ADVERTISEMENT

ദേശീയപാത അപകടപ്പാത

കയ്പമംഗലം ∙ അപകടം പതിവായ ദേശീയപാത 66 അപകടപ്പാതയായി മാറുന്നു. രണ്ടാഴ്ചയ്ക്കിടെ വ്യത്യസ്ത അപകടങ്ങളിലായി 3 പേർക്കാണു ജീവൻ നഷ്ടമായത്. അപകടങ്ങളിൽ ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടിവരികയാണ്. പനമ്പിക്കുന്നിൽ കഴിഞ്ഞ മാസം 23നു നിർത്തിയിട്ട ലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് ഡ്രൈവർ മരിച്ചിരുന്നു. ഇന്നലെ ഇതേ സ്ഥലത്തു തന്നെയാണു കാറും പിക്കപ് വാനും കൂട്ടിയിടിച്ച് ഹാസ്യനടൻ കൊല്ലം സുധി മരിച്ചത്. പനമ്പിക്കുന്നിന്റെ തെക്കു വശത്തെ ചെറിയ വളവു കടന്നുവരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. കഴി‍ഞ്ഞ ദിവസം തൊട്ടടുത്തുള്ള കൊപ്രക്കളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് എടത്തിരുത്തി സ്വദേശി മനോജ് മരിച്ചിരുന്നു. മതിലകം, പെരിഞ്ഞനം, ചെന്ത്രാപ്പിന്നി ഭാഗങ്ങളിലും അപകടങ്ങൾ കൂടിയിട്ടുണ്ട്.

ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിലെ വളവ്. ചിത്രം : മനോരമ.

റോഡും വീതിയും

ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള നിർമാണങ്ങൾ തുടങ്ങിയതോടെ റോഡിന്റെ ഇരുവശവുമുള്ള നിയന്ത്രണങ്ങൾ യാത്രയ്ക്കു തടസ്സം സൃഷ്ടിക്കുന്നതായി നാട്ടുകാർക്ക് ആക്ഷേപമുണ്ട്. അപകടങ്ങൾ തുടർക്കഥയായതോടെ എത്രയും വേഗം ദേശീയപാത വികസനം പൂർത്തിയാക്കണമെന്നാണ് ആവശ്യം. വാഹനങ്ങൾ വൈദ്യുത പോസ്റ്റുകളിലേക്ക് ഇടിച്ചുള്ള അപകടങ്ങൾ പതിവായിട്ടുണ്ട്.

റോഡ് വികസനം പൂർത്തിയാകുന്നതുവരെ ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കു കൂടുതൽ ജാഗ്രത വേണമെന്നാണു പൊലീസ് പറയുന്നത്. വാഹനത്തിരക്കിൽ പലപ്പോഴും കാൽനടയാത്രക്കാർക്കു റോഡ് കുറുകെ കടക്കാനും പ്രയാസമാണ്. മിക്ക അപകടങ്ങളും രാത്രിയും പുലർച്ചെയുമാണ് സംഭവിക്കുന്നത്. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതോടൊപ്പം പ്രധാന ജംക്‌ഷനുകളിൽ സേവനത്തിന് പൊലീസ് വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

1. സുധിക്കു ലഭിച്ച അവാർഡ് ഫലകങ്ങൾക്ക് സമീപം സഹോദരൻ സുനിൽ, 2. കൊല്ലം സുധിയുടെ മരണവാർത്തയറിഞ്ഞ് ഭാര്യ രേഷ്മ കോട്ടയം വാകത്താനം പൊങ്ങന്താനത്തെ വീട്ടിൽ പൊട്ടിക്കരയുന്നു. ചിത്രം: മനോരമ

എയർബാഗ് കീറിമുറിച്ച് പുറത്തെടുത്തു; പക്ഷേ..

കയ്പമംഗലം (തൃശൂർ) ∙ നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണു മലയാള സിനിമാ–ടെലിവിഷൻ ലോകം. ടിവി പരിപാടികളിലൂടെ സിനിമയിലെത്തി ജീവിതം പച്ചപിടിപ്പിക്കുന്നതിന്റെ തിരക്കിനിടയിലാണ് അപകടവും വിയോഗവും. പുലർച്ചെ പനമ്പിക്കുന്നിലെ അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് സമീപവാസികളും നാട്ടുകാരുമാണ്. അപകടത്തിൽപെട്ട കാറിന്റെ മുൻസീറ്റിലായിരുന്നു സുധി. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ പിക്കപ് വാനിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് എയർബാഗ് കീറിയാണ് സുധിയെ പുറത്തെത്തിച്ചത്.

