ADVERTISEMENT

തൃശൂർ∙പ്രളയത്തിൽ തകർന്ന റോ‍ഡുകളുടെയും ചെറു പാലങ്ങളുടെയും പുനർനിർമാണം ലക്ഷ്യമിട്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 218 കോടി രൂപ ചെലവഴിച്ചു നടത്തുന്ന തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയുടെ (എസ്എച്ച് 69) വികസനം പാതിവഴിയിൽ. ജില്ലയിൽ തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ട് മുതൽ (പാറമേക്കാവ് ജംക്‌ഷൻ) ജില്ലാ അതിർത്തിയായ കല്ലുംപുറം വരെയുള്ള 33.23 കിലോമീറ്ററാണു നവീകരിക്കുന്നത്. റോഡിന്റെ രണ്ടറ്റത്തു നിന്നു 2 വർഷം മുൻപു വികസന ജോലികൾ തുടങ്ങിയെങ്കിലും എല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ചു തുടങ്ങിയ നവീകരണം പകുതി പോലും പിന്നിട്ടിട്ടില്ല. മഴക്കാലമായതോടെ പ്രതിസന്ധികൾ ഇരട്ടിയായി.

പെരുമ്പിലാവ് സെന്ററിന് സമീപം പാതിവഴിയിൽ നിലച്ച കലുങ്ക് നിർമാണം.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിന്റെ (കെഎസ്ടിപി) മേൽനോട്ടത്തിലാണു റോഡ് നവീകരണം. ഈ വർഷം സെപ്റ്റംബറിൽ കരാർ കാലാവധി പൂർത്തിയാകും. പലയിടത്തും കാന നിർമാണം നടക്കുന്നുണ്ടെങ്കിലും റോഡ് വികസനം എന്നു തീരുമെന്നതിൽ കെഎസ്ടിപി അധികൃതർക്കും വ്യക്തതയില്ല. റോഡ് വികസനം മന്ദഗതിയിലായതോടെ പുഴയ്ക്കൽ മുതൽ മുതുവറ വരെയും കുന്നംകുളം മുതൽ പെരുമ്പിലാവ് വരെയുമുള്ള ഗതാഗതം ദുരിതമായി. ഈ പാതയിൽ നേരത്തെ രൂപപ്പെട്ട കുഴികൾ കനത്ത മഴയിൽ വലുതാകുകയും റോഡരികുകൾ അപകടാവസ്ഥയിൽ ആകുകയും ചെയ്തു. റോഡിന്റെ ശോച്യാവസ്ഥയിൽ യാത്രക്കാർ പ്രതിഷേധം ഉയർത്തിയതോടെ കെഎസ്ടിപി കുഴികൾ അടയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. പണികൾ തടസ്സപ്പെടാൻ 3 കാരണങ്ങളാണു കെഎസ്ടിപി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

1. കരാർ കമ്പനിക്കു ബില്ലുകൾ മാറി പണം കിട്ടാൻ വൈകുന്നതും നിർമാണ സാമഗ്രികൾക്കുള്ള ക്ഷാമവും
2. രണ്ടിടത്ത് ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ മാറ്റാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തത്
3. പുഴയ്ക്കലിൽ 800 മീറ്റർ ഭാഗത്ത് വിവിധ വ്യാപാര സ്ഥാപനങ്ങൾ കോടതിയിൽ നിന്നു നേടിയ സ്റ്റേ ഉത്തരവ്

പൈപ്പിട്ടാൽ  ഉടൻ പൊളിക്കും!

രണ്ടിടത്ത് ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ മാറ്റാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതാണു പണി നിലയ്ക്കാൻ പ്രധാന കാരണമായി കെഎസ്ടിപി പറയുന്നത്. പെരുമ്പിലാവ് മുതൽ കുന്നംകുളം വരെയുള്ള റോഡിന്റെ അടിയിലൂടെ പോകുന്ന പൈപ്പുകൾക്ക് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ പൈപ്പുകൾ മാറ്റാതെ നിർമാണം നടത്തിയാൽ പൈപ്പ് തകർന്നു ചോർച്ചയുണ്ടാകുമെന്നും തുടർന്നു റോഡ് പൊളിക്കാൻ ഇടവരുമെന്നും ജലഅതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെ താൽക്കാലികമായി പണികൾ നിർത്തിവച്ചു. പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ 17 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇത്രയും തുക അനുവദിക്കാൻ ജലഅതോറിറ്റി തയാറല്ല. കെഎസ്ടിപി തന്നെ തുക കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാർ നടപടികൾ പൂർത്തിയായതിനാൽ അതും നടപ്പായില്ല. പാറേമ്പാടത്തും റോഡിനടിയിലൂടെയാണു പൈപ്പുകൾ പോകുന്നത്. റോഡ് നവീകരിക്കും മുൻപ് ഈ പൈപ്പുകളും മാറ്റേണ്ടതുണ്ട്. ഇതിനുള്ള നടപടികളും തുടങ്ങിയിട്ടില്ല.

കമ്പനിയുടെ ബില്ലും സ്റ്റേയും !

