മണ്ണുത്തി∙ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായത് അപകട സാധ്യത വർധിപ്പിച്ചു. വെട്ടിക്കൽ, പട്ടിക്കാട് എന്നിവിടങ്ങളിൽ പ്രധാന പാതയിലും സർവീസ് റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. വെട്ടിക്കലിലും മണ്ണുത്തി ഫാംപടി ജംക്‌ഷനിലെ സർവീസ് റോഡിലും അഴുക്കുചാൽ സർവീസ് റോഡിനേക്കാൾ ഉയർത്തി നിർമിച്ചതാണു വെള്ളക്കെട്ടിനു കാരണം.

ഇവിടെ ബസ് സ്റ്റോപ്പിനു സമീപം 2 അടി ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. നിലവിലെ അഴുക്കുചാൽ പൊളിച്ചു നീക്കി ശാസ്ത്രീയമായ രീതിയിൽ നിർമിക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കില്ലെന്ന് ആക്ഷേപമുണ്ട്.

കലുങ്ക് പൂർത്തിയായില്ല
പട്ടിക്കാട് ∙ നിർമാണം തുടങ്ങി 4 മാസം കഴിഞ്ഞിട്ടും കലുങ്ക് പൂർത്തിയായില്ല, മലയോര ഹൈവേയുടെ ഭാഗമായ പീച്ചി ഡാം റോഡിൽ വെള്ളക്കെട്ട് രൂക്ഷം. കെഎഫ്ആർഐ ഒരപ്പൻപാറയ്ക്കു സമീപം കലുങ്ക് നിർമാണം നടക്കുന്നിടത്താണു വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. വെള്ളത്തിലൂടെ കടന്നു പോകാൻ ശ്രമിച്ച ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെട്ടു. റോഡിന്റെ ഒരു ഭാഗം മാത്രം സഞ്ചാരയോഗ്യ മാക്കി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ആഴ്ചകളായി.
പണിപൂർത്തിയായ പ്രദേശത്താണ് വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മലയോര ഹൈവേയിലെ പണികൾ പലയിടങ്ങളിൽ ആരംഭിക്കുകയും പണി പാതിവഴിയിൽ നിർത്തുകയും ചെയ്തതാണ് വെള്ളക്കെട്ടിനു കാരണം. റോഡിന്റെ ഒരു ഭാഗം മാത്രം ടാറിങ് നടത്തിയതും വെള്ളക്കെട്ടിനു കാരണമാകുന്നു. ആൽപ്പാറ സെന്ററിലും വെള്ളക്കെട്ട് രൂക്ഷമാണ്.