ADVERTISEMENT

തൃശൂർ ∙ കേരളത്തിൽ ഇറച്ചിക്കോഴി വില ഏകീകരിക്കാനും വിലവർധന നിയന്ത്രിക്കാനും സൊസൈറ്റി രൂപീകരിച്ച് വിപണിയിൽ ഇടപെടാൻ കോഴിക്കർഷകരുടെയും വ്യാപാരികളുടെയും സംഘടന. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്കും ഉപഭോക്താക്കൾക്കും ന്യായമായ വിലയ്ക്കുള്ള വിൽപന സാധ്യമാക്കാൻ ലക്ഷ്യമിട്ട് മൂന്നു മാസത്തിനകം എല്ലാ ജില്ലകളിലും സൊസൈറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് പോൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

സൊസൈറ്റിക്കു സർക്കാർ ഗ്രാന്റും സബ്സിഡി നിരക്കിൽ ഗുണനിലവാരമുള്ള കോഴിക്കുഞ്ഞ്, തീറ്റ എന്നിവയും ലഭ്യമാക്കിയാൽ ആഭ്യന്തര ഉൽപാദനം ഉയർത്താനാകും.   പ്രതിവാരം ഒരു കോടി കിലോഗ്രാം കോഴിയിറച്ചിയാണ് കേരളത്തിന് ആവശ്യം. ഇതിൽ 40% മാത്രമാണ് കേരളത്തിന്റെ ഉൽപാദനം. കർഷകരും സംരംഭകരുമടക്കം 7 ലക്ഷം പേർ ഈ മേഖലയിലുണ്ട്. മുൻ ബജറ്റിൽ 60 കോടി രൂപ അനുവദിച്ച കേരള ചിക്കൻ പദ്ധതിയിൽനിന്നുള്ള ഉൽപാദനം സംസ്ഥാനത്തിനു വേണ്ടതിന്റെ 0.5% മാത്രമാണെന്നും ഈ ആനുകൂല്യങ്ങൾ കർഷകർക്കു ലഭ്യമാക്കിയാൽ കുറഞ്ഞ വിലയ്ക്കു വിപണനം നടത്താനാകുമെന്നും സമിതി പറഞ്ഞു.

ഇറച്ചിക്കോഴി വളർത്തലിനെ കൃഷിയുടെയോ വ്യവസായത്തിന്റെയോ പരിധിയിൽ ഉൾപ്പെടുത്താത്തതുമൂലം, ടെന്റ് അടിച്ച് ചുറ്റും വലകെട്ടി കോഴികളെ സംരക്ഷിക്കുന്ന കൂടുകൾക്കും വീടുകൾ പോലെ ചതുരശ്ര അടി കണക്കാക്കി ഉയർന്ന കെട്ടിട നികുതി നൽകണം.  ഉൽപാദനച്ചെലവു മൂലം കർഷകർ കൃഷിയിൽനിന്നു പിന്മാറുന്നു. ഇപ്പോഴത്തെ വിലക്കയറ്റം താൽക്കാലികമാണെന്നും വില പതിനഞ്ചു ദിവസത്തിനകം സാധാരണ നിലയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്.പ്രമോദ്, ജോയിന്റ് സെക്രട്ടറി ജോയ് ഏബ്രഹാം എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com