ADVERTISEMENT

മലയാളത്തിനു മറക്കാനാകാത്ത മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ നാവിൽ ആദ്യാക്ഷരം കുറിച്ചതു തൃശൂരിലാണ്. ഒടുവിൽ മരണമെത്തി കവിയെ കൊണ്ടുപോയതും ഇവിടെവച്ചു തന്നെ. ഇരിക്കപ്പൊറുതിയില്ലാതെ അലഞ്ഞ കവി കുറച്ചുകാലമെങ്കിലും അടങ്ങിക്കഴിഞ്ഞതും ഇവിടെയാണ്. ചങ്ങമ്പുഴയുടെ സൈക്കിൾ മണിയൊച്ച മുഴങ്ങാത്ത വഴികൾ തൃശൂർ നഗരത്തിൽ കുറവാണ്.

തിരുവുള്ളക്കാവിലെ എഴുത്തിനിരുത്ത്

വിദ്യാരംഭത്തിനു പ്രസിദ്ധമായ ചേർപ്പിലെ തിരുവുള്ളക്കാവിലാണു ചങ്ങമ്പുഴയുടെ നാവിൽ ആദ്യാക്ഷരം കുറിച്ചത്. കവിക്ക് അഞ്ചുവയസ്സു പ്രായം. തലേദിവസം തന്നെ കുടുംബം പെരുവനത്തെത്തി. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിലാണു തങ്ങിയത്. ജ്ഞാനസ്വരൂപനായ വിദ്യാശാസ്താവിനെക്കുറിച്ചു പറഞ്ഞതും ഇവിടെ എഴുത്തിനിരുത്തണമെന്നു നിർബന്ധം പിടിച്ചതും ഈ കൂട്ടുകാരനാണ്. ആദ്യാക്ഷരം പിഴച്ചില്ല, അതൊരു അനുഗ്രഹവർഷമായി. അച്ഛന്റെ സുഹൃത്തിന്റെ മകളായ അമ്മുവിനെ വർഷങ്ങൾ കഴിഞ്ഞും കവി ഓർമിച്ചു.

thrissur-house
കാനാട്ടുകര ചങ്ങമ്പുഴ നഗറില്‍ ചങ്ങമ്പുഴയുടെ വീടിരുന്ന സ്ഥലം. പഴയ വീട് വർഷങ്ങൾക്കു മുൻപേ പൊളിച്ചു മാറ്റി. ചിത്രം:മനോരമ

പത്തൻസിലെ കാപ്പി

ഒരു ദിവസം പത്തൻസ് ഹോട്ടലിലിരുന്നു കാപ്പി കുടിക്കുകയായിരുന്നു ജോസഫ് മുണ്ടശ്ശേരി. ഓലപ്പുരയായിരുന്ന അത് അന്നു പത്തൻ ക്ലബ്ബെന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പോഴാണ് ചങ്ങമ്പുഴയെന്ന യുവകവി അവിടേക്കു വന്നത്. കാമുകിയുടെ സഹോദരൻമാരുടെ ശല്യത്താൽ മദ്രാസ് വിട്ടുള്ള വരവായിരുന്നു അത്. മുൻപൊരു പ്രസംഗത്തിൽ ചങ്ങമ്പുഴയുടെ രമണനെ പരിഹസിച്ചു കൊന്നയാളാണ് മുണ്ടശ്ശേരി. ഒപ്പമിരുന്നു കാപ്പി കുടിക്കുമ്പോൾ ചങ്ങമ്പുഴ മുണ്ടശ്ശേരിയോട് ഒരഭ്യർഥന നടത്തി: ‘എന്റെ രമണനെക്കുറിച്ചൊരു നിരൂപണമെഴുതി എനിക്കീ നാട്ടിൽ നിൽക്കാറാക്കിത്തരുമോ?’. കവിയുടെ സങ്കടം വിമർശകനു കൊണ്ടു. കാപ്പി തീരും മുൻപു കവിക്കു വാക്കു കൊടുത്തു.

thrissur-round
ചങ്ങമ്പുഴ കൃഷ്ണപിള്ളയും വൈക്കം മുഹമ്മദ് ബഷീറും തേക്കിൻകാട് മൈതാനത്ത്. (ചിത്രകാരന്റെ ഭാവനയിൽ).