സുധി അപ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നു. ഡ്രൈവറായ ഉല്ലാസിനെ പുറത്തിറക്കി കസേരയിൽ ഇരുത്തിയെന്നും നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും ഒട്ടേറെപ്പേർ രക്ഷാപ്രവർത്തനത്തിനെത്തി.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. വാനിനു കാര്യമായ കേടുപാടില്ല. രക്ഷാപ്രവർത്തനത്തിന് എത്തിയവർ അറിയിച്ചതിനെത്തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാറിലുണ്ടായിരുന്നവരെ 3 ആംബുലൻസുകളിലാണ് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലേക്കു കൊണ്ടുപോയത്.രാവിലെയോടെ സുധിയുടെ മരണം സ്ഥിരീകരിച്ചു.

തലയ്ക്കേറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു കരുതുന്നു. ഹൃദയസ്തംഭനം ഉണ്ടായതായും സൂചനയുണ്ട്. തുടർന്നു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചെങ്കിലും തലയ്ക്കു പരുക്കുള്ളതിനാൽ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ് സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.

സങ്കടങ്ങൾ മറന്ന് ചിരിപ്പിച്ചു ചിരിയില്ലാതെ മറഞ്ഞു

കൊല്ലം ∙ ചിരിയും നാടും പേരിനൊപ്പം ചേർത്ത കൊല്ലം സുധിയുടെ വേർപാട് ഇനിയും വിശ്വസിക്കാനാകാതെ കൊല്ലത്തെ ബന്ധുക്കളും സുഹൃത്തുക്കളും. എപ്പോഴും എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരുന്ന സുധിയെ ഒടുവിൽ ചുണ്ടിൽ ചിരിയില്ലാത്ത കണ്ട് സുഹൃത്തുക്കൾ തേങ്ങലടക്കി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് വേദനകളെല്ലാം മനസ്സിലൊതുക്കി സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചുമായിരുന്നു സുധിയുടെ ജീവിതം. സുധിയും മൂന്നു സഹോദരങ്ങളും ജനിച്ചതു കൊച്ചിയിലാണ്. എങ്കിലും വളർന്നതും പേരെടുത്തതും കൊല്ലത്തു വന്നതിനു ശേഷം. നഗരത്തിലെ വാളത്തുംഗൽ ബോയ്സ് സ്കൂളിലെ വേദികളിൽ നിന്നാണ് ചിരിയുടെ ലോകത്തേക്കു യാത്രയുടെ തുടക്കം. ആദ്യം പാട്ടിലാണു വേദി കീഴടക്കിയത്. പിന്നീടു പാട്ടിനൊപ്പം ഹാസ്യവും വഴങ്ങുമെന്നു തെളിയിച്ചു.

സഹോദരൻ സുനിലും സുധിക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ കൂടുമായിരുന്നു. ക്ലബ്ബുകളുടെ മത്സരങ്ങൾക്കൊക്കെ പങ്കെടുക്കും. മക്കൾക്കു പിന്തുണയുമായി കൂടെ പിതാവ് ശിവദാസ് എന്നുമുണ്ടായിരുന്നു. ‘മത്സരം ഏതായാലും ഞങ്ങളുടെ സംഘത്തിനാകും എല്ലാം സമ്മാനങ്ങളും; അവനാണു ഹീറോ. സമ്മാനവുമായി ആഘോഷപൂർവമാണ് നാട്ടിലേക്കു വരുന്നത്. പാടാനുള്ള അച്ഛന്റെ കഴിവാണ് അവനു കിട്ടിയത്. സ്കിറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യങ്ങളും മറ്റും പറഞ്ഞു തരുന്നതെല്ലാം അച്ഛനാണ്. പിതാവു മരിച്ചതിനു ശേഷം ജീവിതപ്രാരബ്ധങ്ങൾ വർധിച്ചതോടെ ഞാൻ വേദിവിട്ടു, അവൻ അവിടെ തന്നെ തുടർന്നു’ – സുനിൽ പറഞ്ഞു. സഹോദരി സിബി; ഇളയ സഹോദരൻ സുഭാഷ് ചെറുപ്പത്തിലേ മരിച്ചു.

