിനും നെഞ്ചിനും ക്ഷതമേറ്റതൊഴിച്ചാൽ മറ്റു സാരമായ പരുക്കുകളില്ലാതെ ഇരുവർക്കും രക്ഷപ്പെടാനായി. കിരൺ പങ്കുവച്ച അനുഭവമിങ്ങനെ:
ഒരു ക്ഷേത്രത്തിന്റെ മേൽക്കൂര നിർമാണ ജോലിക്കായി ഒരു മാസം മുൻപാണു ഞങ്ങൾ കൊൽക്കത്തയിലേക്കു പോയത്. കോറമാണ്ഡൽ എക്സ്പ്രസിൽ ആയിരുന്നു മടക്കയാത്ര. ഞങ്ങളെക്കൂടാതെ 2 സഹപ്രവർത്തകർ കൂടി ഒപ്പമുണ്ടായിരുന്നു. സീറ്റിന്റെ പേരിൽ ഉത്തരേന്ത്യൻ സ്വദേശിയായ ഒരാളുമായി ഏറെനേരം തർക്കിക്കേണ്ടി വന്നതുകൊണ്ട് അയാൾക്കുവേണ്ടി ഞാൻ സീറ്റൊഴിഞ്ഞു കൊടുത്തു മറ്റൊരിടത്തേക്കു മാറിയിരിക്കുകയായിരുന്നു. അപകടത്തിൽ ബോഗി മറിഞ്ഞപ്പോൾ എന്താണു സംഭവിക്കുന്നതെന്നാദ്യം മനസ്സിലായില്ല. കൂട്ടനിലവിളിക്കിടെ ട്രെയിനിൽ നിന്നു പുറത്തുകടക്കാനൊരുങ്ങുമ്പോൾ പൊട്ടിത്തെറി പോലൊരു ശബ്ത്തോടെ ബോഗി വീണ്ടും മറിഞ്ഞു.
ഞാൻ സീറ്റൊഴിഞ്ഞു കൊടുത്ത ഉത്തരേന്ത്യക്കാരൻ നിലവിളിയോടെ നിലത്തുകിടക്കുന്നതുകണ്ടു. ഇദ്ദേഹത്തെയടക്കം വലിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോഴാണു ഞങ്ങളുടെ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചുകയറിയെന്നു കണ്ടത്. എത്രയും വേഗം സുരക്ഷിത സ്ഥലത്തേക്കു മാറാൻ ഞങ്ങൾ ട്രാക്കിലൂടെ ഓടുകയായിരുന്നു. ഇനി എങ്ങനെ നാട്ടിലെത്തുമെന്ന ആധിയിലാണിപ്പോൾ’ – കിരൺ പറയുന്നു. അന്തിക്കാട് സ്വദേശികളായ രഘുവും വൈശാഖും കൂടി ഇവർക്കൊപ്പമുണ്ട്.
സ്ഫോടനശബ്ദവും കൂട്ട നിലവിളിയും; നടുക്കം വിടാതെ ജോയിയുടെ കുടുംബം
ചേലക്കര ∙ ‘ട്രെയിനിൽ നിന്നു വേർപ്പെട്ടുപോയ ചില ബോഗികൾ പലവട്ടം മറിയുന്നതും ചിന്നിച്ചിതറുന്നതും കണ്ടു. ഞങ്ങളുടെ ബോഗി ട്രെയിനിൽ നിന്നു വേർപ്പെടാതിരുന്നതു കൊണ്ടു മാത്രമാണു ജീവൻ രക്ഷപ്പെട്ടത്..’ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ട വിമുക്ത ഭടൻ കളപ്പാറ തട്ടുംപുറത്ത് ജോയിയും (58) കുടുംബവും നാട്ടിലേക്കു യാത്ര പുനരാരംഭിച്ചതു നടുക്കംവിടാത്ത മനസ്സോടെയാണ്. ഉഗ്രസ്ഫോടന തുല്യമായ ശബ്ദവും കൂട്ടനിലവിളികളുമാണ് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതെന്നു ജോയി പറയുന്നു.
അപകടത്തിൽപ്പെട്ട കൊറമാണ്ഡൽ എക്സ്പ്രസിന്റെ മധ്യഭാഗത്തു ബി3 എസി കോച്ചിലായിരുന്നു ജോയിയും കുടുംബവും. സൈനികനായ ജോയിയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഭാര്യ സരിത (51), മകൾ ജെന്ന (18), സഹോദരൻ ജോർജ് (62) എന്നിവർക്കൊപ്പമായിരുന്നു യാത്ര. വൈകിട്ടു 3.20നു ഷാലിമാറിൽ നിന്നു പുറപ്പെട്ടപ്പോഴേ ഇവർ വണ്ടിയിലുണ്ടായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു അപകടം. തങ്ങൾ സഞ്ചരിക്കുന്ന ബോഗി കുലുങ്ങുന്നതും ചെരിയുന്നതും കണ്ട് ഇവർ നിലവിളിച്ചു.
വേർപ്പെട്ടുപോയ ബോഗികൾ പലവട്ടം മറിയുകയും ചിന്നിച്ചിതറുകയും ചെയ്തെന്നു ഇതിലൊരു ബോഗി കുത്തനെ നിൽക്കുന്ന അവസ്ഥയിലായെന്നും ഇവർ പറയുന്നു. സഹയാത്രക്കാരായ പട്ടാളക്കാരാണ് ആദ്യം രക്ഷാകരവുമായെത്തിയത്. നാട്ടുകാരും ഓടിയെത്തി സഹായമേകി. ഒരുവിധം ബോഗിക്കുള്ളിൽ നിന്നു പുറത്തുകടന്നു. 5 മണിക്കൂർ കാത്തുനിന്ന ശേഷമാണു സുഹൃത്തിന്റെ സഹായത്തോടെ യാത്ര പുനരാരംഭിക്കാനായത്. ഇന്നു വൈകിട്ടു നാട്ടിലെത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.