രമണൻ അപ്പോഴേക്കും ‘മധുരനാരങ്ങ പോലെ’ പതിനാലു പതിപ്പുകൾ വിറ്റഴിഞ്ഞിരുന്നു. 15–ാം പതിപ്പിൽ‌ പ്രശസ്തമായ ആ അവതാരിക ഇടംപിടിച്ചു. അതിനു മുൻപും തൃശൂരിലെ സാഹിത്യപരിപാടികളിൽ അദ്ദേഹം പതിവായി പങ്കെടുത്തിരുന്നു.1934ലെ പൂരക്കാലത്ത് തൃശൂരിൽ നടന്ന സാഹിത്യപരിഷത്തിൽ ചങ്ങമ്പുഴ ശകാരകവിത ചൊല്ലിയതും അതു സദസ്സിലുണ്ടാക്കിയ കോളിളക്കവും വൈലോപ്പിള്ളി ‘കാവ്യലോക സ്മരണകളി’ൽ വിവരിക്കുന്നുണ്ട്.

ഇമ്മിണി ബല്യ സന്ധ്യകൾ

ബഷീറും ചങ്ങമ്പുഴയും ചേർന്നപ്പോൾ സന്ധ്യകൾ സ്നേഹസുരഭിലമായി. പലപ്പോഴും മുണ്ടശ്ശേരിയും ഒപ്പം കൂടി. തേക്കിൻകാടും പരിസരങ്ങളുമായിരുന്നു പ്രധാന കേന്ദ്രം. ഒരിക്കൽ പടിഞ്ഞാറെ നടക്കാവിലിരുന്നു വർത്തമാനം പറയുമ്പോൾ ബഷീറിന്റെ ശ്വാസം നിലച്ചതുപോലെ! ഹൃദയത്തിൽ ഒരു പിടിത്തം. വായ് പൊളിച്ചു കണ്ണുകൾ മിഴിച്ചു. ചങ്ങമ്പുഴ ഭയചകിതനായി. ‘എന്തുപറ്റിയെടോ? എന്തുപറ്റി? ചങ്ങമ്പുഴ ചോദിച്ചു. ‘സാരമില്ല, എന്തോ പിശകുപോലെ’ എന്നായിരുന്നു ബഷീറിന്റെ മറുപടി. ആ സമയം അങ്ങു തലയോലപ്പറമ്പിൽ ബഷീറിന്റെ ബാപ്പ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഇരുവരും അതറിഞ്ഞതു പിറ്റേന്നാണ്. സൗഹൃദത്തിന്റെ തൃശൂർ കാലത്തെക്കുറിച്ച് ബഷീർ എഴുതി: ‘ഒരോണത്തിന് മുണ്ടശ്ശേരിയും ചങ്ങമ്പുഴയും ഞാനും അഞ്ചാംതമ്പുരാന്റെ കൊട്ടാരത്തിൽ ഉണ്ണാൻ പോയി. ഒരു ക്ര‍ിസ്ത്യാനിയും ഒരു നായരും ഒരു മുസൽമാനും ആദ്യമായാണു കൊട്ടാരത്തിൽ കയറി ഇരുന്നുണ്ണുന്നത്’.

കാനാട്ടുകരയിലെ കവി

തൃശൂരിലെ മംഗളോദയം പ്രസാണ് അന്നു ‘രമണൻ’ പ്രസിദ്ധീകരിച്ചിരുന്നത്. അതു വലിയ തരംഗമായതോടെ ചങ്ങമ്പുഴയുടെ സാമ്പത്തികപ്രശ്നങ്ങളും ഒഴിഞ്ഞു. മംഗളോദയം മാസികയുടെ പത്രാധിപസമിതിയിൽ ചേരാൻ കവിയെ ക്ഷണിച്ചത് ഉടമയായ ദേശമംഗലം മനയിലെ വാസുദേവൻ നമ്പൂതിരിപ്പാടായിരുന്നു. മുണ്ടശ്ശേരിയുടെ മേൽനോട്ടത്തിലാണു മാസിക നടന്നിരുന്നത്. ചങ്ങമ്പുഴ ഒപ്പം വേണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. തൃശൂരിലെത്തിയ ചങ്ങമ്പുഴയെ ഇവിടെ സ്ഥിരമായി താമസിക്കാൻ എല്ലാവരും നിർബന്ധിച്ചു. കാനാട്ടുകരയിൽ നാലേക്കർ പറമ്പും വീടും അവർ കണ്ടുവച്ചു. തൃപ്പൂണിത്തുറ കോവിലകത്തെ കൊച്ചനിയൻ (രാമവർമ) തമ്പുരാന്റേതായിരുന്നു അത്. ആദ്യം വാടകയ്ക്കായിരുന്നു താമസം.