റോഡിന്റെ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള മുംബൈ ആസ്ഥാനമായ കമ്പനിക്കു ബില്ലുകൾ മാറി പണം കിട്ടാൻ വൈകുന്നതും ജോലികൾ നീണ്ടുപോകാൻ കാരണമായി അധികൃതർ പറയുന്നു. ഇതോടൊപ്പം നിർമാണ സാമഗ്രികൾക്കുള്ള ക്ഷാമവും തിരിച്ചടിയായി. പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെയുള്ള ഭാഗത്തെ വിവിധ വ്യാപാരസ്ഥാപനങ്ങൾ കോടതിയിൽ നിന്നു നേടിയ സ്റ്റേ ഉത്തരവും നിർമാണത്തിന്റെ വേഗം കുറച്ചു. ഈ ഭാഗത്ത് 800 മീറ്ററിൽ മാത്രമാണു സ്റ്റേ. ബാക്കി നിർമാണത്തിനു തടസ്സമില്ല.

ഇതുവരെ റോഡ് ഇത്രമാത്രം

ഗതാഗത തിരക്കേറിയ പുഴയ്ക്കൽ മുതൽ കൈപ്പറമ്പ് വരെയുള്ള ഭാഗത്തെ പത്തോളം കലുങ്കുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ റോഡിന്റെ നിർമാണം മന്ദഗതിയിലാണ്. പുഴയ്ക്കലിൽ ഒരു വരിയിലൂടെയാണു ഗതാഗതം. മുണ്ടൂർ മുതൽ പേരാമംഗലം മനപ്പടി വരെയുള്ള ഏകദേശം 2 കിലോമീറ്റർ കോൺക്രീറ്റ് റോഡ് പൂർത്തിയായി. ബാക്കി നിർമാണം തടസ്സപ്പെട്ടതോടെ മുണ്ടൂർ സെന്ററിൽ കോൺക്രീറ്റ് മിക്സിങ് യന്ത്രവും മറ്റു യന്ത്രസാമഗ്രികളും വിശ്രമത്തിലാണ്. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയാണിവ കിടക്കുന്നത്. പെരുമ്പിലാവ് മുതൽ കല്ലുംപുറം വരെ ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കിയ ശേഷം നിർത്തിയ പണികൾ പിന്നീടു തുടങ്ങിയിട്ടില്ല.

പാറേമ്പാടത്ത്  കലുങ്ക് ഭീഷണി

പോർക്കുളം ∙ റോഡ് വികസനത്തിന്റെ ഭാഗമായി കുന്നംകുളം മുതൽ അക്കിക്കാവ് വരെ 5 കലുങ്കുകളാണു പണിതത്. എന്നാൽ റോഡ് നിരപ്പിലും 2 അടിയോളം ഉയരത്തിൽ പണിത 2 കലുങ്കുകൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നുണ്ട്. നിരപ്പായ റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കലുങ്കിന്റെ ഉയര വ്യത്യാസം അറിയാതെ അപകടത്തിൽപെടുന്നതു പതിവാണ്. നിരപ്പു വ്യത്യാസം കാണിക്കുന്ന സൂചനാ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. വലിയ വാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾ ഇടിച്ചാണു കൂടുതൽ അപകടവും. ഇതോടൊപ്പം പാറേമ്പാടത്ത് റോഡരികിലെ കാനനിർമാണവും പാതിവഴിയിൽ നിൽക്കുകയാണ്. കാന നിർമിച്ച ഭാഗങ്ങളിൽ സ്ലാബിടൽ പൂർത്തിയായിട്ടില്ല. പാറേമ്പാടം കുരിശുപള്ളിക്കു സമീപം കലുങ്കിനടിയിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. ഈ ഭാഗത്തു റോഡ് ഉയർന്നതോടെ മഴവെള്ളം ആദ്യം വീടുകളിലേക്കാണ് ഒഴുകിയിരുന്നത്. വീടുകളിലേക്കുള്ള വഴി ഉയർത്തിയാണു പലരും വെള്ളക്കെട്ട് ഒഴിവാക്കിയത്.

സ്റ്റേറ്റ് ഹൈവേ വികസനം ഇങ്ങനെ

റോഡ്: തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാത (സ്റ്റേറ്റ് ഹൈവേ 69)
തുക: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 218.44 കോടി രൂപ
ജില്ലയിൽ: 33.23 കിലോമീറ്റർ (സ്വരാജ് റൗണ്ട് മുതൽ കല്ലുംപുറം വരെ)
ഒറ്റനോട്ടത്തിൽ: ജംക്‌ഷനുകളുടെ വികസനം, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, 3 ചെറിയ പാലങ്ങൾ, 28 കലുങ്കുകൾ, ഓട നിർമാണം, സ്ഥിരം തകർച്ച ഉണ്ടാകുന്ന മേഖലകളിൽ കോൺക്രീറ്റ് റോഡ്, റോഡിന് ഇരുവശവും ഇന്റർലോക്ക് നടപ്പാത, റോഡ് സുരക്ഷാ ഉപകരണങ്ങൾ, മാർക്കിങ്ങുകൾ, സുരക്ഷാ ബോർഡുകൾ, ദിശാ സൂചനകൾ എന്നിവ സ്ഥാപിക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com