2 ദിവസം കഴിഞ്ഞു വരുമെന്ന് മിനിഞ്ഞാന്ന് ഉറപ്പു തന്നിരുന്നു; അവൻ ഇനി വരില്ലല്ലോ – അമ്മ ഗോമതിയുടെ കണ്ണീരിൽ കുതിർന്ന സങ്കടം. റവന്യു വിഭാഗത്തിൽ ജോലിക്കാരനായിരുന്നു പിതാവ് ശിവദാസ്. സ്ഥലംമാറ്റമായതോടെ കുടുംബം കൊച്ചിയിൽ നിന്നു കൊല്ലം നഗരത്തിലേക്ക് എത്തി. ചായക്കടമുക്കിന് അടുത്തു വീടു വാങ്ങി. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണു സുധി വളർന്നത്. ഷോബി തിലകന്റെ സംഘത്തിനൊപ്പമാണ് ആദ്യകാലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്. വിവിധ ചാനലുകളിൽ ഹാസ്യപരിപാടി അവതരിപ്പിച്ചതിലൂടെയാണ് കൊല്ലം സുധിയെ ലോകം അറിഞ്ഞത്. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും.

16 വർഷം മുൻപായിരുന്നു ആദ്യവിവാഹം, അതും പ്രണയിച്ച്. ആ ദാമ്പത്യം അധികകാലം നീണ്ടില്ല. മകൻ രാഹുൽദാസിന് ഒന്നര വയസ്സായപ്പോൾ മകനെയും സുധിയെയും ഉപേക്ഷിച്ച് അവർ പോയി. ആ സംഭവം ഹൃദയം തകർത്തെന്ന് സുധി തന്നെ ഒരു ചാനൽ ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. ചാനലിൽ ഇക്കഥ പറയുന്നതിനു മുൻപു അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു മാത്രമാണു സുധിയുടെ ജീവിതകഥ അറിയാമായിരുന്നത്. പിന്നീട് കൈക്കുഞ്ഞുമായി വേദികളിൽ പോയി. മകനെ പിന്നണിയിൽ ഉറക്കിക്കിടത്തി സുധി വേദികളിൽ നാട്ടുകാരെ ചിരിപ്പിച്ചു. 4 വർഷം മുൻപാണ് രേണുവിനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഋതുൽ എന്ന മകനുമുണ്ട്. സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയപ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ മരണവുമായി വിധിയെത്തിയത്. വളർച്ചയ്ക്കുള്ള വളവും വെള്ളവും നൽകിയത് കൊല്ലമാണെന്ന് സുധി എപ്പോഴും പറയുമായിരുന്നു; അതുകൊണ്ടാകാം പേരിനൊപ്പം കൊല്ലത്തെയും ചേർത്തു വച്ചതെന്നാണ് സുഹൃത്തുക്കളുടെ പക്ഷം.

കൊല്ലം സുധി @ കോട്ടയം

കോട്ടയം ∙ പേരിനൊപ്പം ജന്മനാടായ കൊല്ലത്തെ കൂടെ ചേർത്തിരുന്നെങ്കിലും 5 വർഷമായി കോട്ടയം വാകത്താനം സ്വദേശിയാണു കൊല്ലം സുധി. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ വാകത്താനത്താണു സുധി താമസിച്ചത്. വാകത്താനം പഞ്ചായത്ത് ഓഫിസിനു സമീപം വാടകവീട്ടിലായിരുന്നു 2 വർഷത്തോളം. പിന്നീടു പൊങ്ങന്താനം പന്തിരുപറ കോളനിയിലെ മറ്റൊരു വാടകവീട്ടിലേക്കു താമസം മാറി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇതിനു തൊട്ടടുത്ത വീട്ടിലേക്കു കഴിഞ്ഞ മാസം വീണ്ടും മാറി.