ഇഷ്ടമായതോടെ 6000 രൂപ കൊടുത്ത് അതു വാങ്ങി. വീടിനു മകളുടെ പേരിട്ടു: അജിതാലയം. അവിടെ താമസിക്കുന്നതിനിടെ അദ്ദേഹം ഒട്ടേറെ കവിതകളെഴുതി. ക്ഷയം രൂക്ഷമായ കാലം കൂടിയായിരുന്നു അത്. പാടുന്ന പിശാച്, മനസ്വിനി, സ്വരരാഗസുധ  തുടങ്ങിയ രചനകൾ പൂർത്തിയാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തതു കാനാട്ട‍ുകരയിൽ താമസിക്കുമ്പോഴാണ്. ചങ്ങമ്പുഴയെഴുതിയ ജ്യോതിഷ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പിന്നീടു കണ്ടെടുത്തതു തൃശൂരിലെ സരസ്വതീവിലാസം പ്രസിൽ നിന്നാണ്.

കവിയുടെ പത്രാസ്

പെരുന്ന കെ.എൻ.നായർ ‘ചങ്ങമ്പുഴ സ്മരണകൾ’ എന്ന പുസ്തകത്തിൽ തൃശൂർ കാലത്തെ കവിയെക്കുറിച്ചു പറയുന്നുണ്ട്: ‘ചങ്ങമ്പുഴയുടെ വേഷഭൂഷകളിൽ അപ്പോഴേക്കും പരിഷ്കാരം വന്നിരുന്നു. അലക്കിത്തേച്ച സിൽക്ക് ഷർട്ടും മുണ്ടും, തേച്ചു മടക്കിയ വേഷ്ടി, സ്വർണക്കണ്ണട, വിരലുകളിൽ മോതിരം, നടുക്ക് ഇരുവശത്തേക്കും വകഞ്ഞുവച്ച തലമുടി, നേരിയ മീശ ഇതൊക്കെയാണ് ഓർമയിൽ വരുന്ന അന്നത്തെ രൂപം’. സൈക്കിളിലായിരുന്നു തൃശൂരിലെ സഞ്ചാരം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള യാത്രയും സൈക്കിളിൽ തന്നെ.

കടവും സങ്കടവും

മംഗളോദയം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ തിരഞ്ഞെടുത്തിരുന്നതു ചങ്ങമ്പുഴയായിരുന്നു. അദ്ദേഹത്തിന്റ മദ്യപാനശീലം മുതലെടുത്തു ചിലർ സ്വന്തം പുസ്തകങ്ങൾ വളഞ്ഞ വഴിയിൽ പ്രസിദ്ധീകരിച്ചു, ഇതു വിറ്റഴിയാതെ കെട്ടിക്കിടന്നു. മംഗളോദയത്തിൽ കവിയോട് അനിഷ്ടമായി. ഒടുവിൽ വീടും പുരയിടവും ഏഴായിരം രൂപയ്ക്കു വിറ്റ് 1946 പകുതിയോടെ ഇടപ്പള്ളിയിലേക്കു പോയി. കടം മാത്രമല്ല, കവി തൃശൂർ വിടാൻ കാരണം. കാനാട്ടുകരയിൽ താമസിക്കുമ്പോൾ ജനിച്ച മകൻ മരിച്ചത് അദ്ദേഹത്തെ അടിമുടി ഉലച്ചിരുന്നു. ഗീതാഗോവിന്ദം തർജമ ചെയ്യുന്ന കാലത്തുണ്ടായ മകന് അദ്ദേഹം ജയദേവനെന്നാണു പേരിട്ടത്. ചങ്ങമ്പുഴ താമസിച്ചിരുന്ന സ്ഥലത്തിന് ഇന്നു ചങ്ങമ്പുഴ നഗറെന്നാണു പേര്. പഴയ വീട് കാലപ്പഴക്കത്താൽ എന്നോ പൊളിച്ചുമാറ്റി.

