മണ്ണുത്തി∙ കാർഷിക സർവകലാശാല ജനറൽ കൗൺസിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം സംഘടനകൾക്കു മുൻതൂക്കം. ചാൻസലറായ ഗവർണർ ഉൾപ്പെടെ 49 അംഗങ്ങളുള്ള ജനറൽ കൗൺസിലിൽ 10 സീറ്റുകളിലാണ് സർവകലാശാലക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2 സീറ്റുകളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ആകെ മത്സരം നടന്ന 8 സീറ്റുകളിൽ സിപിഎം അനുകൂല സംഘടനകൾ 4 സീറ്റുകളും കോൺഗ്രസ് അനുകൂല സംഘടനകൾ മൂന്നു സീറ്റും നേടി. ഒരു സീറ്റിൽ വിജയിച്ച സിപിഐ, വിജയം പ്രതീക്ഷിച്ചു മത്സരിച്ച 2 സീറ്റുകളിൽ പരാജയപ്പെട്ടു.
15 വർഷത്തിനു ശേഷം കെഎസ്യു പ്രതിനിധി ജനറൽ കൗൺസിലിലേക്കു വിജയിച്ചു. അധ്യാപക വിഭാഗത്തിൽ 4 ഉം ജീവനക്കാരുടേയും വിദ്യാർഥികളുടെയും വിഭാഗത്തിൽ നിന്നും 2 വീതവും പ്രതിനിധികളെയാണു തിരഞ്ഞെടുത്ത്. തൊഴിലാളി പ്രതിനിധികൾക്കായി 2 സീറ്റുകളിലേക്കുള്ള മത്സരം മാറ്റിവെച്ചിട്ടുണ്ട്. അധ്യാപക വിഭാഗത്തിലെ 4 സീറ്റിൽ 2 സിപിഎം അനുകൂല സംഘടനാ പ്രതിനിധികളും ഓരോ സിപിഐ, കോൺഗ്രസ് സംഘടനാ പ്രതിനിധികളും വിജയിച്ചു.
ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സംഘടനയിലെ ഡോ. പി.കെ. സുരേഷ് കുമാർ, ഡോ. പി. നിധീഷ്, സിപിഐ അനുകൂല സംഘടനയായ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധി ഡോ. വി. തുളസി, ടീച്ചേഴ്സ് ഫോറത്തിന്റെ ഡോ. തോമസ് ജോർജ് എന്നിവരും വിജയിച്ചു. മത്സരിച്ച സിപിഐയുടെ രണ്ടാമത്തെ സ്ഥാനാർഥി പരാജയപ്പെട്ടു. ജീവനക്കാരുടെ പ്രതിനിധിയായി സിപിഎം അനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ സ്ഥാനാർത്ഥി എൻ.കൃഷ്ണദാസും കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയിസ് യൂണിയൻ സ്ഥാനാർഥി കെ.എസ്. ജയകുമാറും വിജയിച്ചു. ഈ വിഭാഗത്തിലേക്ക് മത്സരിച്ച സിപിഐ, ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടു.
വിദ്യാർഥി വിഭാഗത്തിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ തന്നെ കെഎസ്‌യു സ്ഥാനാർഥി വെള്ളാനിക്കര കാർഷിക കോളജ് വിദ്യാർഥി എൻ.കെ. ബാസിൽ വിജയിച്ചത് എതിരാളികളെ അമ്പരപ്പിച്ചു. എസ്എഫ്ഐയുടെ എസ്. സമ്പത്തും വിജയിച്ചെങ്കിലും എസ്എഫ്ഐയുടെ രണ്ടാമത്തെ സ്ഥാനാർഥി പരാജയപ്പെട്ടത് തിരിച്ചടിയായി. മുൻവർഷങ്ങളെ അപേക്ഷിച്ച് വോട്ടിങ്ങിലും എസ്എഫ്ഐക്കു കുറവ് രേഖപ്പെടുത്തി. വർഷങ്ങളായി 2 എസ്എഫ്ഐ പ്രതിനിധികൾ ജനറൽ കൗൺസിൽ ഉണ്ടായിരുന്നു.