പുതുക്കാട്ടിൽ എന്നാണ് മേൽവിലാസം. മിനിസ്ക്രീനിലും സിനിമയിലും പൊട്ടിച്ചിരിപ്പിച്ച താരം അയൽവാസിയെന്നു പറയാൻ ‍നാട്ടുകാർക്ക് ഏറെയിഷ്ടം. പരിപാടിയില്ലാത്ത ദിവസങ്ങളിൽ വാകത്താനം, പൊങ്ങന്താനം കവലകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. വൈകുന്നേരങ്ങളിൽ റോഡിലേക്കിറങ്ങുന്ന സുധിയെ കണ്ടാൽ വഴിയാത്രക്കാരും നാട്ടിലുള്ളവരും സെൽഫി എടുക്കാൻ തിരക്കു കൂട്ടുമായിരുന്നു. കലാരംഗത്തെയും മിമിക്രി വേദികളിലെയും സുഹൃത്തുകൾ സുധിയെത്തേടി വീട്ടിലെത്തിയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ടിവിയിൽ കാണുന്ന താരങ്ങൾ വീട്ടിലെത്തിയാൽ നാട്ടുകാരും ഓടിയെത്തും. പലയിടങ്ങളിൽ നിന്നും ആളുകൾ അവർ വരച്ച സുധിയുടെ ചിത്രങ്ങളും ആശംസാകാർഡുകളുമായി വീട്ടിലേക്കു വരുമായിരുന്നു.

അടുത്ത മാസം ഗൾഫിലെ ഷോയ്ക്കു ശേഷം വാകത്താനത്തു സ്വന്തമായി വീടു വാങ്ങുന്നതിനുള്ള ആലോചനയിലായിരുന്നു സുധിയെന്നു ഭാര്യാമാതാവ് കുഞ്ഞമ്മ പറയുന്നു. സുധി എത്തിയാൽ പിന്നീടു ചിരിയും ബഹളവുമാകുന്ന വീട് ഇന്നലെ സങ്കടക്കയത്തിൽ മുങ്ങി. സുധിയുടെ സുഹൃത്തുക്കൾ രാവിലെ മുതൽ വീട്ടിലെത്തി.  മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) സംഘടനാ ഭാരവാഹികളും പൊങ്ങന്താനത്തെ വീട്ടിലെത്തി. പുതിയ സിനിമകളിൽ വേഷം ലഭിച്ചതിന്റെ സന്തോഷം കഴിഞ്ഞ ദിവസം നേരിട്ടു കണ്ടപ്പോൾ സുധി പറഞ്ഞിരുന്നതായി സുഹൃത്തും നടനുമായ കണ്ണൻ സാഗർ പറഞ്ഞു.

ചിരി മായ്ച്ച് കണ്ണീരായി... കൊല്ലം സുധി

കയ്പമംഗലം (തൃശൂർ) ∙ നടനും ടിവി–സ്റ്റേജ് ഷോകളിലൂടെ മനംകവർന്ന മിമിക്രി കലാകാരനുമായ കൊല്ലം സുധി (46) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി (47), ഉല്ലാസ് അരൂർ (38) എന്നിവരെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

kollam-sudhi-passed-away-in-road-accident-at-thrissur-kaipamangalam
വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന സ്റ്റേജ്ഷോയിൽ കൊല്ലം സുധിയും ബിനു അടിമാലിയും. ഇതിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഇരുവരും അപകടത്തിൽപെട്ടത്.

സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുൻസീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിവിയിലൂടെ ശ്രദ്ധേയനായ സുധിയുടെ ആദ്യ സിനിമ ‘കാന്താരി’ (2015) ആണ്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ (2016), ‘കുട്ടനാടൻ മാർപാപ്പ’ (2018), ‘കേശു ഈ വീടിന്റെ നാഥൻ’ (2020), ‘ബിഗ് ബ്രദർ’ (2020), ‘നിഴൽ’ (2021) തുടങ്ങിയവയാണു ശ്രദ്ധേയ ചിത്രങ്ങൾ.

കൊല്ലം പോളയത്തോട് ചായക്കടമുക്ക് പഴഞ്ഞിയിൽ പടിഞ്ഞാറ്റേതിൽ റവന്യു വിഭാഗം റിട്ട. ജീവനക്കാരൻ പരേതനായ ശിവദാസന്റെയും ഗോമതിയുടെയും മകനാണ്. ഭാര്യ: രേഷ്മ (രേണു). മക്കൾ: രാഹുൽ, ഋതുൽ. മൃതദേഹം ഇന്നു രാവിലെ ആറിനു കോട്ടയം വാകത്താനം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് ഒന്നിനു തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com