ADVERTISEMENT

ചാലക്കുടി ∙ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷവും ആധുനിക മത്സ്യ മാർക്കറ്റ് യാഥാർഥ്യമായില്ല. കിഫ്ബി പദ്ധതി പ്രകാരം 2021ൽ 3.5 കോടി രൂപ  അനുവദിച്ചു സാങ്കേതിക, ഭരണ അനുമതികൾ  ലഭ്യമായെങ്കിലും തുടർ നടപടികൾ നീണ്ടു പോകുകയായിരുന്നു. നിർമാണത്തിനുദ്ദേശിക്കുന്ന സ്ഥലത്ത് നഗരസഭ താൽക്കാലികമായി അനുവദിച്ച വിപണന സ്റ്റാളുകൾ പ്രവർത്തിക്കുന്നതാണുതടസ്സം. ഇവ മാറ്റുന്നതിനു നടപടിയെടുക്കാൻ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ബദൽ സംവിധാനം ഒരുക്കാനാകാത്തതിനാൽ നടപടികൾ വൈകുകയായിരുന്നു.

7 വർഷം മുൻപു തന്നെ പദ്ധതി സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചിരുന്നെങ്കിലും കിഫ്ബിയിൽ ഉൾപെടുത്തി തുക അനുവദിച്ചത് 2 വർഷം മുൻപാണ്. 2022ൽ ടെൻഡറായി. 10150 ചതുരശ്ര അടിയാണു വിസ്തീർണം. സ്റ്റേഡിയത്തിന്റെ രൂപത്തിൽ വൃത്താകൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ നാലു ഭാഗത്തു നിന്നും പ്രവേശന മാർഗമുണ്ടാകും. ഓഫിസ് മുറി, 28 മത്സ്യ സ്റ്റാളുകൾ, 20 റീട്ടെയിൽ കടകൾ, 4 കശാപ്പ് ശാലകൾ, കോൾഡ് സ്റ്റോറേജ് റൂം, വെയ്റ്റിങ് ഏരിയ, ശുചിമുറി സൗകര്യം ഉൾപ്പടെ  സൗകര്യങ്ങളാണു പദ്ധതിയിൽ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്.കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണു നിർമാണ ചുമതല. 

തടസ്സമായുള്ള സ്റ്റാളുകൾ പൊളിച്ചു മാറ്റുമ്പോൾ ഇവരെ പുനരധിവസിപ്പിക്കുന്നതിനു പഴയ ബിവറേജസ് കോർപ്പറേഷൻ സ്റ്റാളുകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തു സൗകര്യമൊരുക്കാനാണു നഗരസഭ ആലോചിക്കുന്നത്. വ്യാപാരി സംഘടന പ്രതിനിധികളും വ്യാപാരികളും നഗരസഭാധികൃതരും എംഎൽഎയും അടക്കമുള്ളവർ പങ്കെടുത്ത ചർച്ചകൾ നടന്നെങ്കിലും അന്തിമധാരണയായില്ല. ആധുനിക മത്സ്യ മാർക്കറ്റ് കെട്ടിട സമുച്ചയം നിർമിക്കുമ്പോൾ അതിൽ ഇവർക്ക് സൗകര്യമൊരുക്കാമെന്നും നഗരസഭ അറിയിച്ചു. 

മത്സ്യ ഫെഡ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസവും നഗരസഭയിലെത്തി ചർച്ച നടത്തിയിരുന്നു. തടസ്സങ്ങൾ ഉടൻ നീക്കിയാൽ 2 മാസത്തിനകം നിർമാണം ആരംഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com