കവിയരങ്ങൊഴിയുന്നു

തൃശൂരിൽ നിന്ന് 1946 ജനുവരിയിൽ ഇടപ്പള്ളിയിൽ മടങ്ങിയെത്തിയ കവി മദ്യത്തിൽ മുഴുകി. ക്ഷയം പിടിമുറുക്കിയിരുന്നു. ചങ്ങമ്പുഴയെ ചികിത്സിക്കാനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകാൻ സുഹൃത്തുക്കൾ ഉത്സാഹിച്ചു. ആ യാത്ര മുഴുമിക്കാൻ അദ്ദേഹത്തിനാകുമോയെന്നു സംശയമുണ്ടായി. അത്ര ദുർബലനായിക്കഴിഞ്ഞിരുന്നു. ഒടുവിൽ തൃശൂരിലെ മംഗളോദയം നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു. ക്ഷയരോഗം മൂലമുള്ള കടുത്ത ചുമ, ഒപ്പം ഇടവിട്ടുള്ള കനത്ത പനിയും. 1948 ജൂൺ 17 വ്യാഴാഴ്ച. കവിയുടെ സ്ഥിതി ഓരോ നിമിഷവും കൂടുതൽ മോശമാകാൻ തുടങ്ങി. ശ്വാസമെടുക്കുന്നതു പതുക്കെയായി. വൈകിട്ടു നാലുമണിയോടടുത്ത സമയത്ത് അദ്ദേഹം ഓർമയായി.  ചങ്ങമ്പുഴയുടെ അമ്മ മകൻ കിടക്കുന്ന ആശുപത്രി എവിടെയെന്നറിയാതെ തൃശൂർ നഗരത്തിൽ അലയുകയായിരുന്നു ആ ദിനം. ഒപ്പം ചങ്ങമ്പുഴയുടെ മകൻ ആറുവയസ്സുകാരൻ ശ്രീകുമാറുമുണ്ടായിരുന്നു. ‘കൊച്ചുകുട്ടനെക്കിടത്തിയ ആശുപത്രി’യാണ് അമ്മ തേടിയത്. ‘മഹാകവി ചങ്ങമ്പുഴ’ എന്നു പറഞ്ഞിരുന്നെങ്കിൽ ഏതു റിക്ഷാക്കാരനും അവിടെയെത്തിക്കുമായിരുന്നു.

ഒടുവിൽ മംഗളോദയം നഴ്സിങ് ഹോമിലേക്ക് അവർ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.മംഗളോദയം നഴ്സിങ് ഹോമിലെ കാഴ്ച ഉറൂബ് എഴുതിയിട്ടുണ്ട്: ‘ഞാൻ മുറിയിലേക്കു കടന്നു. അവിടെ അദ്ദേഹം നീണ്ടുനിവർന്ന് അന്ത്യവിശ്രമം കൊള്ളുകയായിരുന്നു. യാത്ര പുറപ്പെട്ട രീതിയിലാണ് കിടപ്പ്. തലയിൽ അപ്പോഴും ആ മഫ്ലർ അഴിയാതെ നിൽക്കുന്നു. ഒന്നുരണ്ടു പല്ലുകളുടെ തലപ്പു വെളിയിൽ കാണാം. ഒരു പുഞ്ചിരിയാണെന്നേ തോന്നൂ. മരിച്ചുകിടക്കുകയാണെന്നു പറയാൻ മനസ്സു സമ്മതിച്ചില്ല. ഓ, അദ്ദേഹം ഉറങ്ങുകയാണ്. നീണ്ടുനീണ്ടു പോകുന്ന ഉറക്കം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com