ADVERTISEMENT

പൊതുസ്ഥലങ്ങളിൽ മൂത്രവിസർജനം നടത്തിയാൽ 500 രൂപ പിഴ എന്നാണ് മേയർ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. മൂത്രവിസർജനത്തിന് നഗരത്തിൽ എന്തെങ്കിലും പുതിയ സംവിധാനങ്ങൾ ഒരുക്കിയ ശേഷമല്ല ഈ തിട്ടൂരം. നഗരത്തിൽ പണ്ട് തുറന്ന പല ശുചിമുറികളും ഉപയോഗമില്ലാതെ നോക്കുകുത്തിയായി മാറിയിരിക്കുന്നു. പ്രവർത്തിക്കുന്ന പലതിലും ആളുകൾക്കു മൂക്കുപൊത്താതെ കയറാനുമാവില്ല. നഗരത്തിൽ പുതിയ ശുചിമുറികൾ സ്ഥാപിക്കും എന്നാണ് അധികാരമേറ്റെടുത്ത ഉടൻ മേയർ പറഞ്ഞത്. പക്ഷേ, ഒന്നും നടന്നില്ല. ‘മൂത്രപ്പിഴ’ പ്രഖ്യാപിച്ചിരിക്കുന്ന അധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത് എന്തെല്ലാം?– ഒരു അന്വേഷണം.

ആല് കിളിർത്ത് ഇ ടോയ്‌ലറ്റുകൾ  

തൃശൂർ ∙ 2010– 15 ഭരണസമിതിയുടെ കാലത്ത് കോർപറേഷൻ പരിധിയിൽ സ്ഥാപിച്ച ഇ ടോയ്‌ലറ്റുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ശക്തൻ സ്റ്റാൻഡിനു സമീപവും ശക്തൻ സ്ക്വയറിലുമാണ് ഇ ടോയ്‌ലറ്റുകൾ നോക്കുകുത്തിയായിരിക്കുന്നത്. ആദ്യകാലത്ത് കുറച്ചെങ്കിലും ആളുകൾ ഉപയോഗിച്ചിരുന്നു. കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ആരും ആശ്രയിക്കാതായി. ആളുകൾക്ക് ‘കാര്യം’ സാധിക്കാനുള്ള ഇടത്തിന്റെ അടയാളം എന്നതുപോലെയാണ് ഇപ്പോൾ ഇവ നിലകൊള്ളുന്നത്.

ഇതിനു ചുറ്റിലുമായാണ് ആളുകൾ ‘കാര്യം’ നടത്തുന്നത്. ശക്തൻ സ്റ്റാൻഡിനോടു ചേർന്നുള്ള 2 ശുചിമുറികളിലും വള്ളിപ്പടർപ്പുകൾ കയറിത്തുടങ്ങി. ഒരെണ്ണത്തിൽ ആലും കിളിർത്തു. ഉപയോഗിക്കാനാവാത്ത വിധം ഇ ടോയ്‌ലറ്റുകൾ തകരാറിലായിക്കഴിഞ്ഞു. വാതിലുകളും നശിച്ചുതുടങ്ങി. ഇനി ഉപയോഗിക്കണമെങ്കിൽത്തന്നെ വലിയ തുക മുടക്കേണ്ടി വരും.

ശക്തൻ മാർക്കറ്റിനു സമീപത്തെ ഉപയോഗശൂന്യമായ ഇ ടോയ്​ലറ്റ്.
ശക്തൻ മാർക്കറ്റിനു സമീപത്തെ ഉപയോഗശൂന്യമായ ഇ ടോയ്​ലറ്റ്.

റൗണ്ടിൽ ‘വട്ടംചുറ്റും’

നഗരഹൃദയമായ സ്വരാജ് റൗണ്ടിൽ ഒരു പൊതുശുചിമുറി പോലും ഇല്ലാത്തപ്പോഴാണ് മൂത്രവിസർജനത്തിന് പിഴ ഈടാക്കുമെന്ന മേയറുടെ പ്രഖ്യാപനം. റൗണ്ടിൽ എന്തെങ്കിലും ആവശ്യത്തിനു വരുന്നവർക്ക് മൂത്രവിസർജനം നടത്തണമെങ്കിൽ ഓട്ടോ വിളിച്ച് ബസ് സ്റ്റാൻഡിൽ പോകണമെന്നതാണ് സ്ഥിതി. പലരും ഒരു ചായ കുടിക്കാനെന്ന വ്യാജേന ഹോട്ടലുകളിൽ കയറി ‘കാര്യം’ സാധിക്കുകയാണ് പതിവ്.

ശക്തൻ സ്റ്റാൻഡിൽ ശുചിമുറികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും യൂറിനലുകളുടെ സ്ഥിതി ദയനീയമാണ്. പലതിലും പൈപ്പ് പൊട്ടിക്കിടക്കുകയാണ്. വെള്ളത്തിനായി ബട്ടൺ അമർത്തിയാൽ നനഞ്ഞ് കുളിച്ചുപോകാം. മഴ തുടങ്ങിയതോടെ നിലത്ത് ചെളി അടിയുന്നുണ്ട്.

ദൂരയാത്ര കഴിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നവർ ഗതികേട് കൊണ്ടാണ് ഈ ശുചിമുറിയിൽ കയറാൻ തയാറാകുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് നിർമിച്ച വടക്കേ സ്റ്റാൻഡിൽ ശുചിമുറിയുടെ പരിപാലനവും അവർ ഏറ്റെടുത്തതിനാൽ അത് വൃത്തിയായി തുടരുന്നുണ്ട്. കോർപറേഷൻ ടെൻഡർ കൊടുത്ത് നടത്തുന്ന ശുചിമുറികളുടെയെല്ലാം സ്ഥിതി മോശമായി തന്നെ തുടരുന്നു. 

തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ ശുചിമുറി.  ചിത്രം: മനോരമ
തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ ശുചിമുറി. ചിത്രം: മനോരമ

പാടുപെട്ട് സ്ത്രീകൾ

‘മൂത്രമൊഴിക്കാൻ പോകണമെങ്കിൽ ശുചിമുറിക്ക് പുറത്ത് സഹപ്രവർത്തകയെ കാവൽ നിർത്തണം. കാരണം ശുചിമുറിക്ക് വാതിലില്ല. പലപ്പോഴും വെള്ളം ഉണ്ടാകില്ല. സാനിറ്ററി പാഡ് കളയാൻ സൗകര്യമില്ല. വസ്ത്രങ്ങളോ ഹാൻഡ്‌ബാഗോ തൂക്കിയിടുന്നതിന് ഹുക്കുകളോ റാഡുകളോ ഇല്ല’– കഴിഞ്ഞ നവംബറിൽ കോർപറേഷൻ പരിധിയിലെ പൊതു ഇടങ്ങളിലെ ശുചിമുറികളുടെ സ്ഥിതി പഠിക്കാൻ ചെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരികളിൽ നിന്നു കേട്ട വാക്കുകളാണിത്.

കോർപറേഷൻ കാര്യാലയത്തിന് മുൻപിലെ ജയ്ഹിന്ദ് മാർക്കറ്റിൽ ശുചിമുറിയുണ്ട്. എന്നാൽ, കെട്ടിടസമുച്ചയത്തിലെ കടകളിൽ ജോലി ചെയ്യുന്നവർക്കും പാരാമെഡിക്കൽ സ്ഥാപനത്തിലെ വിദ്യാർഥിനികൾക്കും കടകളിലേക്ക് വരുന്ന പൊതുജനങ്ങൾക്കും ആനുപാതികമായ എണ്ണം ഇല്ല. സ്ത്രീകൾക്ക് ആകെ 2 ശുചിമുറികൾ മാത്രമാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com